52ാം വയസ്സില്‍ ആദ്യ നടപടി; 93ല്‍ എട്ടാമത്തേത്
text_fieldsതിരുവനന്തപുരം: സി.പി.എമ്മിന്‍െറ ജീവിച്ചിരിക്കുന്ന ഏക സ്ഥാപക നേതാവ് വി.എസ്. അച്യുതാനന്ദന്‍ പാര്‍ട്ടി അച്ചടക്ക ലംഘനത്തിന് ആദ്യ നടപടിക്ക് വിധേയനായത് 1964ല്‍ 52ാം വയസ്സില്‍. ഇപ്പോള്‍ 93ാം വയസ്സില്‍ ഏറ്റുവാങ്ങുന്നത് ദീര്‍ഘമായ സംഘടന ജീവിതത്തിലെ എട്ടാമത്തെ അച്ചടക്ക നടപടിയും.
1964ല്‍ സി.പി.എം രൂപവത്കൃതമാവുമ്പോള്‍ കേന്ദ്ര കമ്മിറ്റിയംഗമായിരുന്നു വി.എസ്. ഇന്തോ-ചൈന യുദ്ധകാലത്ത് രാജ്യദ്രോഹക്കുറ്റം ചുമത്തി അദ്ദേഹത്തെയും മറ്റ് നേതാക്കളെയും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ അടച്ചു. അതിര്‍ത്തിയില്‍ യുദ്ധം ചെയ്യുന്ന പട്ടാളക്കാര്‍ക്ക് രക്തം നല്‍കണമെന്ന ആശയം വി.എസ് മുന്നോട്ടുവെച്ചു. ഇത് ജയിലില്‍ പ്രവര്‍ത്തകര്‍ തമ്മിലുളള ആശയ സംഘര്‍ഷത്തിലേക്ക് നയിച്ചു. വിവാദം വാര്‍ത്തയായതോടെ വി.എസിനെ ജയില്‍ മോചിതനായ ശേഷം കേന്ദ്ര കമ്മിറ്റിയില്‍നിന്ന് തരംതാഴ്ത്തി.
പിന്നീട് 1998ല്‍ പാലക്കാട് സംസ്ഥാന സമ്മേളനത്തില്‍ സി.ഐ.ടി.യു പക്ഷത്തെ വെട്ടിനിരത്തിയതിന് വി.എസിനെ കേന്ദ്ര കമ്മിറ്റി താക്കീത് ചെയ്തു. വി.എസിന് വൈരനിര്യാതനബുദ്ധിയെന്ന് കേന്ദ്ര കമ്മിറ്റി നിരീക്ഷിച്ചു. 2006ല്‍ വി.എസ് മുഖ്യമന്ത്രിയായ എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് എ.ഡി.ബി വായ്പ വാങ്ങാനുള്ള സംസ്ഥാന നേതൃത്വത്തിന്‍െറ തീരുമാനത്തിന്‍െറ പേരില്‍ മന്ത്രിമാരായ തോമസ് ഐസക്കിനും പാലോളി മുഹമ്മദ് കുട്ടിക്കുമെതിരെ പരസ്യ വിമര്‍ശനം നടത്തി. അതിന് കേന്ദ്ര നേതൃത്വം വി.എസിനെ പരസ്യമായി ശാസിച്ചു. അന്ന് സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനുമായുള്ള വിഭാഗീയ തര്‍ക്കം മൂര്‍ച്ഛിച്ചതോടെ 2007 മേയ് 26ന് ഇരുവരെയും പി.ബിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. നാലുമാസശേഷം 2007 ഒക്ടോബര്‍ ഒന്നിന് കൊല്‍ക്കത്ത സി.സിയില്‍ രണ്ടുപേരെയും തിരിച്ചെടുത്തു. പിന്നീട് 2012ല്‍ പ്രതിപക്ഷ നേതാവായിരിക്കെ, പാര്‍ട്ടി നിലപാട് വെല്ലുവിളിച്ച് കൂടങ്കുളം ആണവനിലയ വിരുദ്ധസമരത്തിന് പിന്തുണ അര്‍പ്പിക്കാന്‍ പുറപ്പെട്ടു. അതിന് കേന്ദ്ര കമ്മിറ്റി ശാസന ഏറ്റുവാങ്ങി. 2013ല്‍ പിണറായി വിജയനെ ഡാങ്കേയിസ്റ്റ് എന്ന് ആക്ഷേപിച്ചതിന് വീണ്ടും ശാസിച്ചു. ഇപ്പോള്‍ 2015 ഫെബ്രുവരിയിലെ ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോയതടക്കമുള്ള അച്ചടക്ക ലംഘനത്തിന് താക്കീത് ഏറ്റുവാങ്ങുമ്പോള്‍ വി.എസിന് പ്രായം 93.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
