You are here

പി.വിശ്വംഭരന്‍ സോഷ്യലിസം ജീവിതചര്യയാക്കി

  • അവസാന അഭിമുഖങ്ങളില്‍ ഒന്ന് ‘മാധ്യമ’ത്തിന് 

കെ. നൗഫല്‍
23:54 PM
09/12/2016
പി. വിശ്വംഭരന്‍ (മധ്യത്തില്‍) ഇ.എം.എസിനൊപ്പം

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ ചൂട് പരന്നുതുടങ്ങിയ സമയം. തിരുവനന്തപുരത്തുനിന്ന് കോവളത്തേക്കുള്ള റോഡില്‍ വെള്ളാര്‍ എന്ന നഗരപ്രാന്ത ഗ്രാമത്തില്‍ ജീവിതസായാഹ്നം ചെലവഴിക്കുന്ന കേരള രാഷ്ട്രീയത്തിലെ പകരം വെക്കാനില്ലാത്ത സോഷ്യലിസ്റ്റിനെ തേടിയുള്ള യാത്ര. അടിമുടി സോഷ്യലിസം മണക്കുന്ന തീരക്കാറ്റ് വീശുന്ന  വെള്ളാറിലെ ആ കൊച്ചുവീടിന്‍െറ പരിസരത്ത്, പഴമയുടെ പടിക്കെട്ടുകള്‍ കയറിച്ചെന്നപ്പോള്‍ മുന്നില്‍ തെളിഞ്ഞുകത്തി പി. വിശ്വംഭരന്‍ എന്ന കറകളഞ്ഞ സോഷ്യലിസ്റ്റ്.  പ്രായം 90 കഴിഞ്ഞെങ്കിലും ത്യാഗങ്ങളുടെയും പോരാട്ടങ്ങളുടെയും വഴികള്‍ ഓര്‍മകളില്‍ തെളിഞ്ഞുകിടക്കുന്നുണ്ടായിരുന്നു ആ ആദര്‍ശദീപ്തിയില്‍. തിരുവിതാംകൂര്‍ -കൊച്ചി നിയമസഭയിലും കേരള നിയമസഭയിലും അംഗമായവരില്‍ അവശേഷിച്ച അവസാന കണ്ണികളില്‍ ഒരാളായിരുന്നു വിശ്വംഭരന്‍. സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ രൂപപരിണാമങ്ങള്‍ക്കും കുതിപ്പുകള്‍ക്കും കിതപ്പുകള്‍ക്കും സാക്ഷിയായിരുന്നു വിശ്വംഭരന്‍. തെരഞ്ഞെടുപ്പ് ഓര്‍മകള്‍ ‘മാധ്യമ’ത്തിനായി വിശ്വംഭരന്‍ പൊടിതട്ടിയെടുത്തു. 

അദ്ദേഹത്തിന്‍െറ അവസാന അഭിമുഖങ്ങളില്‍ ഒന്നായി ഇതു മാറി.   1954ല്‍ തിരുവിതാംകൂര്‍ -കൊച്ചി നിയമസഭയിലേക്ക് പ്രജാസോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ടിക്കറ്റില്‍ നേമത്തുനിന്ന് കന്നിയങ്കം കുറിച്ച വിശ്വംഭരന്‍ തിരുവിതാംകൂര്‍ കോണ്‍ഗ്രസിന്‍െറ മുതിര്‍ന്ന നേതാവ് ജി. ചന്ദ്രശേഖരപിള്ളയെ അടിയറവ് പറയിച്ചാണ് പാര്‍ലമെന്‍ററി രംഗത്ത് വരുന്നത്. 1977ല്‍ അഞ്ചാം തെരഞ്ഞെടുപ്പ് അങ്കത്തില്‍ പരാജയപ്പെട്ടതോടെ വിശ്വംഭരന്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയം മതിയാക്കി.  ചിഹ്നം പറഞ്ഞ് വോട്ട് ചോദിക്കുന്ന ഓര്‍മകള്‍ അദ്ദേഹം ഓര്‍ത്തെടുത്തു. പ്രവര്‍ത്തകരുടെ വിയര്‍പ്പൊഴുക്കിയ അധ്വാനമായിരുന്നു അക്കാലത്ത് തെരഞ്ഞെടുപ്പ് വിജയഘടകങ്ങളില്‍ പ്രധാനം. മാറിയകാലത്തെ തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തകരുടെ അധ്വാനം ഇല്ലാതാവുകയും പണം ആധിപത്യം നേടുകയും ചെയ്തതും വിശ്വംഭരന്‍ വേദനയോടെ പങ്കുവെച്ചു. 1954ലെ കന്നിയങ്കത്തില്‍ 3000 പോസ്റ്ററുകളാണ് വിശ്വംഭരനു വേണ്ടി തയാറാക്കിയത്. ഇതില്‍ 2000 എണ്ണം മണ്ഡലത്തില്‍ പ്രചാരണത്തിന്‍െറ ഭാഗമായി പതിച്ചു. 1000 എണ്ണം തെരഞ്ഞെടുപ്പ് ദിവസത്തെ ഉപയോഗത്തിനും. സ്ഥാനാര്‍ഥിക്ക് പരമാവധി ചെലവഴിക്കാവുന്ന തുക 5000 രൂപയായിരുന്നു. എത്ര കൂട്ടി എഴുതിയാലും 5000 രൂപയുടെ അടുത്തുപോലും തനിക്ക് ചെലവഴിക്കേണ്ടിവന്നില്ളെന്ന് വിശ്വംഭരന്‍ ഓര്‍ത്തെടുത്തുപറഞ്ഞു.  വിശ്വംഭരന്‍ കൂടി ചരിത്രത്തിലേക്ക് പിന്‍വാങ്ങുന്നതോടെ  പഴയകാല സോഷ്യലിസ്റ്റുകളിലെ അവസാന കണ്ണിയാണ് മുറിയുന്നത്. 


പരിവര്‍ത്തനത്തിനായുള്ള പോരാട്ടങ്ങളില്‍ ചരിത്രം തീര്‍ത്ത സോഷ്യലിസ്റ്റ് 
തിരുവനന്തപുരം: വിടപറഞ്ഞത് പരിവര്‍ത്തനത്തിനായുള്ള സമരപോരാട്ടങ്ങളില്‍ ആദര്‍ശ ശുദ്ധിയുടെ ജ്വലിക്കുന്ന സാന്നിധ്യമായി ചരിത്രം തീര്‍ത്ത സോഷ്യലിസ്റ്റ്. ബ്രിട്ടീഷ് വിരുദ്ധ സമരത്തില്‍ തുടങ്ങിയ ഈ വിപ്ളവജീവിതം സോഷ്യലിസ്റ്റുകള്‍ക്ക് ദിശാബോധം നല്‍കുന്ന പാഠപുസ്തകമായിരുന്നു.1942 ലെ ക്വിറ്റിന്ത്യ സമരത്തെ തുടര്‍ന്നുള്ള വിദ്യാര്‍ഥി പ്രക്ഷോഭങ്ങളില്‍ മുന്‍നിരയില്‍  വിശ്വംഭരനുണ്ടായിരുന്നു.  ഇതിനത്തെുടര്‍ന്ന് അറസ്റ്റ് വാറന്‍റും പൊലീസ് ഭീഷണിയും മൂലം നിയമബിരുദ വിദ്യാര്‍ഥിയായിരുന്ന വിശ്വംഭരന് പഠനം നിര്‍ത്തി ഒളിവില്‍ പോകേണ്ടി വന്നു. തുടര്‍ന്ന് തിരുവിതാംകൂറില്‍ വിദ്യാര്‍ഥി കോണ്‍ഗ്രസ് സംഘടിപ്പിച്ചപ്പോള്‍ അമരക്കാരനായും അദ്ദേഹം നിലകൊണ്ടു. 1945ല്‍ തിരുവിതാംകൂര്‍ വിദ്യാര്‍ഥി കോണ്‍ഗ്രസിന്‍െറ സമ്മേളനം തിരുവനന്തപുരത്ത് നടത്താന്‍ തീരുമാനിച്ചെങ്കിലും സമ്മേളനം സര്‍ സി.പി നിരോധിച്ചു. ഈ അനുഭവങ്ങള്‍ പൊതുജീവിതത്തില്‍ കൂടുതല്‍ കരുത്തായി. തുടര്‍ന്ന് കയര്‍തൊഴിലാളി സമരം, ഹൈകോടതി ബെഞ്ച് സമരം, വിമോചന സമരം, ഭക്ഷ്യ സമരം എന്നിങ്ങനെ വിവിധങ്ങളായ പ്രക്ഷോഭങ്ങളും ജയില്‍വാസവും അദ്ദേഹത്തിന്‍െറ രാഷ്ട്രീയ ജീവിതത്തിന് മൂര്‍ച്ച പകര്‍ന്നു. 

ഹൈകോടതി ബെഞ്ച് സമരത്തെ തുടര്‍ന്ന് ജയിലില്‍ കഴിയവെയാണ് 1957ലെ തെരഞ്ഞെടുപ്പത്തെുന്നത്.   ജയിലില്‍ കിടന്നാണ് പി. വിശ്വംഭരന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. ദക്ഷിണ തിരുവിതാംകൂര്‍ കരിങ്കല്‍ തൊഴിലാളി യൂനിയന്‍, ദക്ഷിണ തിരുവിതാംകൂര്‍ മോട്ടോര്‍ തൊഴിലാളി യൂനിയന്‍, തിരുവനന്തപുരം പോര്‍ട്ട് വര്‍ക്കേഴ്സ് യൂനിയന്‍, ട്രാവന്‍കൂര്‍ ടെകസ്റ്റൈല്‍ വര്‍ക്കേഴ്സ് യൂനിയന്‍ എന്നിവയുടെയെല്ലാം അമരത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കെതിരായ പ്രവര്‍ത്തനങ്ങളിലും സജീവസാന്നിധ്യമായി. വെള്ളായണി കാര്‍ഷിക കോളജ്, വിഴിഞ്ഞം ഫിഷിങ് ഹാര്‍ബര്‍  തിരുവനന്തപുരത്ത് റെയില്‍വേ ഡിവിഷന്‍ എന്നിവ യാഥാര്‍ഥ്യമാക്കുന്നതിലും രാജ്യാന്തര വിമാന സര്‍വിസ് ആരംഭിക്കുന്നതിനും പി. വിശ്വംഭരന്‍െറ പങ്ക് അനിഷേധ്യമാണ്. 
 

Loading...
COMMENTS