You are here
ഇന്നസെൻറിനോടെന്താ പെണ്ണുങ്ങൾക്കിത്ര ദേഷ്യം?
ചാലക്കുടി മണ്ഡലത്തിൽ മത്സരിക്കുന്ന സിറ്റിങ് എം.പി ഇന്നസെൻറിനെതിരെ വനിതാ സ്ഥാനാർഥിയെ നിർത്താൻ തീരുമാനിച്ചിരിക്കുകയാണ് ഒരു കൂട്ടം സ്ത്രീകൾ. പല സന്ദർഭങ്ങളിലും കമ്യൂണിസ്റ്റ് എം.പിയെന്ന അന്തസ്സ് കാത്തുസൂക്ഷിക്കാൻ ആയിട്ടില്ലെന്ന് വ്യക്തമായിട്ടും ഇന്നസെൻറിന് വീണ്ടും സീറ്റ് നൽകിയത് ജയസാധ്യത മാത്രം കണക്കിലെടുത്താണെന്നാണ് സി.പി.എം വാദം. അതിനിടയിലാണ് സ്ത്രീവിരുദ്ധനായ ഇന്നസെൻറിനെ തോൽപിക്കണമെന്ന തീരുമാനവുമായി പെണ്ണുങ്ങൾ കളത്തിലിറങ്ങിയിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസിൽ സ്വീകരിച്ച നിലപാടുകളാണ് തെരഞ്ഞെടുപ്പ് ഗോദയിൽ ഇന്നസെൻറിനെ തിരിഞ്ഞുകൊത്തുന്നത്. ആക്രമത്തിന് ഇരയായ പെൺകുട്ടിക്കുവേണ്ടി ഒരക്ഷരം പോലും മിണ്ടാൻ അദ്ദേഹത്തിെൻറ നാവ് വഴങ്ങിയില്ലെന്ന് മാത്രമല്ല പ്രതിയെന്ന് ആരോപിക്കുന്ന നടനെ രക്ഷിക്കുന്ന തരത്തിലായിരുന്നു പ്രതികരണങ്ങൾ. ഇദ്ദേഹത്തിനെതിരിലുള്ള എല്ലാ ആരോപണങ്ങളും ശരിവെക്കുന്ന രീതിയിലായിരുന്നു ഇരയായ നടി വിവാഹത്തിന് ക്ഷണിക്കാതിരുന്നതും തനിക്കൊന്നുമറിയില്ലെന്നു പറഞ്ഞ് ഇന്നസെൻറ് തടിയൂരിയതും.
സ്ത്രീകളെ അധിക്ഷേപിക്കുന്നവർ തെരഞ്ഞെടുപ്പ് വേളയിലെങ്കിലും ജനങ്ങളോട് മറുപടിപറയാൻ ബാധ്യസ്ഥരാണെന്നാണ് സ്ത്രീപക്ഷവാദികളുടെ അഭിപ്രായം. പ്രഫ. കുസുമം ജോസഫ്, പ്രഫ. പി. ഗീത, പ്രഫ. സാറ ജോസഫ് എന്നീ പേരുകളാണ് ചാലക്കുടിയിൽ മത്സരിക്കാനായി ഇവർ മുന്നോട്ടുവെക്കുന്നത്. ഞായറാഴ്ച തൃശൂരിൽ ചേരുന്ന യോഗത്തിലായിരിക്കും അന്തിമ തീരുമാനം. ശബരിമല യുവതീപ്രവേശന വിഷയത്തിൽ സ്ത്രീവിരുദ്ധ നിലപാട് സ്വീകരിച്ച് സ്ത്രീവാദികളുടെ കണ്ണിലെ കരടായി മാറിയ മറ്റൊരു സ്ഥാനാർഥിയാണ് കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് കെ. സുധാകരൻ.
എന്നാൽ, ഇദ്ദേഹത്തിനെതിരെ പി.കെ. ശ്രീമതി ടീച്ചർ എന്ന വനിത മത്സരിക്കുമ്പോൾ മറ്റൊരു സ്ഥാനാർഥി വേണ്ടെന്നാണ് തീരുമാനം. ജയമല്ല, ‘സ്ത്രീകൾക്ക് തുല്യപ്രാതിനിധ്യം’ നൽകാൻ രാഷ്ട്രീയ പാർട്ടികളുടെ മേൽ സമ്മർദം ചെലുത്തുക എന്നതാണ് സ്ത്രീപക്ഷവാദികളുടെ ലക്ഷ്യം.