മന്ത്രിസഭ ചർച്ചകൾ ചോരുന്നതിൽ മുഖ്യമന്ത്രിക്ക് അതൃപ്തി
text_fieldsതിരുവനന്തപുരം: മന്ത്രിസഭയിലെ ചർച്ചകളുടെ വിവരങ്ങൾ ചോരുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ചർച്ചകൾ പുറത്തുപോകരുതെന്ന കർശന നിർദേശം മന്ത്രിമാർക്ക് നൽകി. ബുധനാഴ്ച മന്ത്രിസഭ യോഗത്തിൽ കോവളം കൊട്ടാരവിഷയം ചർച്ചചെയ്യുന്നതിനിടെയാണ് മുഖ്യമന്ത്രി ചർച്ചകൾ ചോരുന്നുവെന്ന വിമർശനം ഉന്നയിച്ചത്. കോവളം കൊട്ടാരവും അതിനോടു ചേർന്നുള്ള സ്ഥലവും സ്വകാര്യ ഹോട്ടൽ ഗ്രൂപ്പിനു വിട്ടുനൽകുന്നതു സംബന്ധിച്ച് കഴിഞ്ഞയാഴ്ചത്തെ മന്ത്രിസഭ യോഗത്തിൽ നടന്ന ചർച്ചകൾ ചോർന്നതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്.
മന്ത്രിസഭ യോഗത്തിലെ മാധ്യമങ്ങൾക്ക് നൽകേണ്ട കാര്യങ്ങൾ വാർത്താകുറിപ്പായും പ്രത്യേക അവസരങ്ങളിൽ വാർത്തസമ്മേളനം നടത്തിയും നൽകുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നിട്ടും മന്ത്രിസഭയിലെ ചർച്ചകൾ മാധ്യമങ്ങളിൽ വരുന്നു. ഇത് ആവർത്തിക്കരുതെന്നും മുഖ്യമന്ത്രി മന്ത്രിമാരോട് പറഞ്ഞു.
സി.പി.ഐ മന്ത്രിമാരുടെ എതിർപ്പിനെ തുടർന്ന് കോവളം കൊട്ടാരം വിട്ടുനൽകുന്നതിൽ മന്ത്രിസഭയിൽ തീരുമാനമായില്ലെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വിട്ടുനൽകുന്നതിന് അനുകൂലമായ നിയമ സെക്രട്ടറിയുടെ ഉപദേശത്തെ എതിർത്ത റവന്യൂ മന്ത്രിയുടെ കുറിപ്പ് മന്ത്രിസഭ യോഗത്തിൽ ചീഫ് സെക്രട്ടറി വായിച്ചിരുന്നു. തുടർന്ന് നടന്ന ചർച്ചയുടെ വിശദാംശങ്ങളും പുറത്തുവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
