Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightമുജാഹിദ് വിഭാഗങ്ങള്‍...

മുജാഹിദ് വിഭാഗങ്ങള്‍ ഐക്യപാതയില്‍

text_fields
bookmark_border
മുജാഹിദ് വിഭാഗങ്ങള്‍ ഐക്യപാതയില്‍
cancel

കോഴിക്കോട്: പതിനാല് വര്‍ഷമായി പോരടിച്ചുകഴിയുന്ന മുജാഹിദ് വിഭാഗങ്ങള്‍ തമ്മില്‍ ഐക്യത്തിന് കളമൊരുങ്ങുന്നു. ടി.പി. അബ്ദുല്ലകോയ മദനി നേതൃത്വം നല്‍കുന്ന കെ.എന്‍.എം (കേരള നദ്വത്തുല്‍ മുജാഹിദീന്‍) ഒൗദ്യോഗിക വിഭാഗവും സി.പി. ഉമര്‍ സുല്ലമി നേതൃത്വം നല്‍കുന്ന കെ.എന്‍.എം വിഭാഗവുമാണ് അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് ഒന്നിക്കാന്‍ ധാരണയായത്.

മുസ്ലിം ലീഗ് നേതൃത്വത്തിന്‍െറ സമ്മര്‍ദഫലമായി ഇരുവിഭാഗം നേതാക്കളും മുന്നിട്ടിറങ്ങിയാണ് ഐക്യപാത തുറന്നത്. വിവിധ സ്ഥലങ്ങളിലായി നടന്ന കൂടിക്കാഴ്ചകളും ചര്‍ച്ചകളും പരസ്പരം ഒന്നാവുക എന്ന ലക്ഷ്യത്തോടടുത്തിരിക്കുകയാണ്. മുജാഹിദ് പ്രസ്ഥാനത്തില്‍ ഉരുത്തിരിഞ്ഞ ഐക്യശ്രമങ്ങളെ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജന. സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാരും ജമാഅത്തെ ഇസ്ലാമി കേരള അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്നും സ്വാഗതം ചെയ്തു. മുസ്ലിം സമൂഹം വെല്ലുവിളി നേരിടുന്ന പുതിയ സാഹചര്യത്തില്‍ മുജാഹിദുകളുടെ ഐക്യം സമുദായത്തിന് കരുത്താകുമെന്നും അവര്‍ പറഞ്ഞു.

സംഘടനയിലുണ്ടായ ആശയവ്യതിയാനത്തെ തുടര്‍ന്ന് 2002ലാണ് ഹുസൈന്‍ മടവൂരിന്‍െറ നേതൃത്വത്തില്‍ ഒരു വിഭാഗം വേറിട്ടുപോയത്. അന്ന് മുജാഹിദ് യുവജന വിഭാഗമായ ഐ.എസ്.എമ്മിലെ (ഇത്തിഹാദു ശുബാനുല്‍ മുജാഹിദീന്‍) ഭൂരിഭാഗം പേരും ഹുസൈന്‍ മടവൂരിനൊപ്പമാണുണ്ടായിരുന്നത്. ഇതിനാല്‍ ഐ.എസ്.എം സെന്‍ട്രല്‍ എക്സിക്യൂട്ടിവ് കമ്മിറ്റി കെ.എന്‍.എം നേതൃത്വം പിരിച്ചുവിട്ടിരുന്നു. ഇവര്‍ ഹുസൈന്‍ മടവൂരിന്‍െറ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് എ.വി. അബ്ദുറഹിമാന്‍ ഹാജി പ്രസിഡന്‍റും ഹുസൈന്‍ മടവൂര്‍ ജന. സെക്രട്ടറിയുമായി സമാന്തര കെ.എന്‍.എം കമ്മിറ്റി രൂപവത്കരിക്കുകയും ചെയ്തു.

സംഘടനയിലെ പിളര്‍പ്പ് പള്ളി മഹല്ലുകളുടെയും മതസ്ഥാപനങ്ങളുടെയും പ്രവര്‍ത്തനത്തെ വല്ലാതെ ബാധിച്ചു. പരസ്പരമുള്ള ചളിവാരിയെറിയലുകള്‍ ഒട്ടേറെ നേതാക്കളെയും പ്രവര്‍ത്തകരെയും സംഘടനയില്‍നിന്ന് അകറ്റുകയും ചെയ്തു. ഐക്യത്തിനുവേണ്ടി ഇടക്കിടെ പലരും മുന്നിട്ടിറങ്ങിയെങ്കിലും ലക്ഷ്യത്തിലത്തെിക്കാന്‍ കഴിഞ്ഞില്ല.  ഐക്യസ്വപ്നം ബാക്കിയാക്കി എ.പി. അബ്ദുല്‍ ഖാദര്‍ മൗലവി, കെ.എന്‍. ഇബ്രാഹിം മൗലവി, പി.കെ. അലി അബ്ദുറസാഖ് മദനി, എ.വി. അബ്ദുറഹിമാന്‍ ഹാജി, കെ.കെ. മുഹമ്മദ് സുല്ലമി, പി.കെ. അഹമ്മദലി മദനി തുടങ്ങിയ മുജാഹിദ് നേതാക്കളില്‍ ഒട്ടേറെപ്പേര്‍ കാലയവനികക്കുള്ളില്‍ മറഞ്ഞു.

2014ല്‍ നേതാക്കള്‍ ഐക്യചര്‍ച്ചയുമായി വീണ്ടും സജീവമായെങ്കിലും അതും ഫലപ്രാപ്തിയിലത്തെിയില്ല. ഇപ്പോള്‍ സലഫിസത്തിനെതിരെ വിവിധ തലങ്ങളില്‍നിന്ന് ഉയര്‍ന്ന ആരോപണങ്ങളും ഏക സിവില്‍കോഡ് വിഷയത്തില്‍ ഉണ്ടായ ആശങ്കയുമാണ് ഐക്യം അനിവാര്യമാണെന്ന കാഴ്ചപ്പാടില്‍ ഇരുവിഭാഗത്തെയും കൊണ്ടത്തെിച്ചത്. താത്വികമായ വിയോജിപ്പ് ഇരുവിഭാഗവും തമ്മില്‍ ഇല്ലാത്ത സാഹചര്യത്തില്‍ യോജിച്ചുപോവാന്‍ വലിയ തടസ്സങ്ങളില്ളെന്നത് ഐക്യദൗത്യത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. പ്രസ്ഥാനങ്ങള്‍ ഒന്നാകുമ്പോള്‍ ഇരുവിഭാഗത്തിലും നിലവിലുള്ള പദവികള്‍, സാരഥികള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ ചുമതലകള്‍ പുതുക്കി നിശ്ചയിക്കേണ്ടിവരും. ഈ കാര്യത്തില്‍ ചര്‍ച്ച നടന്നുവരുകയാണ്.

2014ല്‍ ഫറോക്കില്‍ നടന്ന സംസ്ഥാന സമ്മേളനത്തിനുശേഷം കെ.എന്‍.എം ഒൗദ്യോഗിക വിഭാഗത്തില്‍നിന്ന് നടപടിക്ക് വിധേയരായ നല്ളൊരു വിഭാഗം വിഘടിച്ചുനില്‍ക്കുകയാണ്. ഗ്ളോബല്‍ ഇസ്ലാമിക് വിഷന്‍ എന്ന പേരില്‍ പ്രബോധന-സേവന സംഘടനയുണ്ടാക്കിയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ഇവരുടെ കാര്യത്തില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല.

മുജാഹിദ് വിഭാഗങ്ങള്‍ തമ്മില്‍ ഐക്യത്തിന് കളമൊരുങ്ങുന്നത് ഏറെ സന്തോഷകരവും സ്വാഗതാര്‍ഹവുമാണെന്ന് സമസ്ത ജന. സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ്ലിയാര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. ഐക്യത്തിന് ശ്രമമാരംഭിച്ചിട്ട് ഏറെ വര്‍ഷങ്ങളായെങ്കിലും ലക്ഷ്യത്തിലത്തെിക്കാന്‍ കഴിഞ്ഞിരുന്നില്ല. മുജാഹിദ് ഐക്യം കേരളീയ മുസ്ലിം സമൂഹത്തിന് നല്ല സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ മുസ്ലിം സമൂഹത്തെ അന്ധവിശ്വാസങ്ങളില്‍നിന്നും അനാചാരങ്ങളില്‍നിന്നും മോചിപ്പിക്കാന്‍ അനല്‍പമായ പങ്ക് വഹിച്ച മുജാഹിദ് പ്രസ്ഥാനം ഐക്യപ്പെടുന്നത് ഏറെ സ്വാഗതാര്‍ഹമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് പറഞ്ഞു. മുജാഹിദ് പ്രസ്ഥാനത്തിലെ  ദൗര്‍ഭാഗ്യകരമായ പിളര്‍പ്പ് മുസ്ലിം സമൂഹത്തിന് ശക്തിക്ഷയം മാത്രമേ നല്‍കിയിട്ടുള്ളൂ. എല്ലാ ശത്രുതയും അവസാനിപ്പിച്ച് പരസ്പരം മറക്കാനും പൊറുക്കാനും വിട്ടുവീഴ്ച ചെയ്യാനും സന്നദ്ധരായത് ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mujahid group kerala
News Summary - mujahid group will align in kerala
Next Story