പ്രവാസികളുടെ ഹൃദയം കവർന്ന് ഡോ. തങ്കച്ചനും ഡോ. സുമയും മടങ്ങുന്നു
text_fieldsസലാല: പത്ത് വർഷത്തിലേറെ നീണ്ട പ്രവാസജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന സുൽത്താൻ ഖാബൂസ് ആശുപത്രിയിലെ മുതിർന്ന ഡോക്ടർമാരായ ഡോ. തങ്കച്ചനും ഭാര്യ ഡോ. സുമക്കും സലാലയിലെ പ്രവാസി സമൂഹം യാത്രയയപ്പ് നൽകി. സംഘടനകളുടെ പൊതുവേദിയായ ലീഡേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ആർട്ട് ഓഫ് സ്പൈസ് റെസ്റ്റാറന്റിലായിരുന്നു യാത്രയയപ്പ് ഒരുക്കിയത്. കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനൻ അധ്യക്ഷത വഹിച്ചു. ലീഡേഴ്സ് ഫോറത്തിന്റെ ഉപഹാരം ഇരുവർക്കും കൈമാറി.
ഇന്റർവെൻഷനൽ കാർഡിയോളജിസ്റ്റും സീനിയർ കൺസൾട്ടന്റുമായ ഡോ. തങ്കച്ചനും റേഡിയോളജിസ്റ്റായ ഡോ. സുമയും 2016ലാണ് സലാലയിലെത്തിയത്. എറണാകുളം കാക്കനാട് സ്വദേശിയായ ഡോ. തങ്കച്ചനും ആലുവ കീഴ്മാട് സ്വദേശിയായ ഡോ. സുമയും വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിലെ മികച്ച ഔട്ട്ഗോയിങ് വിദ്യാർഥികളായിരുന്നു.
എറണാകുളത്തെ ലൂർദ്, ലേക്‌ഷോർ ആശുപത്രികളിൽ ഒമ്പത് വർഷത്തെ സേവനത്തിനുശേഷമാണ് ഇരുവരും സലാലയിലെത്തിയത്. ഡോ. തങ്കച്ചന്റെ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിയ അബ്ദുല്ലക്കുട്ടി തന്റെ കാത്ത് ലാബ് അനുഭവം പങ്കുവെച്ചത് ചടങ്ങിൽ ഹൃദയസ്പർശിയായി.
ഏൽപിച്ച ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിർവഹിക്കാനാണ് ശ്രമിച്ചതെന്നും സാധാരണ കുടുംബങ്ങളിൽനിന്ന് വരുന്ന തങ്ങൾക്ക് ലഭിച്ച യാത്രയയപ്പ് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ അനുഭവമാണെന്നും ഡോക്ടർ ദമ്പതികൾ പറഞ്ഞു. ലോകോത്തര നിലവാരത്തിലുള്ള ചികിത്സാസംവിധാനങ്ങളും മികച്ച ഡോക്ടർമാരുടെ പാനലും സുൽത്താൻ ഖാബൂസ് ആശുപത്രിയുടെ പ്രത്യേകതയാണെന്നും ഡോ. തങ്കച്ചൻ പറഞ്ഞു.
മക്കളായ രോഹിത് അമേരിക്കയിൽ ഗൂഗിളിന്റെ ജെമിനിയിലും രോഹൻ ഹൈദരാബാദിൽ മൈക്രോസോഫ്റ്റിലും ജോലി ചെയ്യുന്നു. നവംബർ നാലിന് ഇരുവരും സലാലയിൽനിന്ന് കൊച്ചിയിലേക്ക് മടങ്ങും.ലീഡേഴ്സ് ഫോറം അഡ്മിൻമാരായ റസൽ മുഹമ്മദ്, ഒ. അബ്ദുൽ ഗഫൂർ, ഡോ. അബൂബക്കർ സിദ്ദീഖ്, സി.വി. സുദർശനൻ എന്നിവർ ചടങിന് നേതൃത്വം നൽകി.

