You are here

അധ്യക്ഷനായി രാഹുല്‍; വിമതനായി ഉമ്മന്‍ ചാണ്ടി

  • നോട്ട് അസാധുവിനെതിരെ കോണ്‍ഗ്രസ് സമ്മേളനം:  സോണിയ എത്തിയില്ല

  • കേരളത്തില്‍നിന്ന്  പ്രമുഖ നേതാക്കള്‍ പങ്കെടുത്തു

23:58 PM
11/01/2017

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ മൂലമുള്ള ജനങ്ങളുടെ പ്രയാസം മുന്‍നിര്‍ത്തി കോണ്‍ഗ്രസ് ഡല്‍ഹിയില്‍ സംഘടിപ്പിച്ച ‘ജനവേദനാ സമ്മേളനം’ ഉള്‍പാര്‍ട്ടി തലത്തില്‍ പല കാരണങ്ങളാല്‍ ശ്രദ്ധേയമായി. വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ എത്തിയ വിപുലമായ ചടങ്ങില്‍  സോണിയ ഗാന്ധി പങ്കെടുത്തില്ല. അതിനാല്‍,  ഉപാധ്യക്ഷനായി തുടരുമ്പോഴും രാഹുല്‍ ഗാന്ധി പാര്‍ട്ടി നേതൃത്വം ഏറ്റെടുത്തതിന്‍െറ വിളംബരമായി മാറി പരിപാടി. സമ്മേളനത്തിന്‍െറ ചുക്കാന്‍ രാഹുലിനായിരുന്നു. സംസ്ഥാന നേതൃത്വവും ഹൈകമാന്‍ഡുമായി ശീതസമരം തുടരുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിമതവേഷവും ശ്രദ്ധിക്കപ്പെട്ടു. വിവിധ കാരണങ്ങള്‍ നിരത്തുന്നുണ്ടെങ്കിലും എ ഗ്രൂപ്പിന്‍െറ അതൃപ്തി മറയില്ലാതെ പ്രകടമാക്കി ഉമ്മന്‍ ചാണ്ടി ഡല്‍ഹി യാത്ര വേണ്ടെന്നുവെക്കുകയായിരുന്നു. നോട്ട് അസാധുവാക്കല്‍ വഴിയുള്ള കെടുതികള്‍ ഉയര്‍ത്തിക്കാട്ടുന്നതിനിടയില്‍ രാഹുല്‍ നടത്തിയ വിദേശയാത്രയെ ബി.ജെ.പിയും മറ്റും വിമര്‍ശിച്ചിരുന്നു. വിഷയം തുടക്കം മുതല്‍ ഏറ്റെടുത്ത് പ്രക്ഷോഭം നടത്തിവരുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്‍െറ എം.പിമാര്‍ ഏതാനും ദിവസമായി രാഷ്ട്രപതി ഭവന്‍ മാര്‍ച്ച് അടക്കമുള്ള പ്രതിഷേധവും സംഘടിപ്പിച്ചു. 

ഇതിനിടയില്‍ കോണ്‍ഗ്രസ് മുന്‍നിരയില്‍ തന്നെയുണ്ടെന്ന് വിളംബരം ചെയ്യുന്ന പരിപാടി തിരക്കിട്ട് ആസൂത്രണം ചെയ്തതാണ്. താല്‍ക്കത്തോറ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ എ.ഐ.സി.സി സമ്മേളനത്തെ അനുസ്മരിപ്പിക്കുന്നവിധമാണ് പ്രതിഷേധ പരിപാടി നടന്നത്. എ.ഐ.സി.സി സമ്മേളനം അനിശ്ചിതമായി നീളുന്നുവെന്നും രാഹുലിന്‍െറ സ്ഥാനാരോഹണം വൈകുന്നുവെന്നുമുള്ള പരാതികള്‍ക്കിടയിലാണ് താല്‍ക്കത്തോറ വേദിയായി നിശ്ചയിച്ചത്. സോണിയ വിട്ടുനിന്ന് രാഹുലിന് സമ്മേളനത്തിന്‍െറ പൂര്‍ണചുമതല നല്‍കിയത് പുതിയ സന്ദേശമായി. ഡല്‍ഹിയില്‍ ഉണ്ടായിട്ടും കഴിഞ്ഞ പ്രവര്‍ത്തകസമിതി യോഗത്തിലും സോണിയ പങ്കെടുത്തിരുന്നില്ല. ഉമ്മന്‍ ചാണ്ടി വിട്ടുനിന്നെങ്കിലും കേരളത്തില്‍നിന്ന് പ്രമുഖ നേതാക്കളെല്ലാം എത്തി. പ്രവര്‍ത്തക സമിതിയംഗം എ.കെ. ആന്‍റണി വേദിയില്‍ മുന്‍നിരയില്‍ ഉണ്ടായിരുന്നു. 

കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡല്‍ഹിയുടെ ചുമതലയുള്ള എ.ഐ.സി.സി നേതാവ് പി.സി. ചാക്കോ, പാര്‍ലമെന്‍ററി പാര്‍ട്ടി സെക്രട്ടറി കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ക്കും വേദിയിലായിരുന്നു ഇരിപ്പിടം.തെരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് ഇന്ദിര ഗാന്ധിയുടെ ജന്മശതാബ്ദി പ്രമേയം അവതരിപ്പിച്ചത്. പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്‍മാന്‍ പ്രഫ. കെ.വി. തോമസ്, എം.പിമാരായ എം.കെ. രാഘവന്‍, എം.ഐ. ഷാനവാസ്, ആന്‍േറാ ആന്‍റണി, എം.എല്‍.എമാരായ വി.ഡി. സതീശന്‍, അന്‍വര്‍ സാദത്ത്, അനില്‍ അക്കര, കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ ഷാനിമോള്‍ ഉസ്മാന്‍, പി.സി. വിഷ്ണുനാഥ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ ശൂരനാട് രാജശേഖരന്‍, ശരത് ചന്ദ്രപ്രസാദ് എന്നിവര്‍ എത്തിയിരുന്നു. പുതിയ ഡി.സി.സി പ്രസിഡന്‍റുമാരായ നെയ്യാറ്റിന്‍കര സനല്‍, ബിന്ദുകൃഷ്ണ, എം. ലിജു, ബാബു ജോര്‍ജ്, ഇബ്രാഹിം കുട്ടി കല്ലാര്‍, ടി.ജെ. വിനോദ്, ടി. സിദ്ദീഖ്, വി.കെ. ശ്രീകണ്ഠന്‍, വി.വി. പ്രകാശ്, ഐ.സി. ബാലകൃഷ്ണന്‍ തുടങ്ങിയവരും പങ്കെടുത്തു. 
 

COMMENTS