നോർക്ക കെയർ; മുഖ്യമന്ത്രിക്ക് നിവേദനം അയച്ച് ജി.എം.എഫ്
text_fieldsമനാമ: നോർക്ക ഇൻഷുറൻസ് പദ്ധതിയിൽ വരുത്തിയ പ്രീമിയം വർധനവ് പിൻവലിക്കണമെന്നും സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങാനാവുന്ന രീതിയിൽ നിരക്കുകൾ പുനർനിർണയിക്കണമെന്നും ആവശ്യപ്പെട്ട് ഗൾഫ് മലയാളി ഫെഡറേഷൻ (ജി.എം.എഫ്) മുഖ്യമന്ത്രിക്ക് നിവേദനം അയച്ചു.
കഴിഞ്ഞ ദിവസം നോർക്ക പ്രസിദ്ധീകരിച്ച പുതുക്കിയ ഇൻഷുറൻസ് പ്രീമിയം തുക ലോകമെമ്പാടുമുള്ള സാധാരണക്കാരായ പ്രവാസി മലയാളികൾക്ക് കനത്ത സാമ്പത്തിക ബാധ്യതയാണ് വരുത്തിവെച്ചിരിക്കുന്നത്. പ്രവാസികളുടെ മൊത്തം കണക്കെടുത്താൽ 70 ശതമാനത്തിലധികവും സാമ്പത്തിക ഭദ്രതയില്ലാത്തവരാണ്. പ്രവാസികൾ കടുത്ത പ്രയാസങ്ങൾ നേരിടുമ്പോഴെല്ലാം എന്നും പിന്തുണയും സഹായവും നൽകിയിട്ടുള്ള സർക്കാറിന്റെ ഭാഗത്തുനിന്ന് ഈ വിഷയത്തിലും അടിയന്തരവും കർശനവുമായ ഇടപെടൽ ഉണ്ടാകണമെന്ന് ഗൾഫ് മലയാളി ഫെഡറേഷൻ ജി.സി.സി പ്രസിഡന്റ് ബഷീർ അമ്പലായി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

