മണ്ഡല പുനർനിർണയ ബില്ലിനെ പവാർ പക്ഷം പിന്തുണച്ചേക്കുമെന്ന് റിപ്പോർട്ട്; അഭ്യൂഹമെന്ന് സുപ്രിയ
text_fieldsസുപ്രിയ സുലേ
മുംബൈ: നരേന്ദ്ര മോദി സർക്കാറിന്റെ മണ്ഡല പുനർനിർണയ ബില്ലിനെ ശരദ് പവാർ പക്ഷ എൻ.സി.പി പിന്തുണച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. വ്യവസ്ഥകളോടെ ബില്ലിനെ പിന്തുണക്കുമെന്ന് പവാർ പക്ഷ എൻ.സി.പി ദേശീയ വർക്കിങ് പ്രസിഡന്റും പവാറിന്റെ മകളുമായ സുപ്രിയ സുലെ പറഞ്ഞതായും റിപ്പോർട്ട് ചെയ്യപ്പെട്ടു.
എന്നാൽ, ബുധനാഴ്ച വൈകീട്ടോടെ വാർത്തകൾ നിഷേധിച്ച് സുപ്രിയ പ്രസ്താവന നടത്തി. വെറും അഭ്യൂഹം മാത്രമാണെന്നും വിഷയവുമായി ബന്ധപ്പെട്ട് താനോ പാർട്ടിയോ മാധ്യമങ്ങളോട് സംസാരിച്ചിട്ടില്ലെന്നും ആഭ്യന്തര ചർച്ചക്കും ഇൻഡ്യ സഖ്യ യോഗത്തിനും ശേഷം മാത്രമേ ഇത്തരം പ്രധാനപ്പെട്ട വിഷയങ്ങളിൽ പാർട്ടി തീരുമാനം കൈക്കൊള്ളുകയുള്ളുവെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു.
എല്ലാ സംസ്ഥാനത്തും ഒരുപോലെ 50 ശതമാനം മണ്ഡലങ്ങളുടെ വർധന ഉറപ്പാക്കിയാൽ ശരദ് പവാർ പക്ഷം ബില്ലിനെ പിന്തുണക്കുമെന്നായിരുന്നു റിപ്പോർട്ട്. നിലപാട് മാറുകയല്ല; കഴിഞ്ഞ തവണ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ എടുത്ത അതേ നിലപാടാണെന്നും ഡി.എം.കെ, തൃണമൂൽ കോഗ്രസ് അടക്കമുള്ളവർക്കും ഇതേ നിലപാടാണെന്നും സുപ്രിയ പറഞ്ഞതായും റിപ്പോർട്ട് ചെയ്യപ്പെട്ടു.
പവാർ പക്ഷം എൻ.ഡി.എ സഖ്യത്തിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾക്കും ബി.ജെ.പി നേതാക്കളുമായി പവാർ പക്ഷ നേതാക്കൾ ‘രഹസ്യ കൂടിക്കാഴ്ച’ നടത്തിയതിനും പിന്നാലെയാണ് മണ്ഡല പുനർനിർണയ ബില്ലുമായി ബന്ധപ്പെട്ട വാർത്തകൾ വന്നത്. ജനസംഖ്യ നിയന്ത്രിച്ച സംസ്ഥാനങ്ങൾക്ക് മണ്ഡല പുനർനിർണയം ദോഷകരമാകുമെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് പി. ചിദംബരം പവാർ പക്ഷത്തോടും ഡി.എം.കെയോടും ബില്ലിനെ പിന്തുണക്കരുതെന്ന് കഴിഞ്ഞ ദിവസം അഭ്യർഥിച്ചിരുന്നു.
ചൊവ്വാഴ്ച അർധരാത്രി ഒരേസമയത്ത് പവാർ പക്ഷ നേതാവ് ജയന്ത് പാട്ടീൽ, അജിത് പവാർ പക്ഷ എൻ.സി.പിയിലെ പ്രഫുൽ പട്ടേൽ, സുനിൽ തട്കരെ എന്നിവർ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ ഔദ്യോഗിക വസതിയിൽ ചെന്ന് കണ്ടത് അഭ്യൂഹങ്ങൾക്ക് ആക്കംകൂട്ടിയിരുന്നു. എട്ട് എം.പിമാരും 10 എം.എൽ.എമാരുമാണ് പവാർ പക്ഷത്തുള്ളത്. ഇവരിൽ പകുതിയോളം പേർ എൻ.ഡി.എ സഖ്യത്തിൽ ചേരാൻ ആഗ്രഹിക്കുന്നതായാണ് റപ്പോർട്ട്.
എന്നാൽ, എൻ.ഡി.എ പ്രവേശന അഭ്യൂഹവും സുപ്രിയ തള്ളി. മുനിസിപ്പൽ കൗൺസിൽ ചെയർമാനെ അയോഗ്യനാക്കിയതുമായി ബന്ധപ്പെട്ടാണ് ജയന്ത് പാട്ടീൽ മുഖ്യമന്ത്രിയെ കണ്ടതെന്ന് അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

