ഐ.സി.എ.ഐ 18-ാമത് വാർഷിക സമ്മേളനം; ‘ഇംപാക്ട് 360’ നവംബർ 27, 28 തീയതികളിൽ
text_fieldsഐ.സി.എ.ഐ ഭാരവാഹികൾ നടത്തിയ പത്രസമ്മേളനത്തിൽനിന്ന്
മനാമ: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ (ഐ.സി.എ.ഐ) ബഹ്‌റൈൻ ചാപ്റ്ററിന്റെ 18-ാമത് വാർഷിക സമ്മേളനമായ ‘ഇംപാക്ട് 360’ നവംബർ 27, 28 തീയതികളിൽ ബഹ്‌റൈൻ ഡിപ്ലോമാറ്റ് റാഡിസൺ ബ്ലൂ ഹോട്ടലിൽ നടക്കും. ഐ.സി.എ.ഐ ബഹ്‌റൈൻ ചെയർമാൻ സി.എ. വിനോദ് രതിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
‘ഇൻഫനൈറ്റ് പോസിബിലിറ്റീസ്, വൺ ഇംപാക്ട്’ എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ബിസിനസ്സ്, ധനകാര്യ മേഖലകളിലെ പ്രമുഖർ, സംരംഭകർ, വിദഗ്ധർ എന്നിവർക്ക് ആശയങ്ങൾ പങ്കുവെക്കാനും പുതിയ കാഴ്ചപ്പാടുകൾ രൂപീകരിക്കാനും സമ്മേളനം വേദിയാകും.
ജി.സി.സി, ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, ഓസ്ട്രേലിയ, വടക്കേ അമേരിക്ക തുടങ്ങിയ അഞ്ച് ഭൂഖണ്ഡങ്ങളിലെ 12-ലധികം രാജ്യങ്ങളിൽ നിന്നുള്ള ഐ.സി.എ.ഐ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ ഡോ. പ്രദീപ് സിങ് രാജ്പുരോഹിത്, കെ.പി.എം.ജി ബഹ്‌റൈൻ ചെയർമാൻ ജമാൽ ഫഖ്റോ, ബഹ്‌റൈൻ അക്കൗണ്ടന്റ്സ് ആൻഡ് ഓഡിറ്റേഴ്സ് അസോസിയേഷൻ ചെയർമാൻ അബ്ബാസ് അൽ റാധി, ബഹ്‌റൈൻ-ഇന്ത്യ സൊസൈറ്റി ചെയർമാൻ അബ്ദുൽ റഹ്മാൻ ജുമുഅ എന്നിവർ ചടങ്ങിൽ സംബന്ധിക്കും.
ഒളിമ്പിക് മെഡൽ ജേതാവും ബാഡ്മിന്റൺ താരവുമായ സെയ്ന നെഹ്വാൾ, പ്രശസ്ത ഇന്ത്യൻ നടനും സംവിധായകനുമായ പ്രകാശ് ബെലവാടി, മുൻ സി.ഐ.എസ്.എഫ് ഡയറക്ടർ ജനറൽ സി.എ. രാജ്‌വീന്ദർ സിങ് ഭാട്ടി, കാർഗിൽ യുദ്ധ സേനാനിയും മോട്ടിവേഷണൽ സ്പീക്കറുമായ ക്യാപ്റ്റൻ നവീൻ നഗപ്പ, ആദായനികുതി വകുപ്പ് ജോയിന്റ് കമ്മീഷണർ സി.എ. സരിക ജെയ്ൻ തുടങ്ങി നിരവധി പ്രമുഖർ വിവിധ സെഷനുകളിൽ സംസാരിക്കും.നവംബർ 27-ന് നടക്കുന്ന സാംസ്കാരിക വിരുന്നിൽ ‘ഗബ്രു ബോയ്സിന്റെ’ കലാപരിപാടികളും അരങ്ങേറും. ചാർട്ടേഡ് അക്കൗണ്ടന്റുകൾ, ധനകാര്യ വിദഗ്ധർ, ബിസിനസ്സ് പ്രമുഖർ തുടങ്ങിയവർക്ക് സമ്മേളനത്തിൽ പങ്കെടുക്കാവുന്നതാണ്.

