മുറിവുകള്‍ മറക്കാതെ വി.എസ്; മണിക്കെതിരെ അപ്രതീക്ഷിത വെടി
text_fieldsതൊടുപുഴ: ഒരുകാലത്ത് വിശ്വസ്തനായി കൂടെ നില്‍ക്കുകയും നിര്‍ണായക ഘട്ടത്തില്‍ മറുപക്ഷത്തത്തെി ശത്രുവിനെപ്പോലെ പെരുമാറുകയും ചെയ്ത എം.എം. മണിക്കെതിരെ വി.എസ്. അച്യുതാനന്ദന്‍ മൂര്‍ച്ചയുള്ള ആയുധം തന്നെ പുറത്തെടുക്കുന്നു. മണിയെ പ്രതിയാക്കിയ കോടതിവിധിയെച്ചൊല്ലി മാധ്യമവാര്‍ത്തകളും പ്രതിപക്ഷ കോലാഹലങ്ങളും കെട്ടടങ്ങിയ സമയത്താണ് അദ്ദേഹത്തെ മന്ത്രിസഭയില്‍നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് വി.എസ് രംഗത്തത്തെിയത്. ഇരുവരും തമ്മിലെ ശത്രുത അവസാനിച്ചെന്ന് കരുതിയിരിക്കെ വി.എസിന്‍െറ ഏകപക്ഷീയ നീക്കം പാര്‍ട്ടി നേതൃത്വത്തെയും അമ്പരപ്പിച്ചു.
വി.എസിന്‍െറ വലംകൈയായി അറിയപ്പെട്ടിരുന്ന എം.എം. മണി കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കലോടെയാണ് അദ്ദേഹവുമായി അകന്ന് ഒൗദ്യോഗികപക്ഷക്കാരനായത്. മൂന്നാറിലെ പാര്‍ട്ടി ഓഫിസും ഒഴിപ്പിക്കേണ്ടിവരുമെന്ന് വി.എസ് പറഞ്ഞപ്പോള്‍ ഒഴിപ്പിക്കാന്‍ വരുന്നവരുടെ കൈയും കാലും വെട്ടുമെന്ന് മണി തിരിച്ചടിച്ചു. പിന്നീട് ഇരുവരും തമ്മിലെ അകല്‍ച്ചയുടെ ആഴമേറി.
മുല്ലപ്പെരിയാര്‍ സമരമടക്കം വി.എസ് പങ്കെടുത്ത ചടങ്ങുകളില്‍നിന്നെല്ലാം മണി വിട്ടുനിന്നു. അവസരം കിട്ടിയപ്പോഴെല്ലാം ഇരുവരും വാക്ശരങ്ങളുമായി ഏറ്റുമുട്ടി. മണക്കാട്ടെ വിവാദ പ്രസംഗത്തില്‍ വി.എസിനെ മണി പലവട്ടം പരിഹസിച്ചു. വി.എസ് ഉത്തരവാദിത്ത ബോധമുള്ള മുഖ്യമന്ത്രി ആയിരുന്നില്ളെന്ന് മാധ്യമങ്ങളോട് തുറന്നടിച്ചു.
അഞ്ചു വര്‍ഷത്തിനുശേഷം അഞ്ചേരി ബേബി വധക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി പീരുമേട് സബ്ജയിലില്‍ കഴിഞ്ഞ മണിയെ കാണാന്‍ വി.എസ് എത്തിയതോടെയാണ് മഞ്ഞുരുകിയത്. മണിക്കെതിരെ കേസെടുത്തതിനെയും അറസ്റ്റ് ചെയ്ത രീതിയെയും പിണറായിക്ക് മുമ്പേ അദ്ദേഹത്തെ കാണാനത്തെിയ വി.എസ് രൂക്ഷമായി വിമര്‍ശിച്ചു.
നിയമസഭ തെരഞ്ഞെടുപ്പില്‍ ഉടുമ്പന്‍ചോലയില്‍ പ്രചാരണത്തിനത്തെിയപ്പോള്‍ സ്ഥാനാര്‍ഥിയായ മണിയെ വി.എസ് വാനോളം പുകഴ്ത്തി. മണിയെ അധിക്ഷേപിച്ച വെള്ളാപ്പള്ളി നടേശനെതിരെയും വി.എസ് രംഗത്തുവന്നു. പിന്നീട് പരസ്യമായ ഏറ്റുമുട്ടലുകളുണ്ടായില്ല. മന്ത്രിയായ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചപ്പോഴെല്ലാം തനിക്ക് വി.എസുമായി ഒരു ശത്രുതയുമില്ളെന്നും താന്‍ ഏതെങ്കിലും ഒരു നേതാവിന്‍െറ പക്ഷം പിടിക്കുന്നയാളല്ളെന്നുമാണ് മണി ആവര്‍ത്തിച്ചത്.
ഇരുവരും തമ്മിലെ പടലപ്പിണക്കങ്ങള്‍ മാറിയെന്ന് പാര്‍ട്ടിയും അണികളും കരുതിയിരിക്കുമ്പോഴാണ് മണിയെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റാന്‍ കേന്ദ്രനേതൃത്വത്തിനു കത്തെഴുതി വി.എസ് വെടിപൊട്ടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
