Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightവിഴിഞ്ഞം റോഡ്...

വിഴിഞ്ഞം റോഡ് കണക്ടിവിറ്റിയുടെ പേരുപറഞ്ഞ് മുതലെടുപ്പിനു വരുന്നത് അപഹാസ്യം: സതീശന് മറുപടിയുമായി പിണറായി

text_fields
bookmark_border
https://www.madhyamam.com/tags/pinarayi-vijayan
cancel
camera_alt

പിണറായി വിജയൻ, വി.ഡി. സതീശൻ

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുടെ റോഡ് കണക്ടിവിറ്റി എൽ.ഡി.എഫ് സര്‍ക്കാര്‍ വൈകിപ്പിച്ചതായുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസ്താവന വസ്തുതാവിരുദ്ധവും അപഹാസ്യവുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.

വസ്തുതകളെ മറച്ചുവെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും വിഴിഞ്ഞം പദ്ധതിയുടെ ക്രെഡിറ്റ് ഏറ്റെടുക്കാനുമുള്ള വിലകുറഞ്ഞ രാഷ്ട്രീയ അഭ്യാസമാണിത്. വിഴിഞ്ഞം തുറമുഖത്തിന്റെ 100 ശതമാനം പ്രവൃത്തിയും നടന്നത് എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്താണ്. യു.ഡി.എഫ് സര്‍ക്കാര്‍ വന്ന് കേവലം രണ്ടരമാസം കൊണ്ട് എന്തോ വലിയ കാര്യം പൂര്‍ത്തീകരിച്ചതായി അവകാശപ്പെടുന്നത് വസ്തുതകള്‍ക്ക് നിരക്കുന്നതാണോയെന്നും പിണറായി, ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലൂടെ ചോദിച്ചു.

2022ല്‍ വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണത്തിനെതിരെ സമരം നടന്നപ്പോള്‍ അതിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചത് യു.ഡി.എഫ് ആണ്. അന്ന് പ്രതിപക്ഷ നേതാവായിരുന്ന ഇന്നത്തെ മുഖ്യമന്ത്രി സമരസ്ഥലം സന്ദര്‍ശിച്ച് തുറമുഖ നിർമാണം അനുവദിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചു. കൂട്ടത്തില്‍ അന്നത്തെ കെ.പി.സി.സി പ്രസിഡന്റും ഉണ്ടായിരുന്നു.

വിലകുറഞ്ഞ സമ്മർദങ്ങള്‍ക്കു മുമ്പില്‍ കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖ നിർമാണം നിര്‍ത്തിവെക്കില്ലെന്ന ഉറച്ച നിലപാടെടുത്തത് എല്‍.ഡി.എഫ് സര്‍ക്കാറാണ്. അന്ന് പദ്ധതി നിര്‍ത്തിവെക്കാന്‍ സമരം ചെയ്തവര്‍ ഇന്ന് എൽ.ഡി.എഫ് സര്‍ക്കാര്‍ 99 ശതമാനവും പൂര്‍ത്തീകരിച്ച റോഡ് കണക്ടിവിറ്റിയുടെ പേരും പറഞ്ഞ് മുതലെടുപ്പിനു വരുന്നത് അങ്ങേയറ്റം അപഹാസ്യകരമാണ്.

വിഴിഞ്ഞം പോര്‍ട്ടിനെ ദേശീയപാത 66മായി ബന്ധിപ്പിക്കുന്ന കണക്ടിവിറ്റി റോഡിനായി പദ്ധതി ആസൂത്രണം, ഭൂമി ഏറ്റെടുക്കല്‍, നിയമപരമായ നടപടികള്‍, സര്‍ക്കാര്‍ അനുമതികള്‍ തുടങ്ങി നിരവധി ഘട്ടങ്ങള്‍ അതിവേഗം മുന്നോട്ടുകൊണ്ടുപോയത് എൽ.ഡി.എഫ് സര്‍ക്കാറാണ്. സ്വന്തം മുന്നണിയുടെ മുന്‍ നിലപാടുകള്‍ മറച്ചുവെക്കാനും എൽ.ഡി.എഫ് സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയ പദ്ധതിയുടെ ക്രെഡിറ്റ് കൈയടക്കാനുമായി നടത്തുന്ന ഇത്തരം വില കുറഞ്ഞ ആരോപണങ്ങള്‍ കേരള ജനത അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്നും പ്രതിപക്ഷ നേതാവ് കുറിച്ചു.

2024 ജനുവരിയിൽ റോഡ് കണക്ടിവിറ്റിക്ക് അന്തിമ അനുമതി ലഭിക്കുമ്പോൾ ആകെ വേണ്ടിയിരുന്ന 42 സെന്റിൽ 35.81 സെന്റ് ഭൂമിയും എൽ.ഡി.എഫ് സർക്കാർ ഏറ്റെടുത്തുകഴിഞ്ഞിരുന്നു. ബാക്കിയുള്ള ഭൂമി ഏറ്റെടുക്കുന്നതിലും അനുമതികൾ നൽകുന്നതിലും കാലതാമസം വരുത്തിയത് നാഷണൽ ഹൈവേ അതോറിറ്റിയാണ്. സ്ഥിരം ക്ലോവർലീഫ് ഇന്റർചേഞ്ചിന്റെയും അപ്രോച്ച് റോഡിന്റെയും അനുമതി കേന്ദ്രം വൈകിപ്പിച്ചു. ശശി തരൂർ എം.പിക്ക് ലോക്‌സഭയിൽ വരെ ഈ വിഷയം ഉന്നയിക്കേണ്ടി വന്നത് കേന്ദ്രത്തിന്റെ ഈ കാലതാമസം കൊണ്ടായിരുന്നു​വെന്നും പിണറായി വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വാർത്തസമ്മേളനശേഷം നിമിഷങ്ങള്‍ കൊണ്ട് പറഞ്ഞ വിഷയങ്ങളില്‍ ഫാക്ട് ചെക്ക് നടത്താന്‍ ജനങ്ങളും മാധ്യമങ്ങളും മുന്നോട്ടുവരുന്നത് അഭിനന്ദനാര്‍ഹമാണ്. മുമ്പൊരുകാലത്തും ഒരു മുഖ്യമന്ത്രിക്കും ഇത്തരം ഒരു അവസ്ഥ നേരിടേണ്ടിവന്നിട്ടില്ല. ഇത്തരം ഫാക്ട് ചെക്കിന്റെ ഭാഗമായി മുഖ്യമന്ത്രി പ്രതിപക്ഷ നേതാവായിരുന്ന കാലയളവില്‍ വിഴിഞ്ഞം പദ്ധതി തടസ്സപ്പെടുത്താന്‍ നടത്തിയ വിവിധ ഇടപെടലുകളുടെ ദൃശ്യങ്ങള്‍ അവര്‍ ഇതിനോടകം പുറത്തുകൊണ്ടുവന്നു.

അതുപോലെ, എം.ഡി.എം.എ കേസില്‍ പിടിക്കപ്പെട്ട അനുയായികളെ 2024 ഒക്ടോബറിലെ നവകേരള യാത്രയുമായി ബന്ധപ്പെട്ടാണ് തനിക്ക് പരിചയമെന്ന് മുന്‍ ആഴ്ചയില്‍ മുഖ്യമന്ത്രി പറ‍ഞ്ഞിരുന്നു. എന്നാല്‍, 2024 നും രണ്ടോ മൂന്നോ വര്‍ഷം മുമ്പുതന്നെ മുഖ്യമന്ത്രിയും പ്രതികളും തമ്മിലുള്ള അടുത്ത ബന്ധം സൂചിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവരികയുണ്ടായി. വസ്തുതാപരമല്ലാത്ത പരാമര്‍ശങ്ങള്‍ മുഖ്യമന്ത്രി ഒഴിവാക്കുമെന്ന് പ്രത്യാശിക്കുന്നു -എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vizhinjam portfacebook postPinarayi VijayanVD Satheesan
Next Story