തെലങ്കാന: വിശാലസഖ്യത്തിൽ സീറ്റ് ധാരണ; കോൺഗ്രസ് 90 സീറ്റിൽ മത്സരിച്ചേക്കും
text_fieldsഹൈദരാബാദ്: അടുത്തമാസം ഏഴിന് നടക്കുന്ന തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നയിക്കുന്ന വിശാല സഖ്യത്തിലെ കക്ഷികൾ തമ്മിൽ സീറ്റ് വിഭജന ചർച്ച പൂർത്തിയായി. കഴിഞ്ഞ ഒരാഴ്ചയായി നടക്കുന്ന ചർച്ചക്കൊടുവിലാണ് തെലുഗു ദേശം പാർട്ടി (ഡി.ടി.പി), തെലങ്കാന ജനസമിതി, സി.പി.െഎ എന്നീ കക്ഷികളും കോൺഗ്രസും തമ്മിൽ ധാരണയിലെത്തിയത്.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അന്തിമാനുമതിക്കു ശേഷമായിരിക്കും സീറ്റ് പ്രഖ്യാപനമെന്ന് സംസ്ഥാന കോൺഗ്രസ് നേതാവും എ.െഎ.സി.സി അംഗവുമായ ആർ.സി. ഖുംതിയ പറഞ്ഞു. 119 അംഗ സഭയിൽ കോൺഗ്രസ് ചുരുങ്ങിയത് 90 സീറ്റുകളിലെങ്കിലും മത്സരിക്കുമെന്ന് അദ്ദേഹം സൂചന നൽകി. 14-18 സീറ്റുകൾ തങ്ങൾക്ക് ലഭിക്കുമെന്നാണ് കരുതുന്നതെന്ന് മുതിർന്ന ടി.ഡി.പി നേതാവ് പറഞ്ഞു. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കഴിഞ്ഞയാഴ്ച ഡൽഹിയിൽ ചർച്ച നടത്തിയിരുന്നു.
തെലങ്കാന ജനസമിതി 12 സീറ്റുകൾ ആവശ്യപ്പെട്ടിട്ടുെണ്ടന്നും കോൺഗ്രസ് 10 സീറ്റ്വരെ വാഗ്ദാനം ചെയ്തുവെന്നും പാർട്ടിയുടെ സ്ഥാപകനേതാവ് കൂടിയായ പ്രഫ. എം. കോദണ്ഡരാം പറഞ്ഞു. സി.പി.െഎക്ക് മൂന്ന് സീറ്റാണ് വാഗ്ദാനം. ഇത് കൂടാതെ രണ്ട് എം.എൽ.സി സീറ്റ് കൂടി തങ്ങൾക്ക് ലഭിക്കുമെന്ന് സി.പി.െഎ ജനറൽ സെക്രട്ടറി സുരവാരം സുധാകർ റെഡ്ഡി പറഞ്ഞു. തെലങ്കാന രാഷ്ട്രസമിതിയും(ടി.ആർ.എസ്), ബി.െജ.പിയും തനിച്ചാണ് മത്സരിക്കുന്നത്.
