Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നോർക്ക കെയർ ഇൻഷുറൻസ് പ്രിമിയം തുക വർധിപ്പിച്ച നടപടി; പ്രതിഷേധവുമായി സംഘടനകൾ

text_fields
bookmark_border
നോർക്ക കെയർ ഇൻഷുറൻസ് പ്രിമിയം തുക വർധിപ്പിച്ച നടപടി; പ്രതിഷേധവുമായി സംഘടനകൾ
cancel

വർധന പുനഃപരിശോധിക്കണം - ഒ.ഐ.സി.സി

മനാമ: പ്രവാസികളുടെ പേരിൽ സ്വകാര്യ കമ്പനികളുമായി ചേർന്ന് സംസ്ഥാന സർക്കാർ ആരംഭിച്ച നോർക്ക കെയർ ഇൻഷുറൻസ് പ്രിമിയം തുക വർദ്ധിപ്പിച്ച നടപടി പുന പരിശോധിക്കണം എന്ന് ബഹ്‌റൈൻ ഒ.ഐ.സി.സി സംസ്ഥാന സർക്കാരിനോട് രേഖ മൂലം ആവശ്യപെട്ടു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകി.

മുൻ സർക്കാരിന്റെ കാലത്ത് ആരംഭിച്ച പദ്ധതി ദീർഘകാല അടിസ്ഥാനത്തിൽ ഉള്ള എഗ്രിമെന്റ് ഉണ്ടാകാതെ പോയതിന്റെ പരിണിത ഫലമാണ് ഇപ്പോൾ ഉണ്ടായ ബുദ്ധിമുട്ട്. ദീർഘകാല അടിസ്ഥാനത്തിൽ കരാർ ഉണ്ടായിരുന്നു എങ്കിൽ ഇൻഷുറൻസ് കമ്പനിക്ക് ആരംഭിച്ചു ഒരു വർഷം കഴിഞ്ഞപ്പോൾ ചാർജ് വർദ്ധനവ് ആവശ്യപ്പെടാൻ സാധിക്കില്ലായിരുന്നു.

സംസ്ഥാന സർക്കാർ ജോലിക്കാരുടെ ക്ഷേമത്തിനായി നടപ്പിലാക്കുന്ന മെഡിസിപ്പ് പോലെ വ്യക്തികളിൽ നിന്നും ഈടാക്കുന്ന തുകക്ക് തുല്യമായി സർക്കാരിന്റെ വിഹിതം കൂടി ചേർത്ത് പ്രവാസികൾക്ക് വേണ്ടി പദ്ധതി ആസൂത്രണം ചെയ്യണം എന്നും ബഹ്‌റൈൻ ഒ.ഐ.സി.സി ആവശ്യപ്പെട്ടു.

പ്രവാസി ഇൻഷുറൻസ് പ്രീമിയത്തിലും വിസ്മയം- നവകേരള

മനാമ: പ്രവാസികളുടെ ക്ഷേമവും സുരക്ഷയും ലക്ഷ്യമിട്ട് കഴിഞ്ഞ സർക്കാർ നടപ്പിലാക്കിയ നോർക്കാ കെയർ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം തുക വർധിപ്പിച്ചത് പ്രവാസികളോടുള്ള കടുത്ത അനീതിയും വഞ്ചനയുമാണ്‌. വിദേശരാജ്യങ്ങളിലെ വർധിച്ച ജീവിതച്ചെലവ്, കുടുംബച്ചെലവുകൾ, നാട്ടിലെ സാമ്പത്തിക ബാധ്യതകൾ എന്നിവയ്ക്കിടയിൽ കഴിയുന്ന പ്രവാസികൾക്ക് ഇൻഷുറൻസ് പ്രീമിയത്തിലെ വർധന കൂടുതൽ പ്രയാസങ്ങൾ സൃഷ്ടിക്കും.

പ്രവാസികളുടെ ക്ഷേമം മുൻനിർത്തി പ്രീമിയം വർധന അടിയന്തരമായി പിൻവലിക്കാനും എല്ലാവർക്കും താങ്ങാനാവുന്ന നിരക്കിൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാനും ബന്ധപ്പെട്ട അധികൃതർ തയ്യാറാകണമെന്ന് ബഹ്റൈൻ നവകേരള വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.

പുനഃപരിശോധിക്കണം- ഐ.വൈ.സി.സി

മനാമ: പ്രവാസി മലയാളികളുടെ ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായി കേരള സർക്കാർ നടപ്പിലാക്കിയ നോർക്ക കെയർ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ എൻറോൾമെന്റ്, പുതുക്കൽ തുക വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഐ.വൈ.സി.സി ബഹ്റൈൻ.

സാധാരണക്കാരായ പ്രവാസികളുടെ സാമ്പത്തിക സാഹചര്യം പരിഗണിക്കാതെ ഇൻഷുറൻസ് പ്രീമിയത്തിൽ വർധന വരുത്തുന്നത് പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യത്തെ തന്നെ ബാധിക്കുമെന്ന് ഐ.വൈ.സി.സി ബഹ്റൈൻ പ്രസിഡന്റ് റിച്ചി കളത്തുരേത്ത്, ജനറൽ സെക്രട്ടറി സലീം അബുതാലിബ്, ട്രഷറർ ഷഫീഖ് സൈഫുദീൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

ശക്തമായ പ്രതിഷേധവുമായി ഇടത് കൂട്ടായ്മ

മനാമ: നോർക്ക ഇൻഷൂറൻസ് പോളിസി പുതുക്കൽ ഭീമമായ നിരക്ക് വർദ്ധനവ് സാധാരണ പ്രവാസികൾക്ക് ഇരുട്ടടിയായെന്ന് ഇടത് കൂട്ടായ്മ ആരോപിച്ചു. പ്രവാസികളുടെചികിത്സാ പരിരക്ഷ ഉറപ്പാക്കുന്നതിനുള്ള നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം നിരക്കുകൾ കുത്തനെ വർധിപ്പിച്ച നടപടി പിൻവലിക്കണം.

രോഗാവസ്ഥയിൽ പ്രവാസികൾക്ക് ആശ്വാസമാകുന്നതിലേക്കായി എൽ.ഡി.എഫ് സർക്കാർ നടപ്പിലാക്കിയ പദ്ധതി നിരക്ക് വർധനവിലൂടെ യു.ഡി.എഫ് സർക്കാർ പ്രവാസികൾക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുകയാണ്. ഈ രീതിയിലെ പ്രവാസി കൊള്ള അവസാനിപ്പിച്ച് നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധനവ് പിൻവലിച്ച് പ്രവാസികൾക്ക് ചികിത്സാ പരിരക്ഷ ഉറപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്നും ഇടത് കൂട്ടായ്മ അറിയിച്ചു

പ്രീമിയം വർധന പിൻവലിക്കണം -പ്രവാസി വെൽഫെയർ

മനാമ: ‘നോർക്ക കെയർ ഇൻഷൂറൻസ്’ പദ്ധതിയിൽ ഒരു വർഷം പിന്നിടുമ്പോൾ വരുത്തിയ വൻ പ്രീമിയം വർദ്ധന അടിയന്തരമായി പിൻവലിക്കണമെന്ന് പ്രവാസി വെൽഫെയർ ബഹ്റൈൻ ആക്ടിങ് പ്രസിഡന്റ് ഷാഹുൽ ഹമീദ് വെന്നിയൂരും ജനറൽ സെക്രട്ടറി ഇർഷാദ് കോട്ടയവും പുറത്തിറക്കിയ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

കുറഞ്ഞ പ്രീമിയത്തിൽ എല്ലാവർക്കും ആരോഗ്യ പരിരക്ഷ എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ തുടക്കമിട്ട പദ്ധതി ഇപ്പോഴത്തെ നിരക്ക് വർദ്ധനയോടെ സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങാനാവാത്ത സാമ്പത്തിക ബാധ്യതയായി മാറിയിരിക്കുകയാണെന്നും പ്രവാസി വെൽഫയർ വാർത്താകുറിപ്പിൽ അറിയിച്ചു.

“നോർക്ക കെയർ ഇൻഷുറൻസ് നിരക്ക് വർധിപ്പിച്ചതും പ്രായപരിധി സ്ലാബുകൾ ഏർപ്പെടുത്തിയതും സാധാരണക്കാരായ പ്രവാസികൾക്ക് താങ്ങാനാവാത്ത അധിക ബാധ്യതയാണ്. പ്രീമിയം വർധന അനിവാര്യമാണെങ്കിൽ അതിന്റെ ഒരു ഭാഗം സർക്കാർ ഗ്രാന്റായി വഹിച്ച്, പ്രവാസികൾക്ക് താങ്ങാനാവുന്ന നിരക്കിൽ മികച്ച ചികിത്സാ പരിരക്ഷ ഉറപ്പാക്കാൻ നിരക്കുകൾ പുനഃപരിശോധിക്കണം.” -അനസ് റഹീം (ഐ.വൈ.സി.സി മുൻ പ്രസിഡന്റ് )

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bahrain OICC and Expat Bodies Demand Norka Insurance Revision
Next Story