Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightഗവര്‍ണര്‍-മുഖ്യമന്ത്രി...

ഗവര്‍ണര്‍-മുഖ്യമന്ത്രി പോര് ജനാധിപത്യ കേരളത്തിന് അപമാനമെന്ന് വി.എം. സുധീരൻ

text_fields
bookmark_border
ഗവര്‍ണര്‍-മുഖ്യമന്ത്രി പോര് ജനാധിപത്യ കേരളത്തിന് അപമാനമെന്ന് വി.എം. സുധീരൻ
cancel

തിരുവനന്തപുരം: ഗവര്‍ണര്‍-മുഖ്യമന്ത്രി പോര് ജനാധിപത്യ കേരളത്തിന് തികച്ചും അപമാനമാണെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം. സുധീരൻ. ജനങ്ങളുടെ പരാതികള്‍ക്ക് പരിഹാരമുണ്ടാക്കുന്നതില്‍ സർക്കാർ തീര്‍ത്തും പരാജയപ്പെട്ടു. കേവലം രാഷ്ട്രീയ പ്രചരണത്തെ മാത്രം ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും നവകേരള സദസ് നടത്തുന്നത്. അതിനോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെ അക്രമിക്കുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ ജനരക്ഷകരായി ചിത്രീകരിക്കുകയാണ്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ തെരുവ് ഗുണ്ടയെപ്പോലെ അക്രമം നടത്തിയ സ്വന്തം ഗണ്‍മാനെ ന്യായീകരിച്ച് കലാപത്തിന് കളമൊരുക്കുന്ന മുഖ്യമന്ത്രിയും താന്‍ വഹിക്കുന്ന സ്ഥാനത്തിന്റെ ഔന്നിത്യവും അന്തസു വിസ്മരിച്ചുകൊണ്ട് തെരുവിലിറങ്ങി ആക്രോശിക്കുകയും ചെയ്യുന്ന ഗവര്‍ണറും സാംസ്‌കാരിക ഔന്നത്യം പുലര്‍ത്തുന്ന കേരളത്തിന് കളങ്കമായി മാറിയിരിക്കുകയാണെന്ന് സുധീരൻ പറഞ്ഞു.

അധികാരം ദുര്‍വിനിയോഗപ്പെടുത്തി ഉന്നത വിദ്യാഭ്യാസമേഖലയില്‍ രാഷ്ട്രീയ താല്‍പര്യം മാത്രം മുന്‍നിര്‍ത്തി അനുയോജ്യരല്ലാത്തവരെ തിരുകി കയറ്റാന്‍ വെമ്പുന്ന മുഖ്യമന്ത്രിയും സുപ്രീം കോടതി വിധിയുടെ മറവില്‍ സർവാധികാരിയായി ചമഞ്ഞ് സർവ ഔചിത്യമര്യാദകളും കാറ്റില്‍ പറത്തി പൊതുസ്വീകാര്യതയുള്ളവരെ ഒഴിവാക്കി സ്വന്തം ഇഷ്ടക്കാരുടെ നോമിനികളെ സർവകലാശാല സമിതികളിലേക്ക് നിയോഗിക്കുകയും ചെയ്യുന്ന ഗവര്‍ണറും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് സംശയാതീതമായി തെളിഞ്ഞിരിക്കുന്നു.

സംസ്ഥാനത്തിന്റെ ഉത്തമ താല്‍പര്യത്തില്‍ നിന്നും ജനങ്ങളുടെ യഥാര്‍ത്ഥ ജീവിത പ്രശ്നങ്ങളില്‍ നിന്നും സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഭരണ പരാജയങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിക്കുവാന്‍ മാത്രമേ ഇത്തരം സാഹചര്യം ഇടവരുത്തൂ.ഈ ചക്കളത്തി പോരാട്ടത്തിന് അറുതി വരുത്തണം. തെറ്റായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മുഖ്യമന്ത്രിയേയും ഗവര്‍ണറേയും പിന്തുണക്കാനായി അമിത ആവേശം കാണിക്കുന്നവര്‍ ഉന്നത വിദ്യാഭ്യാസ രംഗത്തേയും കേരളരാഷ്ട്രീയത്തെ തന്നെയും മലീമസമാക്കുകയാണ് ചെയ്യുന്നത്.

അതിനു പകരം ഈ യാഥാർഥ്യം തിരിച്ചറിഞ്ഞ് ഇത്തരത്തിലുള്ള ശ്രമങ്ങള്‍ക്ക് മുതിരാതെ ഗവര്‍ണറുടേയും മുഖ്യമന്ത്രിയുടേയും ഭാഗത്തുനിന്ന് പ്രകടമാകുന്ന തെറ്റായ പ്രവര്‍ത്തനങ്ങളേയും പ്രതികരണങ്ങളേയും അപലപിക്കുവാനും അവസാനിപ്പിക്കുവാനും വേണ്ട നിലപാടുകളും നടപടികളും സ്വീകരിക്കുകയാണ് വേണ്ടത്. ഇരിക്കുന്ന പദവികളുടെ മഹത്വം ഉള്‍ക്കൊള്ളാതെ ഗവര്‍ണറും മുഖ്യമന്ത്രിയും നടത്തുന്ന സമനില വിട്ടതും ജനാധിപത്യ മൂല്യങ്ങള്‍ക്ക് നിരക്കാത്തതുമായ രാഷ്ട്രീയ പോരിന് ഇനിയെങ്കിലും അറുതി വരുത്തിയേ മതിയാവൂവെന്നും സുധീരൻ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chief ministerV.M.Sudhiran
News Summary - V.M.Sudhiran said that the war between the governor and the chief minister is an insult to democratic Kerala
Next Story