സുവർണം 2026 നവംബർ അഞ്ചിന് ഇന്ത്യൻ ക്ലബ്ബിൽ മുഖ്യാതിഥിയായി കോന്നി എം.എൽ.എ അഡ്വ. കെ.യു. ജനീഷ് കുമാർ പങ്കെടുക്കും
text_fieldsമനാമ: പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അഞ്ചാം വാർഷികാഘോഷങ്ങളുടെ സമാപന പരിപാടിയായ സുവർണ്ണം 2026 മ്യൂസിക്കൽ മെഗാ ഷോ നവംബർ 5 വ്യാഴാഴ്ച വൈകിട്ട് 6 മുതൽ ഇന്ത്യൻ ക്ലബ്ബിൽ നടക്കും.
കേരളത്തിലെ പ്രമുഖ സംഗീത ബാൻഡായ ഭാഗ്യരാജ് ആൻഡ് ബാൻഡാണ് സംഗീത വിരുന്നൊരുക്കാൻ ബഹ്‌റൈനിലെത്തുന്നത്. സ്റ്റാർ സിംഗർ മത്സരത്തിലൂടെ ശ്രദ്ധേയരായ ഗായകരായ പാർവതി മേനോനും മിഥുനും സംഗീത പരിപാടിയിൽ അണിചേരും. കോന്നി എം.എൽ.എ അഡ്വ. കെ.യു. ജനീഷ് കുമാർ മുഖ്യാതിഥിയായി പങ്കെടുക്കും. പരിപാടിയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമായിരിക്കും.
പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷന്റെ അഞ്ചാം വാർഷികാഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ചാണ് സംഗീത പരിപാടി സംഘടിപ്പിക്കുന്നത്. കഴിഞ്ഞ അഞ്ചു വർഷമായി ബഹ്‌റൈനിലെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ സജീവ സാന്നിധ്യമായി പ്രവർത്തിച്ചുവരുന്ന സംഘടന, വിവിധ സേവന പ്രവർത്തനങ്ങളിലൂടെ പ്രവാസി സമൂഹത്തിനിടയിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്.
അസോസിയേഷൻ പ്രസിഡന്റ് വിഷ്ണു ദേവാഞ്ജനം, സെക്രട്ടറി സുനു കുരുവിള, ട്രഷറർ വിനീത് വി.പി., രക്ഷാധികാരി വർഗീസ് മോടിയിൽ, പ്രോഗ്രാം കൺവീനർമാരായ ബിജിൻ, മോൻസി ബാബു എന്നിവരുടെ നേതൃത്വത്തിൽ 30-ലധികം അംഗങ്ങളുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയും പ്രത്യേക സുവർണ്ണം പ്രോഗ്രാം കമ്മിറ്റിയും പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു.
ബഹ്‌റൈനിലെ പ്രവാസി സമൂഹത്തിന് സംഗീതവും ആഘോഷവും ഒത്തുചേരുന്ന ഒരു മനോഹര സായാഹ്നം സമ്മാനിക്കുകയാണ് സുവർണ്ണം 2026-ലൂടെ ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രവേശനം സൗജന്യമായതിനാൽ ബഹ്‌റൈനിലെ മുഴുവൻ പ്രവാസി സുഹൃത്തുക്കളെയും നവംബർ 5 വ്യാഴാഴ്ച വൈകിട്ട് ഇന്ത്യൻ ക്ലബ്ബിലേക്ക് ഭാരവാഹികൾ ഹൃദയപൂർവം ക്ഷണിച്ചു.

