കല കുവൈത്ത് മെഗാ സാംസ്കാരിക മേള വെള്ളിയാഴ്ച; എം.ബി.രാജേഷ് മുഖ്യാതിഥി
text_fieldsകുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ -കല കുവൈത്ത് മെഗാ സാംസ്കാരിക മേള നവംബർ ആറിന് അബ്ബാസിയ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ‘അർഫജ്- 2026’ എന്ന പേരിൽ നടക്കുന്ന പരിപാടിയിൽ കേരള നിയമസഭാ മുൻ സ്പീക്കറും മന്ത്രിയുമായിരുന്ന എം.ബി.രാജേഷ് മുഖ്യാതിഥിയായി പങ്കെടുക്കും.
വൈകുന്നേരം മൂന്നിന് സാംസ്കാരിക സമ്മേളനത്തോടെ ആരംഭിക്കുന്ന പരിപാടിയിൽ കുവൈത്തിലെ വിവിധ രംഗത്തുള്ളവരും പങ്കെടുക്കുമെന്ന് കല ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
കല കുവൈത്തിന്റെ 48-ാം പ്രവർത്തനവർഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന അർഫജ് -2026, പ്രവാസി മലയാളികളുടെ കലാ-സാംസ്കാരിക കൂട്ടായ്മയുടെ വേദിയായിരിക്കും.
കല കുവൈത്തിന്റെ നാല് മേഖലകളിൽ നിന്നുള്ള കലാകാരന്മാർ അവതരിപ്പിക്കുന്ന നൃത്തസന്ധ്യ, പ്രശസ്ത ഗായകൻ സൂരജ് സന്തോഷിന്റെ നേതൃത്വത്തിലുള്ള ബാൻഡും നേഹ വേണുഗോപാലും ചേർന്നൊരുക്കുന്ന ലൈവ് മ്യൂസിക് ഷോ എന്നിവ പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
കല കുവൈത്തിന്റെ മുഖമാസികയായ ‘കൈത്തിരി’യുടെ രണ്ടാം പതിപ്പ്, സുവനീർ പ്രകാശനം ചടങ്ങിൽ എം.ബി. രാജേഷ് നിർവഹിക്കും.
അബ്ബാസിയ റോയൽ ബേക്ക് റെസ്റ്റോറന്റ് ഹാളിൽ നടന്ന വാർത്തസമ്മേളനത്തിൽ കല പ്രസിഡന്റ് അൻസാരി കടക്കൽ, ജനറൽ സെക്രട്ടറി ജിതിൻ പ്രകാശ്, അർഫജ് -2026 ജനറൽ കൺവീനർ സി.കെ.നൗഷാദ്, ട്രഷറർ പി.ബി.സുരേഷ്, മീഡിയ വിഭാഗം സെക്രട്ടറി തസ്നീം മന്നിയിൽ എന്നിവർ പങ്കെടുത്തു.

