രാഷ്ട്രീയ യുദ്ധത്തിന് ‘സ്വപ്നായുധം’
text_fieldsതിരുവനന്തപുരം: കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ കൈയടി വാങ്ങി സർക്കാർ മുന്നോട്ട് പോകവെ പ്രതിപക്ഷത്തിന് വീണുകിട്ടിയ ആയുധമാകുകയാണ് സ്വർണക്കടത്തും മുഖ്യപ്രതി സ്വപ്ന സുരേഷിെൻറ ഉന്നത ബന്ധങ്ങളും.
പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറും സ്വപ്നയുമായുള്ള ബന്ധം മുഖ്യമന്ത്രിയിലേക്കും അദ്ദേഹത്തിെൻറ ഓഫിസിലുമെത്തിക്കാനുള്ള ശ്രമം യു.ഡി.എഫും ബി.ജെ.പിയും തുടരുമ്പോൾ പ്രതിപക്ഷത്തെ പലരുമായും സ്വപ്നക്ക് ബന്ധമുണ്ടെന്ന് വരുത്തിത്തീർക്കാനാണ് ഭരണപക്ഷ നീക്കം.
മുഖ്യമന്ത്രിയുടെ ഓഫിസിനെ പ്രതിക്കൂട്ടിലാക്കി ആരോപണം ഉയർന്നപ്പോൾതന്നെ മുതിർന്ന കോൺഗ്രസ് നേതാവിെൻറ മരുമകളാണ് സ്വപ്നയെന്ന മറുപ്രചാരണമുണ്ടായി. തന്നെ വ്യക്തിഹത്യ ചെയ്യാനുള്ള നീക്കത്തിനെതിരെ കോൺഗ്രസ് നേതാവ് തമ്പാനൂർ രവി ഡി.ജി.പിക്ക് പരാതിയും നൽകി. അതിനിടെയാണ് മുഖ്യമന്ത്രി പിണറായി വിജയനൊപ്പം സ്വപ്ന നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നത്. സ്വപ്നക്കൊപ്പമുള്ള പ്രതിപക്ഷ-മതനേതാക്കളുടെ ചിത്രങ്ങൾ ആയുധമാക്കിയായിരുന്നു മറുവെടി. സ്പീക്കർ പി. ശ്രീരാമകൃഷ്ണന് സ്വപ്നയുമായി അടുത്ത ബന്ധമുണ്ടെന്ന നിലയിലുള്ള പ്രചാരണമായി അടുത്ത നീക്കം.
സ്വപ്നക്ക് ഐ.ടി വകുപ്പിന് കീഴിൽ താൽക്കാലിക നിയമനം നൽകിയത് സർക്കാറല്ലെന്നും അവർ മുമ്പ് ജോലി ചെയ്ത സ്ഥാപനങ്ങളിലെ പ്രകടനം നോക്കിയാണ് ജോലി ലഭിച്ചതെന്നുമുള്ള പ്രസ്താവനയിലൂടെ യു.ഡി.എഫിനെ പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയത്.
യു.എ.ഇ കോൺസുലേറ്റിലും എയർ ഇന്ത്യ സാറ്റ്സിലും സ്വപ്നക്ക് ജോലി കിട്ടാൻ ശിപാർശ ചെയ്തവർ ആരൊക്കെയെന്ന് പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞുവെച്ചു. മറുപടിയുമായി ശശി തരൂർ എം.പി രംഗത്തെത്തി. യു.എ.ഇ കോൺസുലേറ്റിലേക്ക് ആരെയും താൻ ശിപാർശ ചെയ്തിട്ടില്ലെന്നും തനിക്കോ ഓഫിസിനോ ഈ വിവാദവുമായി ബന്ധമില്ലെന്നുമായിരുന്നു തരൂരിെൻറ വിശദീകരണം.
എയർ ഇന്ത്യ സാറ്റ്സിൽ സ്വപ്നക്ക് ജോലി ലഭിക്കാൻ ചില യു.ഡി.എഫ് ഉന്നതർ ശിപാർശ ചെയ്തിരുന്നെന്ന ആക്ഷേപവുമായി വ്യാജരേഖ കേസിൽ ആരോപണവിധേയനായ മുൻ വൈസ് ചെയർമാനെത്തന്നെ സർക്കാർ വൃത്തങ്ങൾ കൊണ്ടുവന്നു.
മുഖ്യമന്ത്രിക്കും ഓഫിസിനുമെതിരെ അന്വേഷണം തിരിച്ചുവിടാനാണ് തുടക്കം മുതൽ പ്രതിപക്ഷ നീക്കം.
അതിനുപിന്നാലെയാണ് കേന്ദ്ര സർക്കാറിനെ വിഷയത്തിൽ ഇടപെടുത്താൻ സംസ്ഥാന ബി.ജെ.പി നേതാക്കൾ ശ്രമം തുടങ്ങിയതും കേന്ദ്ര നേതൃത്വത്തിന് കത്തയച്ചതും. തുടർന്നാണ് വിഷയത്തിൽ കേന്ദ്ര ആഭ്യന്തര-വിദേശകാര്യവകുപ്പുകളുടെ ഇടപെടൽ ഉണ്ടായതും കേന്ദ്ര ഏജൻസികൾ വിഷയത്തിൽ ഇടപെട്ടതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
