സ്തനാർബുദ ബോധവൽക്കരണവും സൗജന്യ പരിശോധനയുമായി ഇന്ത്യൻ ലേഡീസ് അസോസിയേഷൻ
text_fieldsഇന്ത്യൻ ലേഡീസ് അസോസിയേഷൻ സംഘടിപ്പിച്ച സ്തനാർബുദ ബോധവൽക്കരണ പരിപാടിയിൽനിന്ന്
മനാമ: പിങ്ക് ഒക്ടോബർ (സ്തനാർബുദ ബോധവൽക്കരണ മാസം) ആചരണത്തിന്റെ ഭാഗമായി 120-ഓളം വനിതാ ഗാർഹിക തൊഴിലാളികൾക്കായി ഇന്ത്യൻ ലേഡീസ് അസോസിയേഷൻ (ഐ.എൽ.എ) സ്തനാർബുദ ബോധവൽക്കരണവും സൗജന്യ ആരോഗ്യ പരിശോധനയും സംഘടിപ്പിച്ചു. അൽ ഹിലാലുമായി സഹകരിച്ച് അസോസിയേഷൻ ആസ്ഥാനത്ത് വെച്ചാണ് പരിപാടി നടത്തിയത്.
സ്തനാർബുദത്തെക്കുറിച്ചുള്ള അവബോധം വളർത്തുക, രോഗം നേരത്തെ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുക, ക്രമമായ ആരോഗ്യ പരിശോധന പ്രോത്സാഹിപ്പിക്കുക എന്നിവയായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം.
പരിപാടിയുടെ ഭാഗമായി അൽ ഹിലാലിന്റെ നേതൃത്വത്തിൽ സൗജന്യ രക്തപരിശോധനയും പ്രാഥമിക പരിശോധനകളും നടത്തി. കൂടാതെ, സ്തനാർബുദ പരിശോധനകൾ കുറഞ്ഞ ചെലവിൽ ലഭ്യമാക്കുന്നതിനുള്ള പ്രത്യേക വൗച്ചറുകളും പങ്കെടുത്തവർക്ക് വിതരണം ചെയ്തു.
സമൂഹത്തിന്റെ താഴെത്തട്ടിൽ പ്രവർത്തിക്കുന്നതും ഇത്തരം സേവനങ്ങൾ ലഭിക്കാൻ പ്രയാസപ്പെടുന്നതുമായ വനിതാ ഗാർഹിക തൊഴിലാളികളിലേക്ക് കൃത്യമായ വിവരങ്ങളും സൗജന്യ പരിശോധനയും എത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഐ.എൽ.എ അധികൃതർ അറിയിച്ചു.

