രാഹുൽ ഗാന്ധി ഇപ്പോൾ ‘ബി.ജെ.പിയുടെ പപ്പ’; മോഹൻ യാദവിന്റെ ‘ജൂഠ് കി ഗൂഞ്ച്, പപ്പു’ പരിഹാസത്തിന് കോൺഗ്രസിന്റെ മറുപടി
text_fieldsന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിദ്യാർഥി സംഗമ പരിപാടിയെ ‘ജൂഠ് കി ഗൂഞ്ച്’ (നുണകളുടെ പ്രതിധ്വനി) എന്ന് പരിഹസിച്ച മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിന് മറുപടിയുമായി കോൺഗ്രസ്. രാഹുൽ ഗാന്ധിയുടെ വർധിച്ചുവരുന്ന ജനപിന്തുണയും രാഷ്ട്രീയ സ്വാധീനവും ബി.ജെ.പിയെ അസ്വസ്ഥമാക്കിയിരിക്കുകയാണെന്നും അതുകൊണ്ടാണ് ബി.ജെ.പി നേതാക്കൾ നിരന്തരം അദ്ദേഹത്തെ ലക്ഷ്യമിടുന്നതെന്നും കോൺഗ്രസ് പരിഹസിച്ചു. രാഹുൽ ഗാന്ധി ഇപ്പോൾ ബി.ജെ.പിയുടെ ‘പപ്പ’ ആയി മാറിയെന്നാണ് കോൺഗ്രസിന്റെ പരിഹാസം.
‘അവർ അദ്ദേഹത്തെ ‘പപ്പു’ എന്ന് വിളിച്ചുകൊണ്ടിരുന്നു. പക്ഷേ ഇപ്പോൾ അദ്ദേഹം എല്ലാവരുടെയും ‘പപ്പ’ ആയി മാറിയിരിക്കുന്നു’ -കോൺഗ്രസ് നേതാവ് പി.സി. ശർമ പ്രതികരിച്ചു. ‘രാഹുൽ ഗാന്ധി യുവാക്കൾക്ക് വേണ്ടി സംസാരിക്കാൻ ജന്തർ മന്തർ സന്ദർശിച്ചത് മുതൽ ബി.ജെ.പി ആശങ്കയിലാണ്. ഭാരതീയ ജനതാ പാർട്ടിയുടെ നേതാക്കൾക്ക് സ്വാതന്ത്ര്യ സമര ചരിത്രത്തെക്കുറിച്ചും റായ്ബറേലിയിൽ നിന്ന് തെരഞ്ഞെടുപ്പുകൾ മത്സരിക്കുന്നതിന്റെ കാരണത്തെക്കുറിച്ചും അറിയില്ല. പ്രതിപക്ഷ നേതാവിന്റെ പരിപാടിക്ക് 10 ലക്ഷം രൂപ ഡെപോസിറ്റ് പോലും അവർ ആവശ്യപ്പെട്ടു. ഇന്ത്യയുടെ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത ഒന്ന്. അവർ അദ്ദേഹത്തെ ‘പപ്പു’ എന്ന് വിളിച്ചുകൊണ്ടിരുന്നു. പക്ഷേ ഇപ്പോൾ അദ്ദേഹം എല്ലാവരുടെയും ‘പപ്പ’ ആയി മാറിയിരിക്കുന്നു. വീട്ടിലുള്ളവർ ഏറ്റവും കൂടുതൽ ‘പപ്പ’യെ ഭയപ്പെടുന്നതുപോലെ, മുഴുവൻ ബി.ജെ.പിയും ഇപ്പോൾ അദ്ദേഹത്തെ ഭയപ്പെടാൻ തുടങ്ങിയിരിക്കുന്നു’ പി.സി. ശർമ വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.
സെപ്റ്റംബർ 19ന് ഇൻഡോറിൽ രാഹുൽ ഗാന്ധി പങ്കെടുക്കുന്ന ‘ഛാത്രോം കി ഗൂഞ്ച്’ പരിപാടി നടക്കാനിരിക്കേ മോഹൻ യാദവ് രാഹുൽ ഗാന്ധിയെയും ഗാന്ധി കുടുംബത്തെയും രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരുന്നു. ജവഹർലാൽ നെഹ്റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നിവർ എന്തുകൊണ്ടാണ് ഡൽഹിയിൽ നിന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്നതെന്ന് മോഹൻ യാദവ് ചോദിച്ചു. വോട്ടർമാർക്ക് കുടുംബത്തെ നന്നായി അറിയാമായിരുന്നതിനാലാണ് ഡൽഹി ഒഴിവാക്കിയതെന്ന പരിഹാസവും അദ്ദേഹം ഉന്നയിച്ചു.
റായ്ബറേലി, അമേഠി, വയനാട് തുടങ്ങിയ മണ്ഡലങ്ങളിൽ നിന്ന് മത്സരിച്ചെങ്കിലും ഡൽഹിയിൽ നിന്ന് മത്സരിക്കാൻ നെഹ്റു കുടുംബം തയാറായില്ല. കടൽ തടസമായിരുന്നില്ലെങ്കിൽ അറബ് രാജ്യങ്ങളിലേക്കും പോയി തെരഞ്ഞെടുപ്പിൽ മത്സരിച്ചേനെയെന്നും മോഹൻ യാദവ് പരിഹസിച്ചിരുന്നു. ലാഡ്‍ലി ബെഹ്ന യോജനയുടെ 40ാം പ്രതിമാസ ഗഡു വിതരണം ചെയ്യുന്ന സംസ്ഥാനതല പരിപാടിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. ‘ഛാത്രോം കി ഗൂഞ്ച്’ പരിപാടിയെയും മോഹൻ യാദവ് വിമർശിച്ചു. ‘വിദ്യാർഥികളുമായും യുവാക്കളുമായും സംവദിക്കാനെന്ന പേരിൽ ജൂഠ് കി ഗൂഞ്ചിന് (നുണകളുടെ പ്രതിധ്വനികൾ) ഒരു നേതാവ് വരുന്നു. അവന്റെ പേര് തന്നെ പപ്പു എന്നാണ്. എന്തുചെയ്യാൻ കഴിയും?’ -രാഹുൽ ഗാന്ധിയെ വ്യക്തിപരമായി പരിഹസിച്ചും മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു.
രാജ്യത്തെ പരീക്ഷാ ക്രമക്കേടുകൾ, ചോദ്യപേപ്പർ ചോർച്ച, വർധിക്കുന്ന വിദ്യാഭ്യാസ ചെലവുകൾ, നിയമനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, തൊഴിലില്ലായ്മ എന്നിവ ഉൾപ്പെടെയുള്ള വിദ്യാർഥികളുടെ ആശങ്കകൾക്ക് ഒരു വേദി ഒരുക്കുന്നതാണ് രാഹുൽ ഗാന്ധിയുടെ ഛാത്രോം കി ഗൂഞ്ച് കാമ്പയിൻ. വിദ്യാർഥികളുടെ പരാതികൾ ദേശീയ രാഷ്ട്രീയ ചർച്ചകളിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

