Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
തമിഴകം ശൂന്യതയില്‍; കണ്ണുവെച്ച് പാര്‍ട്ടികള്‍
cancel

ന്യൂഡല്‍ഹി: ജയലളിതയുടെ ഓര്‍മക്കുടീരം തീര്‍ത്ത് മറീന ബീച്ചില്‍നിന്ന് തിരിച്ചൊഴുകിയ തമിഴക മനസ്സില്‍ നേതൃദാരിദ്ര്യത്തിന്‍െറ വലിയൊരു ശൂന്യതയും വേദനയുമുണ്ട്. ആ മനസ്സിലേക്ക് കടന്നു കയറാനുള്ള ശ്രമത്തില്‍ ഏതു നേതാവ് വിജയിക്കുമെന്ന് അങ്ങേയറ്റം ആകാംക്ഷയോടെ രാജ്യം ഉറ്റുനോക്കുന്നു. കാരണം, തമിഴ്നാട് മാറുകയാണ്. ദേശീയ രാഷ്ട്രീയത്തിന്‍െറ ഗതിയെയും ആ മാറ്റം സ്വാധീനിക്കും.

തമിഴ്നാടിന്‍െറ മുക്കുമൂലകളിലെ പാവങ്ങള്‍ തലതല്ലിയത് സൗജന്യങ്ങളുടെ കൈത്താങ്ങു നല്‍കിയ അമ്മ വേര്‍പിരിഞ്ഞതിന്‍െറ വേദനകൊണ്ടാണ്. അതിനൊപ്പം ദേശീയ രാഷ്ട്രീയത്തിന്‍െറ വിവിധ കോണുകളില്‍നിന്ന് നേതാക്കളും രാജാജി ഹാളിലേക്ക് ഒഴുകിയിറങ്ങിയത് ആ മരണത്തിന്‍െറ രാഷ്ട്രീയ പ്രാധാന്യം വിളിച്ചുപറഞ്ഞു. ജനസമ്മതിയുള്ള പിന്തുടര്‍ച്ചാവകാശി അന്യംനിന്ന ദ്രാവിഡ മുന്നേറ്റ കഴകത്തിന്‍െറ നേതാക്കള്‍ക്കും അണികള്‍ക്കും ദിശാബോധം നഷ്ടപ്പെട്ടുവെന്ന ബോധ്യം അവരെ ഭരിക്കുന്നു.

പാദുകപൂജ നടത്തുന്ന മുഖ്യമന്ത്രി പന്നീര്‍സെല്‍വം, പിന്‍സീറ്റ് ഡ്രൈവിങ് നടത്തുമെന്ന് ഉറപ്പിക്കാവുന്ന തോഴി ശശികല, ദേശീയതലത്തില്‍ പാര്‍ട്ടിയുടെ പാലമായി നില്‍ക്കുന്ന ലോക്സഭാ ഡെപ്യൂട്ടി സ്പീക്കര്‍ തമ്പിദുരെ എന്നിങ്ങനെ, ജയലളിതയില്ലാത്ത പാര്‍ട്ടിയെ നയിക്കാന്‍ പ്രത്യക്ഷത്തില്‍ മൂന്നു നേതൃമുഖങ്ങളുണ്ട്.

അവര്‍ക്കിടയിലെ കിടമത്സരത്തിനാണ് വരുംനാളുകളില്‍ തമിഴകം സാക്ഷ്യംവഹിക്കാന്‍ പോകുന്നത്. എന്നാല്‍, ഇവരില്‍ പ്രബലരെ സ്വന്തം കുടക്കീഴിലേക്ക് വലിച്ചടുപ്പിക്കാനുള്ള ദേശീയ പാര്‍ട്ടികളുടെ പിന്നാമ്പുറ നീക്കങ്ങളിലാണ് കഥയുടെ കാതല്‍. 1989 വരെ അഞ്ചു കൊല്ലം രാജ്യസഭാംഗമായതൊഴിച്ചാല്‍ ജയലളിത ദേശീയ സ്ഥാനങ്ങളൊന്നും വഹിച്ചിട്ടില്ല. എന്നാല്‍, 1993ല്‍ നരസിംഹറാവു മന്ത്രിസഭക്കുള്ള പിന്തുണ പിന്‍വലിച്ചത്, ’98ല്‍ വാജ്പേയിയെ പിന്താങ്ങിയത്, ’99ല്‍ വാജ്പേയിക്കുള്ള പിന്തുണ പിന്‍വലിച്ചത്, പിന്നെ നരേന്ദ്ര മോദിയുമായി പുലര്‍ത്തിവന്ന അടുപ്പം എന്നിങ്ങനെ സ്വന്തം താല്‍പര്യങ്ങള്‍ക്കൊത്ത് ജയലളിത ദേശീയ രാഷ്ട്രീയത്തെ പലതരത്തില്‍ പിടിച്ചുകുലുക്കുകയും സ്വാധീനിക്കുകയുമൊക്കെ ചെയ്തു. ആ നേതാവില്ലാത്ത എ.ഐ.എ.ഡി.എം.കെയുടെ പുതിയ കപ്പിത്താന്മാരെ ദേശീയ പാര്‍ട്ടികള്‍ക്ക് എല്ലാവിധത്തിലും ആവശ്യമുണ്ടെന്നാണ് ആ കുത്തൊഴുക്കിന്‍െറ സാരം.

ഇക്കൊല്ലം മാത്രം നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞ തമിഴ്നാട്ടില്‍ പന്നീര്‍സെല്‍വത്തിന്‍െറ നേതൃത്വത്തിലുള്ള മന്ത്രിസഭക്ക് മാസങ്ങളോളം ഇളക്കമുണ്ടാകേണ്ട കാര്യമില്ല. ‘അമ്മ’യോടുള്ള വികാരത്തള്ളല്‍ അടങ്ങുന്നതുവരെ, അധികാരം പങ്കുവെക്കുന്നതിലെ പ്രശ്നങ്ങള്‍ പുറത്തേക്ക് പൊട്ടിയൊലിക്കാതെ നേതാക്കള്‍തന്നെ ശ്രദ്ധിക്കാതിരിക്കില്ല. എന്നാല്‍, ഏറെക്കാലം അങ്ങനെ മുന്നോട്ടു പോകാന്‍ പുതിയ അധികാര സമവാക്യങ്ങള്‍ സമ്മതിച്ചെന്നുവരില്ല. പ്രശ്നങ്ങള്‍ പറഞ്ഞൊതുക്കാന്‍ ഇരുത്തംവന്ന നേതാക്കളും എ.ഐ.എ.ഡി.എം.കെക്കില്ല.

ഫലത്തില്‍ മുമ്പെന്നത്തേക്കാള്‍ പുറംശക്തികളുടെ സ്വാധീനത്തിന് വഴിപ്പെടാവുന്ന നേതാക്കളുടെ കൂട്ടമായി, പലവഴിക്ക് പിടിച്ചു വലിക്കപ്പെടുന്ന പാര്‍ട്ടിയായി മാറുകയാണ് എ.ഐ.എ.ഡി.എം.കെ. അതില്‍ ഏറ്റവും കൂടുതല്‍ സാധ്യത കാണുന്ന പാര്‍ട്ടി ബി.ജെ.പിയാണ്. ദ്രാവിഡ രാഷ്ട്രീയത്തില്‍ ഉറച്ചുനിന്ന് ശക്തരായ പ്രാദേശിക പാര്‍ട്ടിയായി മുന്നോട്ടുനീങ്ങാന്‍ തക്ക കെല്‍പുള്ളവര്‍ അമരത്തില്ളെന്ന സൗകര്യം ബി.ജെ.പി മുന്നില്‍ക്കാണുന്നു.
സംസ്ഥാനത്ത് ജനപിന്തുണ ആര്‍ജിക്കാന്‍ കഴിയുന്ന നേതൃമുഖം ബി.ജെ.പിക്കുമില്ല.

തമിഴകത്തിന്‍െറ താല്‍പര്യത്തില്‍ ഊന്നിനില്‍ക്കുന്ന പ്രാദേശിക രാഷ്ട്രീയത്തില്‍നിന്ന് കാവിയിലേക്കൊരു മാറ്റം പൊടുന്നനെ സാധ്യവുമല്ല. എന്നാല്‍, സഖ്യകക്ഷിയും സാമന്തരുമായി കിട്ടിയാല്‍കൂടി ബി.ജെ.പിയുടെ ലക്ഷ്യത്തിലേക്ക് വലിയൊരു ചുവടാണത്. ശശികലയുടെ തലയില്‍ കൈവെച്ച് ആശ്വസിപ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും, അദ്ദേഹത്തിനു മുന്നില്‍ വിതുമ്പുന്ന പന്നീര്‍സെല്‍വവും തമ്പിദുരെയുമൊക്കെ മരണാനന്തര ദിവസത്തെ വലിയ രാഷ്ട്രീയ ചിത്രങ്ങളാണ്.

ജയലളിതയുടെ പാര്‍ട്ടിക്കാരെ വളക്കാന്‍ കേന്ദ്രാധികാരത്തിന്‍െറ സൗകര്യംകൂടിയുണ്ട് ബി.ജെ.പിക്ക്. അഴിമതിയിലും സ്വജനപക്ഷപാതത്തിലും മുങ്ങിക്കിടക്കുന്ന തമിഴക രാഷ്ട്രീയക്കാരെ മെരുക്കാന്‍ വേണ്ടിവന്നാല്‍ സി.ബി.ഐ പോലുള്ള കേന്ദ്ര ഏജന്‍സികള്‍ കളത്തിലിറങ്ങിയെന്നും വരും.
ജയലളിത മണ്‍മറഞ്ഞ തമിഴ്നാട്ടില്‍ സ്വന്തം പാര്‍ട്ടി സ്വാധീനം വര്‍ധിക്കുമെന്ന് ബി.ജെ.പി മാത്രമല്ല കണക്കുകൂട്ടുന്നത്.

തമിഴകത്തിന്‍െറ വേദന ഉള്‍ക്കൊണ്ട് രാജാജി ഹാളിലേക്കും എം.ജി.ആര്‍ സ്മൃതിമണ്ഡപത്തിലേക്കും ദേശീയ നേതാക്കള്‍ ഒഴുകിയതിന് രാഷ്ട്രീയം മാത്രമല്ല കാരണം. എങ്കിലും ബദ്ധവൈരികളായ ഡി.എം.കെ മുതല്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ആം ആദ്മി പാര്‍ട്ടിയുമൊക്കെ വരുംതെരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ ഇടം തങ്ങള്‍ക്ക് കിട്ടുമെന്ന് തീര്‍ച്ചയായും കണക്കുകൂട്ടുന്നുണ്ട്. എന്നാല്‍, അവരെക്കാള്‍ വീറോടെ തമിഴകത്തിനു വേണ്ടി കരുനീക്കം നടത്തുന്നത് ബി.ജെ.പിയായിരിക്കും. കാമരാജിനെ സമ്മാനിച്ച കോണ്‍ഗ്രസാകട്ടെ, മുമ്പെന്നത്തേക്കാള്‍ ദൗര്‍ബല്യത്തിലുമാണ്.

Show Full Article
TAGS:jayalalitha death political party thamil nadu 
Web Title - thamil nadu get vaccuum; other parties ready to fill
Next Story