Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രവാസികളുടെ ഹൃദയം കവർന്ന് ഡോ. തങ്കച്ചനും ഡോ. സുമയും മടങ്ങുന്നു

text_fields
bookmark_border
പ്രവാസികളുടെ ഹൃദയം കവർന്ന് ഡോ. തങ്കച്ചനും ഡോ. സുമയും മടങ്ങുന്നു
cancel

സലാല: പത്ത് വർഷത്തിലേറെ നീണ്ട പ്രവാസജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന സുൽത്താൻ ഖാബൂസ് ആശുപത്രിയിലെ മുതിർന്ന ഡോക്ടർമാരായ തങ്കച്ചനും ഭാര്യ സുമക്കും സലാലയിലെ പ്രവാസി സമൂഹം യാത്രയയപ്പ് നൽകി.

പ്രവാസികളുടെ സ്നേഹവും ആദരവും ഏറ്റുവാങ്ങിയ ഇരുവർക്കും ലീഡേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിലാണ് യാത്രയയപ്പ് നൽകിയത്. ചടങ്ങിൽ കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനൻ അധ്യക്ഷനായി. ലീഡേഴ്സ് ഫോറത്തിന്റെ ഉപഹാരങ്ങളും കൈമാറി.

ഇന്റർവെൻഷനൽ കാർഡിയോളജിസ്റ്റും സീനിയർ കൺസൾട്ടന്റുമായ ഡോ. തങ്കച്ചനും റേഡിയോളജിസ്റ്റായ ഡോ. സുമയും 2016ലാണ് സലാലയിലെത്തിയത്. എറണാകുളം കാക്കനാട് സ്വദേശിയായ തങ്കച്ചനും ആലുവ കീഴ്മാട് സ്വദേശിയായ സുമയും വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിലെ മികച്ച ഔട്ട്ഗോയിങ് വിദ്യാർഥികളായിരുന്നു.

എറണാകുളത്തെ ലൂർദ്, ലേക്‌ഷോർ ആശുപത്രികളിൽ ഒമ്പത് വർഷത്തെ സേവനത്തിനുശേഷമാണ് ഇരുവരും സലാലയിലെത്തിയത്. ഡോ. തങ്കച്ചന്റെ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിയ അബ്ദുല്ലക്കുട്ടി തന്റെ കാത്ത് ലാബ് അനുഭവം പങ്കുവെച്ചത് ചടങ്ങിൽ ഹൃദയസ്പർശിയായി.

ഏൽപിച്ച ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിർവഹിക്കാനാണ് ശ്രമിച്ചതെന്നും സാധാരണ കുടുംബങ്ങളിൽനിന്ന് വരുന്ന തങ്ങൾക്ക് ലഭിച്ച യാത്രയയപ്പ് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ അനുഭവമാണെന്നും ഡോക്ടർ ദമ്പതികൾ പറഞ്ഞു. ലോകോത്തര നിലവാരത്തിലുള്ള നൂതന ചികിത്സാസംവിധാനങ്ങളും മികച്ച ഡോക്ടർമാരുടെ പാനലും സുൽത്താൻ ഖാബൂസ് ആശുപത്രിയുടെ പ്രത്യേകതയാണെന്നും ഡോ. തങ്കച്ചൻ പറഞ്ഞു.

മക്കളായ രോഹിത് അമേരിക്കയിൽ ഗൂഗ്ളിന്റെ ജെമിനിയിലും രോഹൻ ഹൈദരാബാദിൽ മൈക്രോസോഫ്റ്റിലും ജോലി ചെയ്യുന്നു. നവംബർ നാലിന് ഇരുവരും സലാലയിൽനിന്ന് കൊച്ചിയിലേക്ക് മടങ്ങും.ലീഡേഴ്സ് ഫോറം അഡ്മിൻമാരായ റസൽ മുഹമ്മദ്, ഒ. അബ്ദുൽ ഗഫൂർ, ഡോ. അബൂബക്കർ സിദ്ദീഖ്, സി.വി. സുദർശനൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Winning hearts of expats, Dr. Thankachan and Dr. Suma return
Next Story