കോൺഗ്രസിന് എന്തുപറ്റി? ഭരണം നാല് സംസ്ഥാനങ്ങളിൽ, വനിതാ മന്ത്രിമാർ മൂന്ന് മാത്രം
text_fieldsബിന്ദു കൃഷ്ണ, കെ.എ. തുളസി, ഡി. അനസൂയ സീതക്ക
ന്യൂഡൽഹി: കോൺഗ്രസ് ഭരണത്തിലുള്ള നാല് സംസ്ഥാനങ്ങളിൽ പാർട്ടിക്കുള്ളത് നാല് വനിതാ മന്ത്രിമാർ മാത്രം. കർണാടകയിലും ഹിമാചൽ പ്രദേശിലും ഒരു വനിതാ മന്ത്രി പോലുമില്ല. കേരളത്തിൽ രണ്ട് പേരുണ്ട്. തെലങ്കാനയിൽ രണ്ട് വനിതകൾ ഉണ്ടായിരുന്നെങ്കിലും ഒരാളെ അടുത്തിടെ ഒഴിവാക്കി.
കേരളത്തിൽ തൊഴിൽ, വനിത-ശിശുക്ഷേമ മന്ത്രി ബിന്ദു കൃഷ്ണ, എസ്.സി-എസ്.ടി വകുപ്പ് മന്ത്രി കെ.എ. തുളസിയുമാണ് മന്ത്രിമാർ. ഡി. അനസൂയ സീതക്കയാണ് തെലങ്കാനയിലെ ഏക വനിതാ മന്ത്രി. കൊണ്ടാ സുരേഖയും തെലങ്കാനയിൽ മന്ത്രിയായിരുന്നെങ്കിലും അടുത്തിടെയാണ് മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയത്.
രാഷ്ട്രീയത്തിൽ വനിതാ പ്രാതിനിധ്യം വർധിപ്പിക്കണമെന്ന് കോൺഗ്രസ് സംസാരിക്കുമ്പോൾ, സ്വന്തം സംസ്ഥാന സർക്കാരുകളുടെ അവസ്ഥ മറ്റൊന്നാണ് വ്യക്തമാക്കുന്നതെന്ന് ബി.ജെ.പി ദേശീയ വക്താവും രാജ്യസഭ എം.പിയുമായ സുധാൻഷു ത്രിവേദി പറഞ്ഞു. സ്ത്രീകൾക്ക് 33 ശതമാനം സംവരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് എഴുതിയതിനെയും ത്രിവേദി പരാമർശിച്ചു.
സ്ത്രീകളുടെ രാഷ്ട്രീയ പ്രാതിനിധ്യത്തിൽ കോൺഗ്രസിന് ആത്മാർഥതയുണ്ടെങ്കിൽ, സംസ്ഥാന സർക്കാറുകളിലും അത് പ്രതിഫലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ നിലപാടുകൾ, പ്രസ്താവനകൾ, തീരുമാനങ്ങൾ എന്നിവയിൽ സ്ഥിരതയില്ലെന്നും ചൂണ്ടിക്കാട്ടി. പ്രിയങ്ക ഗാന്ധി ഒരിക്കൽ ‘ലഡ്കി ഹൂം, ലഡ് സക്തീ ഹൂം’ എന്ന മുദ്രാവാക്യം ഉയർത്തിയ കോൺഗ്രസ് പാർട്ടി, വനിതാ ശാക്തീകരണത്തിലെ തങ്ങളുടെ കാപട്യത്തിന്റെ പേരിൽ തുറന്നുകാട്ടപ്പെടുകയാണെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.
മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിക്കെതിരെ മന്ത്രിയുടെ മകൾ നടത്തിയ പരാമർശങ്ങളെ തുടർന്നുണ്ടായ വിവാദങ്ങൾക്കിടെയാണ്, കൊണ്ടാ സുരേഖയെ തെലങ്കാന മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയത്. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞ സുരേഖ, രേവന്ത് റെഡ്ഡി ബ്ലാക്ക്‌മെയിൽ രാഷ്ട്രീയമാണ് കളിക്കുന്നതെന്ന് കുറ്റപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

