വെങ്ങോല പഞ്ചായത്ത് ഭരണം, ലീഗിലെ തർക്കം മുതലെടുക്കാന്‍ ട്വന്റി20
text_fieldsപെരുമ്പാവൂര്‍: വെങ്ങോല പഞ്ചായത്തിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തിന് ലീഗ് അംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം ഭരണപ്രതിസന്ധിയിലേക്ക് നീങ്ങുന്ന സാഹചര്യം മുതലാക്കാൻ ട്വന്റി20. പഞ്ചായത്ത് മൂന്നാം വാര്‍ഡ് പ്രതിനിധി ലീഗിലെ ഷംന നാസറാണ് നിലവിലെ വൈസ് പ്രസിഡന്റ്.
ഒന്നര വര്‍ഷത്തിന് ശേഷം ലീഗ് സ്വതന്ത്രയായി ജയിച്ച ആറാം വാര്‍ഡംഗം നസീമ റഹീമിന് വെച്ചുമാറാമെന്നായിരുന്നു ധാരണ. എന്നാല്‍, ഒന്നര വര്‍ഷം തികഞ്ഞ് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഷംന നാസര്‍ തുടരുകയാണ്. ഇതോടെ ഭരണം പിടിക്കാന്‍ നസീമ റഹീമിനെ പിന്തുണക്കുന്നവരുമായി ട്വന്റി20 പ്രാഥമിക ചര്‍ച്ച നടത്തിയെന്നാണ് വിവരം. ലീഗ് ജില്ല കമ്മിറ്റിയിലെ പ്രധാന ഭാരവാഹികളില്‍ ചിലര്‍ ഷംന നാസറിനെ സംരക്ഷിക്കുന്നതാണ് ഭരണംപോലും പ്രതിസന്ധിയിലേക്ക് നീങ്ങാന്‍ ഇടയാക്കുന്നത്.
ലീഗിന്റെ പഞ്ചായത്ത്, മണ്ഡലം കമ്മിറ്റികള്‍ ഷംന നാസര്‍ ഒഴിയണമെന്ന ആവശ്യവുമായി രംഗത്തുണ്ടെങ്കിലും ഇവിടത്തെ ഒരു പ്രധാന ജില്ല ഭാരവാഹിയാണ് പിന്തുണയുമായി രംഗത്തുള്ളത്. കോണ്‍ഗ്രസ് ജില്ല നേതൃവുമായി ഉണ്ടാക്കിയ കരാറിന് വിഭിന്നമായി മൂന്ന് വര്‍ഷം ഷംന നാസര്‍ തന്നെ തുടരുകയും മുന്‍ ധാരണപ്രകാരം രണ്ടുവര്‍ഷം കോണ്‍ഗ്രസ് പ്രതിധിനിക്ക് വെച്ചുമാറാമെന്നുമാണ് നേതാവിെൻറ നിലപാടത്രേ. ഇതിനോടകം കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും പരിഹാരമായില്ല. ബെന്നി ബഹനാന് എം.പി, എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ എന്നിവരുള്‍പ്പെടെ പ്രശ്നം പരിഹരിക്കാന്‍ രംഗത്തുണ്ട്.
ട്വന്റി20ക്ക് നിര്‍ണായക സ്വാധീനമുള്ള പഞ്ചായത്താണ് വെങ്ങോല. ആകെ 23 സീറ്റില്‍ ട്വന്റി20 എട്ട്, യു.ഡി.എഫ് ഒമ്പത്, എല്‍.ഡി.എഫ് ആറ് എന്നിങ്ങനെയാണ് കക്ഷിനില. ലീഗ് സ്വതന്ത്രയായി ജയിച്ച നസീമ റഹീമിന്റെ പിന്തുണയിലാണ് യു.ഡി.ഫ് അംഗബലം ഒമ്പതിലെത്തിച്ച് ഭരണം പിടിച്ചതെന്നുള്ളത് ശ്രദ്ധേയമാണ്. നസീമ റഹീം ട്വന്റി20യുമായി സഹകരിച്ചാല്‍ കോണ്‍ഗ്രസിന് പഞ്ചായത്ത് നഷ്ടമാകുമെന്ന ആശങ്ക കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്.
സംസ്ഥാന നേതൃത്വത്തില്‍ യു.ഡി.എഫിന്റെ മുന്‍നിര നേതാക്കളില്‍ ഒരാളായ ബെന്നി ബഹനാന്റെ ജന്മനാടായ വെങ്ങോലയില്‍ ഭരണം നഷ്ടപ്പെട്ടാല്‍ അത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാകുമെന്നുള്ള നിലക്ക് പ്രദേശിക നേതൃത്വം ലീഗിലെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തുണ്ട്.
ഇതിന്റെ ഭാഗമായി കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ളവരെ പ്രശ്നം ധരിപ്പിച്ചെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

