പാർട്ടി ചിഹ്നം അനുവദിക്കാത്തതിനെതിരെ ആം ആദ്മി പാർട്ടിയുടെ ഹരജി
text_fieldsകൊച്ചി: െചങ്ങന്നൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിക്ക് പാർട്ടി ചിഹ്നം അനുവദിക്കാത്തതിനെതിരെ ആം ആദ്മി പാർട്ടി ഹൈകോടതിയിൽ. ആം ആദ്മി പാർട്ടി സ്ഥാനാർഥിക്ക് തെരഞ്ഞെടുപ്പ് കമീഷൻ അനുവദിച്ചിട്ടുള്ള ‘ചൂൽ’ ചിഹ്നമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് അേപക്ഷ നൽകിയെങ്കിലും തള്ളിയെന്നാണ് ഹരജിയിൽ പറയുന്നത്. സ്വന്തം ചിഹ്നം അനുവദിക്കാൻ ഉത്തരവിടണമെന്നുമാണ് ആവശ്യം.
ഡൽഹിയിൽ സംസ്ഥാന പാർട്ടിയാണെങ്കിലും ആം ആദ്മിക്ക് കേരളത്തിൽ അംഗീകാരമില്ലെന്ന് ഹരജി പരിഗണിക്കവേ തെരഞ്ഞെടുപ്പ് കമീഷൻ കോടതിയെ അറിയിച്ചു. എങ്കിലും തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച് മൂന്ന് ദിവസത്തിനകം അപേക്ഷ നൽകിയാൽ പാർട്ടിയുടെ ചിഹ്നം അനുവദിക്കാൻ വകുപ്പുണ്ട്. എന്നാൽ, ഇൗ ചട്ടം പാലിക്കാതെ ദിവസങ്ങൾക്ക് ശേഷമാണ് ചിഹ്നം അനുവദിക്കാനുള്ള അേപക്ഷ നൽകിയതെന്നും കമീഷൻ വ്യക്തമാക്കി. തുടർന്ന് സിംഗിൾബെഞ്ച് ഹരജി ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം തിങ്കളാഴ്ചയാണ്. അന്നുതന്നെയാണ് സ്ഥാനാർഥികൾക്ക് ചിഹ്നം അനുവദിക്കുന്നത്.
