Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightനവകേരള സദസ്...

നവകേരള സദസ് സി.പി.എമ്മിന്റെയും എല്‍.ഡി.എഫിന്റെയും രാഷ്ട്രീയ പ്രചാരണ പരിപാടിയാണെന്ന് വി.ഡി സതീശൻ

text_fields
bookmark_border
നവകേരള സദസ് സി.പി.എമ്മിന്റെയും എല്‍.ഡി.എഫിന്റെയും രാഷ്ട്രീയ പ്രചാരണ പരിപാടിയാണെന്ന് വി.ഡി സതീശൻ
cancel

നവകേരള സദസ് സി.പി.എമ്മിന്റെയും എല്‍.ഡി.എഫിന്റെയും രാഷ്ട്രീയ പ്രചാരണ പരിപാടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയ മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുടെ അടുത്തേക്ക് പോകുമെന്നാണ് പറയുന്നത്. അതിനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്.

പക്ഷെ അത് സര്‍ക്കാര്‍ ചെലവില്‍ വേണ്ട. തെരഞ്ഞെടുപ്പ് പ്രചരണം സി.പി.എമ്മിന്റെയും എല്‍.ഡി.എഫിന്റെയും ചെലവിലാണ് നടത്തേണ്ടത്. എല്ലാ തദ്ദേശസ്ഥാപനങ്ങളോടും സഹകരണബാങ്കുകളോടും പണം നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. നൂറു കണക്കിന് കോടി രൂപയാണ് സര്‍ക്കാര്‍ നവകേരള സദസിന്റെ പേരില്‍ സാധാരണക്കാരുടെ നികുതിയില്‍ നിന്നും തട്ടിയെടുക്കുന്നത്.

ഇ.ഡി കേരളത്തില്‍ വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. കേരളത്തില്‍ നടത്തിയ ഒരു അന്വേഷണവും എങ്ങും എത്തിയില്ല. പ്രധാന നേതാക്കളിലേക്ക് ഒരു അന്വേഷണവും എത്തുന്നില്ല. സ്വര്‍ണക്കള്ളക്കടത്ത്, ലൈഫ് മിഷന്‍ കേസുകള്‍ പാതിവഴിയില്‍ അവസാനിപ്പിച്ചു. കരുവന്നൂരിലെ അന്വേഷണവും ആവിയായി പോകും. സര്‍ക്കാരിനെ സഹായിക്കുന്ന സമീപനമാണ് കേരളത്തില്‍ ഇ.ഡി സ്വീകരിക്കുന്നത്. മാസപ്പടി ആരോപണത്തില്‍ കള്ളപ്പണം വെളുപ്പിക്കലാണ് നടന്നത്. എന്നിട്ടും കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷിക്കേണ്ട ഇ.ഡി അതേക്കുറിച്ച് അന്വേഷിച്ചില്ല. ഇ.ഡി കേരളത്തില്‍ പക്ഷപാതത്തോടെയാണ് പെരുമാറുന്നത്.

സംസ്ഥാനത്ത് ഗുരുതര സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് ഹൈക്കോടതിയില്‍ സമ്മതിച്ചെങ്കിലും അത് അംഗീകരിക്കാന്‍ മുഖ്യമന്ത്രിക്ക് മടിയാണ്. കേരളം ഇതുവരെ കാണാത്ത ഭയനാകമായ ധനപ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്. ലക്ഷക്കണക്കിന് രൂപയുടെ കടത്തിലേക്കാണ് കേരളം കൂപ്പുകുത്തിക്കൊണ്ടിരിക്കുന്നത്. സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ആറ് മാസമായി കൊടുക്കാത്തത് കൊണ്ടാണ് 80 വയസുള്ള വയോധികമാര്‍ക്ക് അടിമാലിയില്‍ പിച്ചയെടുക്കേണ്ടി വന്നത്. ഇപ്പോള്‍ സി.പി.എം സൈബര്‍ സെല്ലുകള്‍ ആക്രമിക്കുന്നത് 80 വയസു കഴിഞ്ഞ ഈ പാവം സ്ത്രീകളെയാണ്. ആ അമ്മമാരുടെ വീട് ആക്രമിച്ചെന്ന പരാതി അന്വേഷിക്കണം.

ഒരു ലക്ഷം പേരാണ് പെന്‍ഷന്‍ പരിഷ്‌ക്കരണ കുടിശിക കിട്ടാതെ മരിച്ചു പോയത്. കേന്ദ്രത്തില്‍ നിന്ന് പണം കിട്ടാത്തത് കൊണ്ടാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കേന്ദ്രത്തില്‍ നിന്നും പണം കിട്ടാത്തത് കൊണ്ട് മാത്രമല്ല സംസ്ഥാനത്ത് ധനപ്രതിസന്ധിയുണ്ടായത്. അഞ്ച് വര്‍ഷമായി ജി.എസ്.ടി കോമ്പന്‍സേഷന്‍ കിട്ടുന്നില്ലെന്ന് പറയുന്ന സര്‍ക്കാര്‍ ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. വാറ്റും ജി.എസ്.ടിയും വന്നപ്പോള്‍ അഞ്ച് വര്‍ഷത്തേക്ക് മാത്രമെ കോമ്പന്‍സേഷന്‍ ഉണ്ടായിരുന്നുള്ളൂ.

2022 ജൂണില്‍ ജി.എസ്.ടി കോമ്പന്‍സേഷന്‍ കാലാവധി അവസാനിച്ചു. കേരളമായിരുന്നു ജി.എസ്.ടിയില്‍ ഏറ്റവും കൂടുതല്‍ വരുമാനം ഉണ്ടാക്കേണ്ട സംസ്ഥാനം. എന്നാല്‍ ജി.എസി.ടിക്ക് അനുരോധമായി നികുതി ഭരണസംവിധാനം പുനസംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. ജി.എസ്.ടി വകുപ്പില്‍ നൂറു കണക്കിന് ജീവനക്കാര്‍ ഇപ്പോഴും വെറുതെയിരിക്കുകയാണ്. നികുതി പിരിക്കേണ്ട ഇന്റലിജന്‍സ് അഡീ. കമ്മിഷണറെക്കൊണ്ട് മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും കേരളീയത്തിന് പണം പിരിപ്പിച്ചു. നികുതി വെട്ടിപ്പുകാരെ പിടിക്കേണ്ട ഇന്റലിജന്‍സ് അഡീ. കമ്മിഷണര്‍ അവരെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും കേരളീയത്തിന് പണം ഉണ്ടാക്കിക്കൊടുക്കുകയാണ് ചെയ്തത്. നിയമവിരുദ്ധമായ പ്രവര്‍ത്തനം നടത്തിയ ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സതീശൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VD SatheesanCPM and LDFNava Kerala Sadas
News Summary - VD Satheesan says that Navakerala Sadas is a political propaganda program of CPM and LDF
Next Story