രാജസ്ഥാനിൽ ജാതി സമവാക്യങ്ങൾ നിർണായകം
text_fieldsജയ്പൂർ: രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പിൽ ഏറെ നിർണായകമാണ് ജാതി വോട്ടുകൾ. വിവിധ ജാതി വിഭാഗങ്ങൾ റുഡ്യാർഡ് ക്ലിപ്പിങ്ങിെൻറ ഇൗസ്റ്റ് ആൻഡ് വെസ്റ്റിലേതു പോലെ ഒരിക്കലും യോജിക്കാത്ത എതിർദിശയിലായിരിക്കും സഞ്ചരിക്കുക. ഇത്തവണയും അക്കാര്യത്തിൽ വ്യത്യാസമുണ്ടാവില്ല.
ഡിസംബറിലെ തെരഞ്ഞെടുപ്പിൽ നാല് ജാതി വിഭാഗങ്ങളുടെ വോട്ടുകളാണ് നിർണായകമാവുക. ജാട്ട്, രജപുത്ര, ഗുജ്ജർ, മീണ വിഭാഗങ്ങളാണ് ഏെറ വോട്ട് സ്വാധീനമുള്ള ജാതികൾ. ഇതിൽതന്നെ ജാട്ടുകളും രജപുത്രരുമാണ് പ്രമുഖർ. പരമ്പരാഗതമായി ജാട്ടുകൾ കോൺഗ്രസിനൊപ്പവും രജപുത്രർ ബി.ജെ.പിക്കൊപ്പവുമാണ്. എന്നാൽ, ഇത്തവണ കാര്യങ്ങൾ അങ്ങനെത്തന്നെ ആവണമെന്നില്ല എന്ന സൂചനകളാണ് പുറത്തുവരുന്നത്. രജപുത്ര നേതാവ് മാനവേന്ദ്ര സിങ് കോൺഗ്രസിൽ ചേർന്നതും ജാട്ടുകളിലെ തീപ്പൊരി നേതാവ് ഹനുമാൻ ബെനിവാൽ ഇതുവരെ പിന്തുണ ആർക്കെന്ന് വ്യക്തമാക്കാത്തതുമാണ് പാർട്ടികളുടെ ആശങ്ക വർധിപ്പിക്കുന്നത്. ബി.ജെ.പിയിൽ ചേർന്ന മീണ നേതാവ് കിരോരി ലാൽ കോൺഗ്രസ് അധ്യക്ഷൻ സചിൻ പൈലറ്റിനെതിരെ രംഗത്തെത്തിയതും പ്രചാരണത്തെ കൊഴുപ്പിക്കുന്നു.
ബെനിവാൽ ഇൗമാസം 29ന് ജയ്പുരിൽ റാലി സംഘടിപ്പിക്കുന്നുണ്ട്. കോൺഗ്രസും ബി.ജെ.പിയും ഇത് ആകാംക്ഷയോടെയാണ് കാണുന്നത്. റാലിയിൽ ബെനിവാൽ പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്നും പിന്തുണ ആർക്കെന്ന് വ്യക്തമാക്കുമെന്നുമാണ് കരുതപ്പെടുന്നത്. കോൺഗ്രസിനും ബി.ജെ.പിക്കും പിന്തുണ നൽകുന്നില്ലെങ്കിൽ ബെനിവാലിെൻറ പാർട്ടി സംസ്ഥാനത്തിെൻറ പല ഭാഗത്തും മൂന്നാമത്തെ കക്ഷിയാവാൻ മാത്രം കരുത്തുറ്റതാവും. അങ്ങനെ സംഭവിച്ചാൽ ജാട്ട് വോട്ട് നഷ്ടം കൂടുതൽ ബാധിക്കുക കോൺഗ്രസിനെയായിരിക്കും. മാനവേന്ദ്ര സിങ്ങിനെ അണിയിലെത്തിച്ചതുവഴി രജപുത്ര വോട്ടുകൾ വർധിപ്പിച്ച് ഇൗ കുറവ് മറികടക്കാമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതൃത്വം. മീണ-ഗുജ്ജർ വിഭാഗങ്ങളെ ഇരുവശത്തു നിർത്തി വോട്ട് പിടിക്കാനും ബി.ജെ.പിയും കോൺഗ്രസും ശ്രമം സജീവമാക്കിയിട്ടുണ്ട്. ഇതിെൻറ ഭാഗമായാണ് അടുത്തിടെ ബി.ജെ.പിയിൽ ചേർന്ന മീണ നേതാവ് കിരോരി ലാൽ ഗുജ്ജർ വിഭാഗത്തിൽപ്പെട്ട കോൺഗ്രസ് അധ്യക്ഷൻ സചിൻ പൈലറ്റിനെതിരെ രംഗത്തെത്തിയത്. കോൺഗ്രസാവെട്ട പൈലറ്റിെൻറ ബലത്തിൽ ഗുജ്ജറുകളെ ഒപ്പംനിർത്താമെന്ന് കണക്കുകൂട്ടുന്നു.
രണ്ടുതവണ മാത്രമാണ് ജാതി വോട്ടുകൾ രാജസ്ഥാൻ തെരഞ്ഞെടുപ്പിൽ അത്ര നിർണായകമാവാതിരുന്നത്. 1989ൽ ജാട്ടുകളും രജപുത്രരും ഒരുമിച്ചപ്പോഴായിരുന്നു ഒന്ന്. ഭൈറോൺ സിങ് ശെഖാവതിെൻറ നേതൃത്വത്തിൽ ബി.ജെ.പിയും വി.പി. സിങ്ങിെൻറ ജനതാദളും കോൺഗ്രസിെനതിരെ ഒന്നിച്ചണിനിരന്നപ്പോഴാണ് ജാട്ടുകളും രജപുത്രരും അതിനെ പിന്തുണച്ചത്. 2014ൽ നരേന്ദ്ര മോദി തരംഗത്തിലും സമുദായ സമവാക്യങ്ങൾ ഒലിച്ചുപോയി. എന്നാൽ, ഇത്തവണ അങ്ങനെയാവില്ലെന്നും ജാതി വോട്ടുകൾ നിർണായകമാവുമെന്നുമാണ് വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
