മോദി സര്‍ക്കാര്‍ നീങ്ങുന്നത് ഫാഷിസവത്കരണത്തിലേക്ക് –സി.പി.ഐ
text_fieldsഹൈദരാബാദ്: സമഗ്രാധിപത്യ, ഏകാധിപത്യ സ്വഭാവമുള്ള മോദി സര്‍ക്കാര്‍ ഫാഷിസവത്കരണത്തിലേക്കാണ് നീങ്ങുന്നതെന്നാണ് തങ്ങളുടെ വിലയിരുത്തലെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഡി. ഇന്ത്യയില്‍ നിലവില്‍ ഫാഷിസത്തിെൻറ ഉദയമാണ് നടക്കുന്നത് എന്നതില്‍ യാതൊരു സംശയവും വേണ്ടെന്ന് സി.പി.ഐ (എം.എല്‍) ലിബറേഷന്‍ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ. മതത്തിെൻറ രാഷ്ട്രീയവത്കരണം ഏകാധിപത്യ, ഫാഷിസ്റ്റ് പ്രവണതകളെയാണ് കാണിക്കുന്നതെന്ന് ആര്.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റംഗം മനോജ് ഭട്ടാചാര്യയും പറഞ്ഞു. സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിെൻറ ഉദ്ഘാടന ചടങ്ങിലാണ് നേതാക്കൾ ബി.ജെ.പിയെ സംബന്ധിച്ച തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
ഇതിനെ പരാജയപ്പെടുത്താന്‍ വിശാല മതേതര, ജനാധിപത്യ, ഇടതുവേദി ആവശ്യമാണെന്നാണ് സി.പി.ഐയുടെ വിലയിരുത്തല്‍. ജനാധിപത്യവാദികള്‍, ബുദ്ധിജീവികള്‍, ന്യൂനപക്ഷം, ദലിതര്‍ എന്നിവരുടെ വലിയ വിഭാഗത്തെക്കൂടി ഉൾപ്പെടുന്നതായിരിക്കണം ഇത്. സിവില്‍ സമൂഹ സംഘടനകളെയും ഇതിലേക്ക് ആകര്‍ഷിക്കണം. എന്നാല്‍, ഇതിനെ തെരഞ്ഞെടുപ്പ് മത്സരവുമായി കൂട്ടിക്കെട്ടുന്നത് അതിെൻറ പ്രാധാന്യത്തെ കുറക്കും.
തെരഞ്ഞെടുപ്പ് വരുമ്പാള്‍ സ്വന്തം രാഷ്ട്രീയ തന്ത്രങ്ങള്‍ മെനയാന്‍ ഓരോ കക്ഷിക്കും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍, ഫാഷിസ്റ്റ് നയങ്ങളെ പ്രതിരോധിക്കാന്‍ ബഹുജന പ്രസ്ഥാനങ്ങള്‍ ആരംഭിക്കുന്നത് വൈകാന്‍ പാടില്ല. ബി.ജെ.പി സര്‍ക്കാറിനെ താഴെ ഇറക്കുന്നതിനായിരിക്കണം മുഖ്യശ്രദ്ധ. ശത്രുക്കളെ കമ്യൂണിസ്റ്റുകള്‍ വിലകുറച്ച് കാണുകയോ കണക്കിലേറെ വിലമതിക്കുകയോ ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.
ഈ തെരഞ്ഞെടുപ്പിലോ അടുത്തതിലോ, സംസ്ഥാനങ്ങളിലോ കേന്ദ്രത്തിലോ തോല്‍പ്പിക്കുന്നതല്ല ഫാഷിസത്തെ പരാജയപ്പെടുത്തണമെന്നതു കൊണ്ട് അർഥമാക്കുന്നതെന്ന് ദീപാങ്കര്‍ ഭട്ടാചാര്യ പറഞ്ഞു. ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ആര്. ശിവശങ്കരന്, എസ്.യു.സി.ഐ പി.ബിയംഗം ആശിഷ് ഭട്ടാചാര്യ എന്നിവരും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
