Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നോർക്ക കെയർ ഇൻഷുറൻസ് പുതുക്കൽ; പ്രായാടിസ്ഥാനത്തിലുള്ള പ്രീമിയം വർധന പിൻവലിക്കണമെന്ന് പ്രവാസി ഇന്ത്യ യു.എ.ഇ

text_fields
bookmark_border
നോർക്ക കെയർ ഇൻഷുറൻസ് പുതുക്കൽ; പ്രായാടിസ്ഥാനത്തിലുള്ള പ്രീമിയം വർധന പിൻവലിക്കണമെന്ന് പ്രവാസി ഇന്ത്യ യു.എ.ഇ
cancel

ദുബൈ: പ്രവാസികളുടെയും കുടുംബങ്ങളുടെയും ചികിത്സാസുരക്ഷ ലക്ഷ്യമിട്ട് ആരംഭിച്ച നോർക്ക കെയർ ഇൻഷുറൻസിന്റെ പുതുക്കലിന് ഏർപ്പെടുത്തിയ പ്രായാടിസ്ഥാനത്തിലുള്ള പ്രീമിയം വർധന ഉടൻ പിൻവലിക്കണമെന്ന് പ്രവാസി ഇന്ത്യ യു.എ.ഇ ആവശ്യപ്പെട്ടു. 18 മുതൽ 70 വയസ്സ് വരെയുള്ളവർക്ക് പ്രായഭേദമന്യേ ഒരേ പ്രീമിയം എന്നതായിരുന്നു പദ്ധതിയുടെ സവിശേഷത. അഞ്ച് ലക്ഷം രൂപയുടെ കുടുംബ പരിരക്ഷക്ക് കഴിഞ്ഞ വർഷം 13,411 രൂപയായിരുന്ന പ്രീമിയം, പുതിയ നിരക്കുപ്രകാരം 51-60 വയസ്സുകാർക്ക് 35,664 രൂപയും 61-70 വയസ്സുകാർക്ക് 44,718 രൂപയുമാണ്; പഴയ നിരക്കിന്റെ രണ്ടര മുതൽ മൂന്നിരട്ടിയിലധികം വരെ.

അഞ്ച് ലക്ഷം രൂപയുടെ പരിരക്ഷക്കാണ് ഈ വർധന. 2026-27 വർഷത്തെ പോളിസി വ്യവസ്ഥകളിലും മുറിവാടക പ്രതിദിനം 5,000 രൂപയായും ഐ.സി.യു നിരക്ക് 10,000 രൂപയായും പരിമിതമാണ്; ഉയർന്ന മുറി തെരഞ്ഞെടുത്താൽ മുഴുവൻ ബില്ലിനും ആനുപാതിക കിഴിവ് ബാധകമാണ്. ചികിത്സാപരിരക്ഷ ഇന്ത്യയിൽ മാത്രമാണ്; വിദേശത്തെ ചികിത്സ ഉൾപ്പെടുന്നില്ല. ഇത്തരം പരിമിതികൾ നിലനിൽക്കെ പ്രീമിയം ഇരട്ടിയിലധികമാക്കുന്നത് ന്യായീകരിക്കാനാവില്ല. പദ്ധതി ആരംഭിച്ച് ഒരു വർഷത്തിനകം 300 കോടി രൂപയുടെ ക്ലെയിമുകൾ തീർപ്പാക്കിയെന്ന് നോർക്ക തന്നെ വ്യക്തമാക്കുന്നു. പ്രവാസികൾക്ക് ഈ പദ്ധതി എത്രമാത്രം അനിവാര്യമാണെന്നതിന്റെ തെളിവാണിത്. ആ ബാധ്യത അംഗങ്ങളുടെ മേൽ കെട്ടിവെക്കുകയല്ല, സർക്കാർ വിഹിതം ഉറപ്പാക്കി പ്രീമിയം താങ്ങാവുന്നതാക്കുകയാണ് ഒരു ക്ഷേമപദ്ധതിയിൽ വേണ്ടത്.

കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് പ്രവാസികൾക്ക് ഇത് ഇരുട്ടടിയാണ്. ഇൻഷുറൻസ് പരിരക്ഷ ഏറ്റവും ആവശ്യമുള്ളത് 50 വയസ്സിന് മുകളിലുള്ളവർക്കാണ്; ആ പ്രായത്തിൽ തന്നെ ഉയർന്ന പ്രീമിയം ഈടാക്കുന്നത് മുതിർന്ന പ്രവാസികളെ പദ്ധതിയിൽനിന്ന് പുറത്താക്കും. സർക്കാർ പദ്ധതിയെ വിശ്വസിച്ച് സ്വകാര്യ ഇൻഷുറൻസ് ഉപേക്ഷിച്ചവരിൽ പലർക്കും പ്രായക്കൂടുതൽ കാരണം പഴയ വ്യവസ്ഥകളിൽ അവയിലേക്ക് മടങ്ങാനും കഴിയില്ല. സംഘടനകളുടെ വാക്ക് വിശ്വസിച്ച് ചേർന്നവർക്ക് തൃപ്തികരമായ വിശദീകരണം നൽകാൻ പോലും കഴിയാത്ത സ്ഥിതിയാണ്. ഈ അനീതി അംഗീകരിക്കാനാവില്ല. പ്രവാസികളുടെ ആരോഗ്യസുരക്ഷ ലാഭത്തേക്കാൾ പ്രധാനമാണെന്ന് സർക്കാർ തിരിച്ചറിയണമെന്നും ഈ വിഷയത്തിൽ മുഴുവൻ പ്രവാസി സംഘടനകളും ഒറ്റക്കെട്ടായി ശബ്ദമുയർത്തണമെന്നും പ്രവാസി ഇന്ത്യ യു.എ.ഇ പ്രസിഡന്റ് അബ്ദുൽ ഹസീബ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

അടിയന്തരമായി പരിഗണിക്കണം

1. പ്രായാടിസ്ഥാനത്തിലുള്ള പ്രീമിയം വർധന പിൻവലിച്ച്, നിലവിലെ അംഗങ്ങൾക്ക് കഴിഞ്ഞ വർഷത്തെ നിരക്കിൽ പോളിസി പുതുക്കാൻ അവസരം നൽകുക

2. മുതിർന്നവർക്കും കുറഞ്ഞ വരുമാനക്കാരായ പ്രവാസികൾക്കും സർക്കാർ വിഹിതത്തോടെ താങ്ങാവുന്ന പ്രീമിയം ഉറപ്പാക്കുക

3. ഒക്ടോബർ 31ന് കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ പുതുക്കലിന് ന്യായമായ അധിക സമയം (ഗ്രേസ് പീരിയഡ്) അനുവദിക്കുക; ഇക്കാലയളവിൽ ചികിത്സാപരിരക്ഷ മുടങ്ങില്ലെന്ന് നോർക്ക റൂട്ട്സും ഇൻഷുറൻസ് കമ്പനിയും രേഖാമൂലം ഉറപ്പ് നൽകുക.

4. പ്രീമിയം വർധനയുടെ അടിസ്ഥാനം വ്യക്തമാക്കുകയും, ഭാവിയിൽ ഇത്തരം മാറ്റങ്ങൾക്ക് മുമ്പ് പ്രവാസി സംഘടനകളുമായി ചർച്ച നടത്തുകയും ചെയ്യുക.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - NORKA Care Insurance Renewal: Pravasi India UAE Demands Withdrawal of Age-Based Premium Hike
Next Story