കൈരാന: ബി.ജെ.പിക്കെതിരെ പ്രതിപക്ഷത്തിന് ഒരു സ്ഥാനാർഥി
text_fieldsന്യൂഡൽഹി: ഹിന്ദു പലായനത്തെക്കുറിച്ച് ആർ.എസ്.എസ് ഭീതി പ്രചരിപ്പിച്ച കൈരാനയിൽ ഇൗമാസം 28ന് നടക്കുന്ന ലോക്സഭ ഉപ തെരഞ്ഞെടുപ്പ് ഉത്തർപ്രദേശിൽ ബി.ജെ.പിയും ഇതര പ്രതിപക്ഷവും തമ്മിലുള്ള ശക്തിപരീക്ഷണമായി മാറി. ഗോരഖ്പുരിലെയും ഫൂൽപുരിലെയും ബി.ജെ.പി പരാജയത്തിന് ശേഷം എല്ലാ പ്രതിപക്ഷ പാർട്ടികളും ചേർന്ന് രാഷ്ട്രീയ ലോക്ദൾ സ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ചത് ഉത്തർപ്രദേശിലെ യോഗി സർക്കാറിന് കടുത്ത വെല്ലുവിളിയായിട്ടുണ്ട്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെച്ചതിനെ തുടർന്ന് ഒഴിവുവന്ന ഗോരഖ്പുരിലും ഉപമുഖ്യഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ രാജിവെച്ചതിനെ തുടർന്ന് ഫൂൽപുരിലും സമാജ്വാദി പാർട്ടിയും ബി.എസ്.പിയും ഒരുമിച്ചുനിന്നാണ് ബി.ജെ.പി സ്ഥാനാർഥിയെ എതിരിട്ടതെങ്കിൽ കൈരാനയിൽ രാഷ്ട്രീയ ലോക്ദൾ സ്ഥാനാർഥിക്ക് സമാജ്വാദി പാർട്ടിക്ക് പുറമെ ബി.എസ്.പിയും കോൺഗ്രസും പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. മുസഫർ നഗർ കലാപക്കേസിലെ പ്രതി കൂടിയായ അദ്ദേഹത്തിെൻറ മകൾ മൃഗങ്ക സിങ്ങാണ് ബി.ജെ.പി സ്ഥാനാർഥി.
ജാട്ടുകളുടെ പാർട്ടിയായ രാഷ്ട്രീയ ലോക്ദളിെൻറ സ്ഥാനാർഥിയായി തബസ്സും ഹസനെന്ന സമാജ്വാദി പാർട്ടി നേതാവാണ് രംഗത്തുള്ളത്. ഉത്തർപ്രദേശിലെ പ്രതിപക്ഷ പാർട്ടികൾക്കിടയിൽ രൂപപ്പെട്ട സഖ്യത്തിെൻറ ഉദാഹരണം കൂടിയായി മാറുകയാണ് രാഷ്ട്രീയ ലോക്ദൾ ടിക്കറ്റിൽ മത്സരിക്കുന്ന സമാജ്വാദി പാർട്ടി സ്ഥാനാർഥി. മുസഫർ നഗർ കലാപത്തിന് ശേഷം ആദ്യമായി മേഖലയിൽ ജാട്ട്-മുസ്ലിം െഎക്യത്തിെൻറ സന്ദേശം കൈമാറുകയാണ് ഇരു പാർട്ടികളും ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. ജാട്ട് പിന്തുണയിലായിരുന്നു ബി.ജെ.പി ഇൗ മേഖല ജയിച്ചടക്കിയത്.
മുസഫർ നഗർ കലാപത്തിന് ശേഷം മുസ്ലിംകൾക്കെതിരെ രോഷം തിരിച്ചുവിടാൻ ആർ.എസ്.എസ് കെട്ടിച്ചമച്ച കൈരാനയിലെ ഹിന്ദു പലായനം തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ എവിടെയും വരുന്നില്ലെന്ന് മാത്രമല്ല, മുസഫർ നഗർ കലാപത്തിന് ശേഷം ബി.ജെ.പിക്ക് ഒപ്പം നിന്ന ജാട്ടുകൾ അവരെ തള്ളിപ്പറയുന്ന കാഴ്ചയാണുള്ളത്. സാധാരണ കൂലിത്തൊഴിലാളികൾക്ക് പുറമെ കൽപണിക്കാരും ആശാരിപ്പണിക്കാരും പെയിൻറർമാരുമായ മുസ്ലിംകൾ മുസഫർ നഗർ കലാപത്തിന് ശേഷം മറ്റു പ്രദേശങ്ങളിലേക്ക് കുടിയേറിയത് ജാട്ടുകൾക്കുതന്നെ തിരിച്ചടിയായിട്ടുണ്ട്. ആറ് പഞ്ചസാര ഫാക്ടറികളുള്ള കൈരാനയിൽ കരിമ്പ് കർഷകർക്ക് കിട്ടാനുള്ള കുടിശ്ശികയാണ് പ്രധാനമായും തെരഞ്ഞെടുപ്പ് വിഷയം. ഡിസംബർ 31ന് ശേഷം കർഷകർക്ക് കരിമ്പിെൻറ പണം കിട്ടിയിട്ടില്ല.
മുസഫർ നഗർ കലാപത്തിന് മുമ്പുണ്ടായിരുന്ന ജാട്ട് -മുസ്ലിം െഎക്യത്തിലേക്ക് മേഖലയെ തിരിച്ചുകൊണ്ടുപോകാനാണ് പരിശ്രമിക്കുന്നതെന്നും അതിലൂടെ മാത്രമേ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാനാകൂ എന്നുമാണ് രാഷ്ട്രീയ ലോക്ദൾ നേതാവ് അജിത് സിങ് പറയുന്നത്. കൈരാന ലോക്സഭ മണ്ഡലത്തിൽനിന്ന് ഒട്ടും അകലെയല്ലാത്ത ബിജ്നോർ ജില്ലയിലെ നൂർപുർ നിയമസഭ മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
