നോട്ട് പ്രതിസന്ധി: പ്രതിപക്ഷത്തെ വിള്ളല്‍ തീര്‍ക്കാന്‍ സോണിയ രംഗത്ത്
text_fieldsന്യൂഡല്‍ഹി: നോട്ട് പ്രതിസന്ധിയില്‍ പാര്‍ലമെന്‍റില്‍ ഒറ്റക്കെട്ടായി നിന്ന് ഒടുവില്‍ ഭിന്നിച്ച് പിരിഞ്ഞ പ്രതിപക്ഷ പാര്‍ട്ടികളെ കൂട്ടിയിണക്കാന്‍ കോണ്‍ഗ്രസ് രംഗത്ത്. ഈ മാസം 27ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗവും സംയുക്ത വാര്‍ത്തസമ്മേളനവും നടത്തും.
ശീതകാല സമ്മേളനത്തിലുടനീളം നോട്ട് നിരോധനത്തിനെതിരെ ഒന്നിച്ചുനിന്ന് കേന്ദ്രസര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയ പ്രതിപക്ഷം, പാര്‍ലമെന്‍റ് പിരിയുന്നതിനു തലേന്ന് കര്‍ഷക പ്രതിസന്ധിയുമായി ബന്ധപ്പെട്ട നിവേദനം സമര്‍പ്പിക്കാനായി നടന്ന രാഹുല്‍-മോദി കൂടിക്കാഴ്ചയെച്ചൊല്ലിയാണ് ഭിന്നിച്ച് പിരിഞ്ഞത്. ഇതേതുടര്‍ന്ന് പാര്‍ലമെന്‍റ് സമ്മേളനത്തിന്‍െറ അവസാനം രാഷ്ട്രപതിയെ കാണാനുള്ള സംഘത്തില്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും അണിനിരത്താന്‍ കോണ്‍ഗ്രസിനായില്ല.
നോട്ട് നിരോധനത്തെ എതിര്‍ക്കുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മില്‍പോലും ഐക്യമില്ളെന്നു ചൂണ്ടിക്കാട്ടി മോദി രംഗത്തുവരുകയും ചെയ്തു. ഇതോടെയാണ് സോണിയ ഗാന്ധി തന്നെ രംഗത്തിറങ്ങിയത്. പ്രതിപക്ഷ നേതാക്കളെ സോണിയയുടെ പേരിലാണ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടുള്ളത്. സി.പിഎം, സി.പി.ഐ, ടി.എം.സി, ജെ.ഡി.യു, എസ്.പി, ബി.എസ്.പി, ജെ.ഡി.എസ്, എന്‍.സി.പി, ആര്‍.ജെ.ഡി തുടങ്ങിയ പാര്‍ട്ടികളെയാണ് ക്ഷണിച്ചത്.
ഡല്‍ഹി കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ളബിലാണ് യോഗവും വാര്‍ത്തസമ്മേളനവും. എ.ഐ.സി.സി ഓഫിസില്‍ യോഗം നടത്തിയാല്‍ അത് കോണ്‍ഗ്രസ് പരിപാടിയായി ചുരുങ്ങിപ്പോകാതിരിക്കാനാണിത്.
നോട്ട് പ്രതിസന്ധി അവസാനിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞ സമയപരിധി അടുത്തത്തെിയിട്ടും പരിഹാരം അകലെയാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാറിനെതിരായ ആക്രമണം ശക്തമാക്കാനാണ് കോണ്‍ഗ്രസ് നീക്കം. പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിച്ചുനിര്‍ത്തുന്നതുവഴി മോദിയെ പ്രതിരോധത്തിലാക്കാനും അതുവഴി അടുത്തവര്‍ഷമാദ്യം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന യു.പി, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് തിരിച്ചടി നല്‍കാമെന്നുമാണ് കണക്കുകൂട്ടല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
