പ്രതീക്ഷ ബഹ്റൈൻ ഹോപ്പ് ചാമ്പ്യൻസ് കപ്പ് സീസൺ വണ്‍; മറീന എഫ്.സിക്ക് വിജയം
text_fieldsമനാമ: പ്രതീക്ഷ ബഹ്റൈൻ കേരള ഫുട്ബോൾ അസോസിയേഷന്റെ മേൽനോട്ടത്തിൽ സംഘടിപ്പിച്ച പ്രഥമ ‘ഹോപ്പ് ചാമ്പ്യൻസ് കപ്പ് സീസൺ വണ്‍’ ഫ്രൊഫഷനല്‍ ഫുട്ബാൾ ടൂർണമെന്റിൽ മറീന എഫ്.സി ചാമ്പ്യന്മാരായി. സിഞ്ച് അൽ അഹ്ലി സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ ആയിരക്കണക്കിന് കാണികളുടെ സാന്നിധ്യത്തിൽ നടന്ന ആവേശകരവും വാശിയേറിയതുമായ ഫൈനൽ പോരാട്ടത്തിൽ, ശക്തരായ ഹയാക്ക് കൊണ്ടോട്ടി എഫ്.സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് മറീന എഫ്.സി പരാജയപ്പെടുത്തിയത്.
ഫൈനൽ മത്സരത്തിന്റെ ആദ്യ വിസിൽ മുതൽ കളം നിറഞ്ഞുകളിച്ച ഇരുവിഭാഗവും ഒന്നിനൊന്ന് മെച്ചപ്പെട്ട ആക്രമണ-പ്രതിരോധ നിരകളുമായി കാണികളെ ആവേശത്തിലാഴ്ത്തി. മത്സരത്തിന്റെ നിർണ്ണായക ഘട്ടത്തിൽ മികച്ചൊരു നീക്കത്തിലൂടെ ഗോൾ കണ്ടെത്തിയ മറീന എഫ്.സി ലീഡ് സ്വന്തമാക്കുകയായിരുന്നു.
പിന്നിലായതോടെ ഗോൾ മടക്കാനായി ഹയാക്ക് കൊണ്ടോട്ടി എഫ്.സി കടുത്ത ആക്രമണങ്ങൾ അഴിച്ചുവിട്ടെങ്കിലും, മറീനയുടെ കരുത്തുറ്റ പ്രതിരോധനിരയും ഗോൾകീപ്പറുടെ തകർപ്പൻ സേവുകളും വിജയമുറപ്പിക്കുകയായിരുന്നു. സമാപന ചടങ്ങിൽ പ്രതീക്ഷ ഭാരവാഹികളും കെ.എഫ്.എ പ്രതിനിധികളും മറ്റ് പ്രമുഖ വ്യക്തികളും ചേർന്ന് വിജയികൾക്കുള്ള ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിച്ചു.

