രാജസ്ഥാൻ: ഗെഹ്ലോട്ട് സർക്കാറിനെ പിന്തുണക്കാൻ വസുന്ധര രാജെ ആവശ്യപ്പെട്ടുവെന്ന് വെളിപ്പെടുത്തൽ
text_fieldsന്യൂഡൽഹി: രാജസ്ഥാൻ കോൺഗ്രസിലെ പൊട്ടിത്തെറി രൂക്ഷമായിരിക്കെ പുതിയ വെളിപ്പെടുത്തലുമായി ബി.ജെ.പി സഖ്യകക്ഷി. മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ വസുന്ധര രാജെ കോൺഗ്രസ് എം.എൽ.എമാരോട് അശോക് ഗെഹ്ലോട്ടിനെ പിന്തുണക്കാൻ ആവശ്യപ്പെട്ടതായി രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി എം.പിയായ ഹനുമൻ ബെനിവാൾ ആണ് വെളിപ്പെടുത്തിയത്.
"മുൻ മുഖ്യമന്ത്രി വസുന്ധര രാജെ തനിക്ക് അടുപ്പമുള്ള കോൺഗ്രസ് എം.എൽ.എമാരെ വിളിച്ച് അശോക് ഗെഹ്ലോട്ടിനെ പിന്തുണക്കാൻ ആവശ്യപ്പെട്ടു. സികാറിലെയും നാഗൗരിലെയും ജാട്ട് വിഭാഗക്കാരായ ഓരോ എം.എൽ.എമാരെയും അവർ വിളിച്ച് സചിൻ പൈലറ്റിൽനിന്ന് അകന്നുനിൽക്കാൻ ആവശ്യപ്പെട്ടു. ഇതിന് തന്‍റെ കൈയിൽ തെളിവുണ്ട്" -ഹനുമൻ ബെനിവാൾ ട്വീറ്റ് ചെയ്തു.
ഇതോടെ രാജസ്ഥാൻ കോൺഗ്രസിനുള്ളിലെ പടലപ്പിണക്കത്തിൽ ബി.ജെ.പി ഇടപെട്ടതായ വിവരങ്ങളാണ് പുറത്തുവരുന്നത്. അശോക് ഗെഹ്ലോട്ടും വസുന്ധര രാജെയും തമ്മിൽ അന്തർധാര സജീവമാണെന്നും ആരോപണമുണ്ട്. കോൺഗ്രസിനുള്ളിൽ വൻ പൊട്ടിത്തെറിയുണ്ടായിട്ടും ബി.ജെ.പി പുലർത്തുന്ന മൗനം ശ്രദ്ധിക്കപ്പെട്ടിരുന്നു.
അതേസമയം, ബെനിവാളിന്‍റെ പ്രസ്താവനയെ ബി.ജെ.പി തള്ളി. ഇത്തരം പ്രസ്താവനകൾ ഒഴിവാക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് സതീഷ് പുനിയ ആവശ്യപ്പെട്ടു. വസുന്ധര രാജെ ഏറെ ബഹുമാനിക്കപ്പെടുന്ന നേതാവാണെന്നും പുനിയ പറഞ്ഞു.
വസുന്ധര രാജെയുടെ കടുത്ത വിമർശകനായ ഹനുമൻ ബെനിവാൾ 2018ലെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബി.ജെ.പി വിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
