എം.കെ. സ്റ്റാലിൻ ഡി.എം.കെ അധ്യക്ഷൻ
text_fieldsചെന്നൈ: ഡി.എം.കെ അധ്യക്ഷനായി എം.കെ. സ്റ്റാലിനെ തെരഞ്ഞെടുത്തു. പാർട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തിൽ നടന്ന ജനറൽ കൗൺസിൽ യോഗമാണ് സ്റ്റാലിനെ പുതിയ അധ്യക്ഷനായി പ്രഖ്യാപിച്ചത്. നിലവിൽ പാർട്ടി വർക്കിങ് പ്രസിഡന്റായ സ്റ്റാലിൻ, 49 വർഷം അധ്യക്ഷ സ്ഥാനം വഹിച്ച കരുണാനിധിയുടെ പിൻഗാമിയായാണ് ഈ പദവിയിൽ എത്തുന്നത്.
അധ്യക്ഷ സ്ഥാനത്തേക്ക് മറ്റാരും പത്രിക സമർപ്പിക്കാത്ത നിലയിൽ പാർട്ടി ജനറൽ കൗൺസിൽ സ്റ്റാലിന്റെ പേര് അംഗീകരിക്കുകയായിരുന്നു. കരുണാനിധിയുടെ ഇളയ മകനായ സ്റ്റാലിൻ നിലവിൽ നിയമസഭാ പ്രതിപക്ഷ നേതാവാണ്. ട്രഷറർ സ്ഥാനത്തേക്ക് മുതിർന്ന നേതാവ് ദുരൈമുരുകനും തെരഞ്ഞെടുക്കപ്പെട്ടു.
കരുണാനിധിയുടെ മൂത്തമകനും മുൻ കേന്ദ്രമന്ത്രിയുമായ എം.കെ. അഴഗിരി ഡി.എം.കെക്കെതിരെ കലാപക്കൊടി ഉയർത്തിയ സാഹചര്യത്തിലാണ് സ്റ്റാലിെൻറ സ്ഥാനാരോഹണം. സ്റ്റാലിനെ തുടർച്ചയായി വിമർശിച്ചതിന്റെ പേരിൽ ഡി.എം.കെ ദക്ഷിണമേഖല ഒാർഗനൈസിങ് സെക്രട്ടറിയായിരുന്ന അഴഗിരിയെ നാലുവർഷം മുമ്പാണ് പാർട്ടി പ്രാഥമികാംഗത്വത്തിൽ നിന്ന് കരുണാനിധി പുറത്താക്കിയത്.
കഴിഞ്ഞ ദിവസമാണ് അധ്യക്ഷ സ്ഥാനത്തേക്ക് സ്റ്റാലിൻ നാമനിർദേശ പത്രിക സംഘടന സെക്രട്ടറി ആർ.എസ്. ഭാരതിക്ക് നൽകിയത്. മറിന കടൽക്കരയിലെ കരുണാനിധിയുടെ സമാധിയിൽ പത്രികകൾവെച്ച് അനുഗ്രഹവും ഗോപാലപുരത്തെ വസതിയിൽ മാതാവ് ദയാലുഅമ്മാളുടെ ആശീർവാദവും ഏറ്റുവാങ്ങിയ ശേഷമാണ് സ്റ്റാലിൻ പത്രിക സമർപ്പിച്ചത്. പാർട്ടി ജനറൽ സെക്രട്ടറി എം.കെ. അൻപഴകനെയും സ്റ്റാലിൻ സന്ദർശിച്ചിരുന്നു.
മുൻ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ കരുണാനിധി ആഗസ്റ്റ് ഏഴിനാണ് അന്തരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
