Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightസി.പി.എം ഇലയിട്ടു;...

സി.പി.എം ഇലയിട്ടു; സദ്യ ഉണ്ണാൻ ലീഗ്​ വരുമോ? വിവാദം കൊഴുക്കുന്നു

text_fields
bookmark_border
Kunhalikkutty and Pinarayi vijayan
cancel
camera_alt

മുഖ്യമന്ത്രി പിണറായി വിജയനും മുസ്​ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും -ഫയൽ ഫോട്ടോ

കോഴിക്കോട്​: നവംബർ 11ന്​ കോഴിക്കോട്​ നടക്കുന്ന ഫലസ്​തീൻ ഐക്യദാർഢ്യ റാലിയിൽ ക്ഷണിച്ചാൽ പ​ങ്കെടുക്കുമെന്ന​ മുസ്​ലിം ലീഗ് ദേശീയ ഓർഗനൈസിങ്​ സെക്രട്ടറി ഇ.ടി. മുഹമ്മദ്​ ബഷീറിന്‍റെ പ്രസ്താവനയിൽ വിവാദക്കൊടുങ്കാറ്റ്​. ബഷീറിന്‍റെ പ്രസ്താവനയുടെ ചുവടുപിടിച്ച്​ സി.പി.എം ലീഗിനെ റാലിക്ക്​ ക്ഷണിക്കുക കൂടി ചെയ്തതോടെ നിലപാട്​ പറയാൻ പാർട്ടി നിർബന്ധിതമായി. ശനിയാഴ്ച നേതൃ​യോഗം ​ചേർന്ന്​ തീരുമാനം പ്രഖ്യാപിക്കുമെന്ന്​ ജനറൽ സെക്രട്ടറി പി.എം.എ. സലാം പ്രഖ്യാപിച്ച സാഹചര്യത്തിലാണ്​ വിവാദം കത്തുന്നത്​.

അതേസമയം, ലീഗിനെയും കോൺഗ്രസിനെയും രണ്ട്​ ധ്രുവങ്ങളിൽ നിർത്തുകയെന്ന സി.പി.എം തന്ത്രം ഏക സിവിൽകോഡ്​ വിഷയത്തിലെന്ന പോലെ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിലും വിജയം കണ്ടെന്നാണ്​ സി.പി.എം വിലയിരുത്തൽ. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലന്‍റെ പ്രസ്താവനയിൽ ലീഗ്​-കോൺഗ്രസ്​ ഭിന്നതയിലെ മുതലെടുപ്പിന്‍റെ സ്വരം വ്യക്തം. ഇ.ടിയുടെ പ്രസ്താവനയോട്​ വൈകാരികമായി പ്രതികരിച്ച​ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍റെ നടപടി എരിതീയിൽ എണ്ണയൊഴിച്ച സാഹചര്യവും സൃഷ്ടിച്ചു.

പാർട്ടിയിൽ ഇക്കാര്യത്തിൽ ചർച്ച നടന്നിട്ടില്ലെന്നും ബഷീർ പറഞ്ഞത്​ വ്യക്തിപരമായ അഭിപ്രായമാണെന്നുമായിരുന്നു ഡോ. എം.കെ. മുനീറിന്‍റെ പ്രതികരണം. അതിനിടെ, സി.പി.എം റാലിയിൽ ലീഗ്​ പ​ങ്കെടുക്കുമെന്ന്​ വ്യാഴാഴ്ച പറഞ്ഞ ഇ.ടി. മുഹമ്മദ്​ ബഷീർ, വെള്ളിയാഴ്ച നിലപാട്​ മയപ്പെടുത്തിയത്​ ശ്രദ്ധേയമായി. മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ താൻ ആ വിഷയത്തിലുള്ള വ്യക്തിപരമായ അഭിപ്രായം പ്രകടിപ്പിച്ചതാണെന്നും തീരുമാനമെടുക്കുന്നത്​ പാർട്ടിയാണെന്നുമായിരുന്നു ബഷീർ ഇന്ന്​ വ്യക്തമാക്കിയത്​.

ഏക സിവിൽകോഡ്​ സെമിനാറിലെന്നപോലെ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിലൂടെയും ന്യൂനപക്ഷ വിഭാഗത്തിന്‍റെ അടുപ്പം സമ്പാദിക്കുകയാണ്​ സി.പി.എം ലക്ഷ്യം. ഫലസ്തീൻ വിഷയത്തിൽ പാർട്ടിയിൽ ഭിന്നസ്വരങ്ങൾ പ്രകടമായിരുന്നു. ഇസ്രായേൽ ഭീകരതയോ​ട്​ പ്രതിരോധം തീർക്കുന്ന ഹമാസിനെ ഭീകര സംഘടനയായി ചിത്രീകരിച്ച​ ചില സി.പി.എം നേതാക്കളുടെ പ്രസ്താവന വിവാദമായിരുന്നു. പാർട്ടിയിൽ തന്നെ ഇക്കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കെയാണ്​ ഐക്യദാർഢ്യ റാലിയുമായി സി.പി.എം രംഗത്തുവരുന്നത്​.

കോൺഗ്രസിനകത്തും വിഷയത്തിൽ ഭിന്നസ്വരങ്ങളുണ്ട്​. മുസ്​ലിം ലീഗ്​ കോഴിക്കോട്​ നടത്തിയ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ശശി തരൂരിന്‍റെ നിലപാട്​ ഏറെ വിവാദങ്ങൾക്ക്​ തിരികൊളുത്തുകയും ചെയ്തു. ഫലസ്തീൻ വിഷയവുമായി ബന്ധപ്പെട്ട്​ ഹമാസിനോടുള്ള നിലപാടിൽ രണ്ട്​ പാർട്ടികൾക്കിടയിലും സമാനമായ അഭിപ്രായ ഭിന്നത നിലനിൽക്കുകയാണ്​.

ഫലസ്​തീൻ വിഷയം പ്രസക്തമാണെങ്കിലും ലോക്സഭ തെരഞ്ഞെടുപ്പ്​ ആസന്നമായ ഘട്ടത്തിൽ സി.പി.എമ്മിനോടുള്ള ലീഗ്​ നിലപാട്​ മുന്നണിക്ക്​ ഗുണമോ ദോഷമോ എന്ന പ്രസക്തമായ ചോദ്യമാണ്​ ഉയരുന്നത്​. ഇക്കാര്യത്തിൽ മുന്നണി രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന നിലപാട്​ ഘടകകക്ഷിയായ ലീഗിൽനിന്ന്​ ഉണ്ടായതിൽ കോൺഗ്രസിനകത്ത്​ കടുത്ത അമർഷമുണ്ട്​. ഈ നീരസമാണ്​ സുധാകരന്‍റെ രൂക്ഷ പ്രതികരണത്തിൽ പ്രതിഫലിക്കുന്നതും.

കോൺഗ്രസിനെ പ​ങ്കെടുപ്പിക്കാത്ത സി.പി.എം റാലിയിൽ മുസ്​ലിം ലീഗ്​ പ​ങ്കെടുക്കുന്നത്​ മുന്നണിയെ ദുർബലപ്പെടുത്തുമെന്ന അഭിപ്രായമാണ്​ കോൺഗ്രസിനകത്തുള്ളത്​. മുസ്​ലിം ലീഗിലും ഇങ്ങനെ ചിന്തിക്കുന്ന വലിയ വിഭാഗം നേതാക്കളും പ്രവർത്തകരുമുണ്ട്​​. ഫലസ്തീൻ എല്ലാവർക്കും യോജിക്കാവുന്ന വിഷയമാണെങ്കിൽ കൂടി ഈ സാഹചര്യത്തിൽ മുന്നണിയെ ദുർബലപ്പെടുത്തുന്ന ഏത്​ തരത്തിലുള്ള നീക്കവും തെരഞ്ഞെടുപ്പിൽ പ്രതിഫലി​ക്കുമെന്നതിനാൽ സി.പി.എം ക്ഷണത്തോട്​ ലീഗ്​ എടുക്കുന്ന തീരുമാനം നിർണായകമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israel Palestine ConflictMuslim LeagueCPM
News Summary - Will Muslim League come to the Palestine solidarity program invited by CPM
Next Story