ജയരാജന്‍ ബലിപീഠത്തില്‍; പ്രതിച്ഛായ തിരിച്ചുപിടിക്കാന്‍ പിണറായി
text_fieldsതിരുവനന്തപുരം: വലംകൈയായ ഇ.പി. ജയരാജനെ കുരുതികൊടുത്ത് നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. സി.പി.എം കേന്ദ്ര കമ്മിറ്റി തുടങ്ങിയ ദിവസംതന്നെ സ്വജനപക്ഷപാത നിയമനക്കേസില്‍ ഇ.പി. ജയരാജനെ പ്രതിയാക്കി കോടതിയില്‍ വിജിലന്‍സ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ച നടപടി തുണക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനെയാണ്. തുടര്‍ച്ചയായ വിവാദങ്ങളില്‍പെട്ട് വെല്ലുവിളി നേരിട്ട സര്‍ക്കാറിന്‍െറയും തന്‍െറയും പ്രതിച്ഛായ കൂടിയാണ് വിജിലന്‍സിന്‍െറ നീക്കത്തിലൂടെ തിരിച്ചുപിടിക്കുന്നത്.
അധികാരമേറ്റ് ഏഴുമാസത്തിനിടെ സര്‍ക്കാറും മുഖ്യമന്ത്രിയും നേരിട്ട വലിയ വെല്ലുവിളികളില്‍ ഒന്നായിരുന്നു സ്വജനപക്ഷപാത നിയമനം. ഇതില്‍ മന്ത്രി ഇ.പി. ജയരാജന്‍െറ പങ്ക് സംബന്ധിച്ച ആരോപണം പുറത്തുവന്നപ്പോള്‍ തുടങ്ങിയ വിവാദം അദ്ദേഹത്തെ രാജിവെപ്പിച്ച് മറികടക്കാന്‍ പിണറായി വിജയന് കഴിഞ്ഞു.
എന്നാല്‍, തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ മുഖ്യമന്ത്രിയെ മുന്നണിയിലും പാര്‍ട്ടിയിലും പുറത്തും പ്രതിരോധത്തിലാഴ്ത്തി. ഇതില്‍ ഏറ്റവുമൊടുവിലത്തേതായിരുന്നു അഴിമതിക്കേസില്‍ അന്വേഷണം ഇഴയുന്നതിന് വിജിലന്‍സ് വകുപ്പിന് കോടതിയില്‍നിന്ന് ഏറ്റ പ്രഹരം.
കേന്ദ്ര കമ്മിറ്റി അംഗമായ ജയരാജനെ ഒന്നാംപ്രതിയും കണ്ണൂരില്‍നിന്നുള്ള മറ്റൊരു കേന്ദ്ര കമ്മിറ്റി അംഗവും എം.പിയുമായ പി.കെ. ശ്രീമതിയുടെ മകനെ രണ്ടാംപ്രതിയുമാക്കി എഫ്.ഐ.ആര്‍ ഇട്ടത് ഈ വിമര്‍ശനങ്ങള്‍ക്കെല്ലാമുള്ള മറുപടിയാണ്. അഴിമതി സംബന്ധിച്ച തന്‍െറ നിലപാടില്‍ വിട്ടുവീഴ്ചയില്ളെന്ന സന്ദേശം പൊതുസമൂഹത്തിന് നല്‍കുന്നതുകൂടിയാണിത്.
ആരോപണവിധേയര്‍ ധാരാളമുള്ള പാര്‍ട്ടിയിലും ഉദ്യോഗസ്ഥവൃന്ദത്തിലും അനുരണനങ്ങള്‍ സൃഷ്ടിക്കുന്നതാണ് വിജിലന്‍സ് നടപടിയെന്ന് വിലയിരുത്തപ്പെടുന്നു. അഴിമതിക്കേസുകള്‍ സര്‍ക്കാര്‍ അട്ടിമറിക്കുന്നെന്ന ആക്ഷേപമുന്നയിച്ച പ്രതിപക്ഷത്തിനെ പ്രതിരോധിക്കാനും ഇതിലൂടെ കഴിയുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.
നിയമം നിയമത്തിന്‍െറ വഴിക്ക് പോകുമെന്ന് പ്രവര്‍ത്തിച്ചുകാണിച്ച മുഖ്യമന്ത്രിയുടെ നടപടിയെ ചോദ്യം ചെയ്യുക പ്രതിപക്ഷത്തിന് ദുഷ്കരമാവുമെന്ന് സി.പി.എം നേതൃത്വം കരുതുന്നു. സര്‍ക്കാര്‍ അകപ്പെട്ട പ്രതിച്ഛായനഷ്ടം എങ്ങനെ മറികടക്കുമെന്ന് പാര്‍ട്ടി നേതൃത്വവും ഘടകകക്ഷികളും
ആശങ്കപ്പെടുന്നതിനിടെയാണ് മുഖ്യമന്ത്രിക്കുകീഴിലെ വിജിലന്‍സിന്‍െറ നീക്കം. ലാവലിന്‍ കേസില്‍ പിണറായി വിജയനുവേണ്ടി സി.ബി.ഐക്കെതിരെ പ്രസംഗിച്ച നേതാവാണ് ഇ.പി. ജയരാജന്‍. വിഭാഗീയത മൂര്‍ച്ഛിച്ച കാലത്ത് വി.എസ് പക്ഷത്തെ തളക്കാന്‍ ജയരാജനടക്കമായിരുന്നു മുന്നില്‍നിന്നത്.
സംഘടനാരംഗത്ത് അകപ്പെട്ട എല്ലാ വിവാദത്തിലും നടപടികളില്‍നിന്ന് രക്ഷപ്പെടുന്നതില്‍ പിണറായിയുടെ കവചം ജയരാജനെ തുണച്ചിരുന്നു. എന്നാല്‍, ഭരണാധിപന്‍ എന്ന നിലയില്‍ പാര്‍ട്ടിയെക്കാള്‍ വലുതാണ് ഭരണമെന്ന നിലപാടിലേക്ക് പിണറായി മാറിയെന്ന ആക്ഷേപം ഒരു വിഭാഗത്തിനുണ്ട്. കേന്ദ്ര കമ്മിറ്റി കഴിയുംവരെ വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് നീട്ടാന്‍ സാങ്കേതികമായി കഴിയുമെന്നിരിക്കെ അതുണ്ടായില്ളെന്നതിലും ജയരാജനോട് അടുപ്പമുള്ളവര്‍ക്ക് അതൃപ്തിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
