You are here

അ​രി​വാ​ൾ ചു​റ്റി​ക​ക്ക​രി​കി​ലെ ന​ക്ഷ​ത്ര​മാ​യി ഫൈ​സ​ൽ

മലപ്പുറം: ടി.കെ. ഹംസ, കെ.ടി. ജലീൽ... മലപ്പുറത്തെ ഇടതുമുന്നണി സ്ഥാനാർഥി എം.ബി. ഫൈസലിനും പ്രവർത്തകർക്കും ആവേശം നൽകുന്ന രണ്ട് പേരുകൾ. ഇന്നത്തെ മലപ്പുറം ലോക്സഭ മണ്ഡലം, മഞ്ചേരിയായിരുന്നപ്പോൾ 2004ൽ മുസ്ലിം ലീഗി​െൻറ കുത്തക തകർത്ത് ഹംസ നാട്ടിയ ചുവപ്പ് നിറമുള്ള വെന്നിക്കൊടി ഇന്നും എൽ.ഡി.എഫുകാരുടെ മനതാരിൽ പാറിപ്പറക്കുകയാണ്. കൃത്യം രണ്ട് വർഷം കഴിഞ്ഞപ്പോൾ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ കുറ്റിപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടിയെന്ന അതികായനെ മലർത്തിയടിച്ച് വിജയപീഡത്തിലേറി നൃത്തം ചെയ്ത ജലീലി​െൻറ മുഖവും ആരും മറന്നിട്ടില്ല. രൂപത്തിലും ശബ്ദത്തിലും ജലീലിനെ അനുസ്മരിപ്പിക്കുന്ന ഫൈസൽ മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ അട്ടിമറിച്ചാൽ ആ രണ്ട് വിജയങ്ങളേക്കാളും തിളക്കം ഇതിനുണ്ടാവും. മഞ്ചേരി നിയമസഭ മണ്ഡലത്തി​െൻറ മുക്കുമൂലകളിൽ ‘സ്ഥാനാർഥിക്കൊപ്പം’ സഞ്ചരിച്ചപ്പോൾ വീണുകിട്ടിയ ഇടവേളകളിൽ ഫൈസൽ ഓർമിപ്പിച്ചതും പോയ കാലം വിസ്മരിക്കരുതെന്നാണ്.
 

പ്രഭാതം മുതൽ മുഴങ്ങുന്നു ഭേരി
സ്ഥാനാർഥിയായ ശേഷം ഫൈസലി​െൻറ അന്തിയുറക്കം മലപ്പുറത്തെ യൂത്ത് സ​െൻററിലാണ്. പതിവുപോലെ പുലർച്ച 5.30ന് എഴുന്നേറ്റ് പത്രവായന ഉൾപ്പെടെ പ്രഭാതചര്യകൾ. മലപ്പുറത്തുനിന്ന് പ്രാതൽ കഴിച്ച് പ്രവർത്തകർക്കൊപ്പം നേരെ തൃ-ക്കലങ്ങോട് പഞ്ചായത്തിലേക്ക്. വെളുത്ത ഇന്നോവ കാറിൽ തൂവെള്ള വസ്ത്രധാരിയായി ഫൈസൽ. ആദ്യം കാരകുന്നിലെ മരണവീട് സന്ദർശിച്ചു. ചെറുവട്ടിയിലെ സ്വീകരണത്തിന് ശേഷം മഞ്ഞപ്പറ്റയിലേക്ക്. പ്രാദേശിക നേതാക്കൾ മലപ്പുറത്തി​െൻറ വികസനമുരടിപ്പിനെതിരെ കത്തിക്കയറുന്നു. ചെറാംകുത്ത് ചോലക്കൽ റോഡിലെ ഇടുങ്ങിയ പ്രദേശങ്ങളിലൂടെ കടന്നുപോവുമ്പോൾ കാണാൻ നിന്നവരോട് കൈവീശി. പരമാവധി പത്ത് മിനിറ്റാണ് ഓരോ കേന്ദ്രത്തിലും ചെലവഴിക്കാൻ കഴിഞ്ഞത്.
 

പശ്ചിമഘട്ടം മുതൽ അറബിക്കടൽ വരെ
സ്ഥാനാർഥിയുടേത് മൂന്ന് മിനിറ്റ് മാത്രം നീളുന്ന വോട്ടഭ്യർഥന. രാഷ്ട്രീയകാര്യങ്ങളിലേക്ക് കടക്കാതെയുള്ള വാക്കുകൾ. കിഴക്ക് പശ്ചിമഘട്ട താഴ്വര മുതൽ പടിഞ്ഞാറ് അറബിക്കടൽ വരെ നീണ്ടുകിടക്കുന്ന മണ്ഡലത്തിലെ 13 ലക്ഷം വോട്ടർമാരെ നേരിട്ട് കാണുക അസാധ്യമെന്ന് പറഞ്ഞ ഫൈസൽ ത‍​െൻറ തെരഞ്ഞെടുപ്പ് ചിഹ്നമായ ചുറ്റിക അരിവാൾ നക്ഷത്രത്തിൽ വിലമതിക്കാനാവാത്ത വോട്ട് രേഖപ്പെടുത്തണമെന്ന് താഴ്മയോടെ അപേക്ഷിച്ചു. തൃക്കലങ്ങോട് 32ലെത്തുമ്പോൾ സമയം 10.45 ആയുള്ളൂവെങ്കിലും വെയിലിന് ചൂടുപിടിച്ച് തുടങ്ങിയിരുന്നു. പ്രവർത്തകർ പക്ഷെ ആവേശം വിട്ടില്ല. ബാൻഡ്മേളവും കരിമരുന്ന് പ്രയോഗവുമായി പ്രിയസാരഥിയെ അവർ വരവേറ്റു. ആനക്കോട്ടുപുറത്തും വലിയ ജനക്കൂട്ടം. കൂടിനിന്നവർക്കെല്ലാം ദാഹശമനത്തിന് നാരങ്ങാവെള്ളം. ‘നാടിന്നഭിമാനമായുള്ള സാരഥി ഫൈസലിന് വോട്ടേകണേ, നിങ്ങൾ അണിയായി വന്നീടണേ...’ എന്ന് തുടങ്ങുന്ന പ്രചാരണഗാനം പൈലറ്റ് വാഹനത്തിൽനിന്ന് കേൾക്കവെ പ്രവർത്തകരുടെ ആവേശത്തിലേക്ക് സ്ഥാനാർഥിയെത്തി. തൃക്കലങ്ങോട് പഞ്ചായത്തിലെ സ്വീകരണം പൂർത്തിയാക്കി മഞ്ചേരി നഗരസഭാതിർത്തിയായ കോഴിക്കാട്ടുകുന്നിലേക്ക്.

തിളപ്പിച്ചാറ്റിയ വെള്ളവും പൂവൻപഴവും
മലപ്പുറത്ത് നിന്ന് കരുതിയ തിളപ്പിച്ചാറ്റിയ വെള്ളവും പൂവൻപഴവുമായിരുന്നു ദാഹവും വിശപ്പുമകറ്റാൻ ഫൈസൽ തേടിയ മാർഗം. പഴം കഫക്കെട്ടുണ്ടാക്കുമെന്ന് േജ്യഷ്ഠസ്വരത്തിൽ വി.എം. ഷൗക്കത്ത് പലതവണ മുന്നറിയിപ്പ് നൽകിയെങ്കിലും വേറെ വഴിയിെല്ലന്ന് ഫൈസൽ. മഞ്ചേരി നഗരത്തിലേക്ക് കടന്നതോടെ വാഹനത്തിരക്കിലമർന്നു. ആലുക്കലിലെ സ്വീകരണത്തിന് ശേഷം മുള്ളമ്പാറയിലെത്തുമ്പോൾ സൂര്യൻ തലക്കുമുകളിൽ കത്തിയെരിയുകയായിരുന്നു.

അഭിവാദ്യങ്ങളേകി അന്തിച്ചോപ്പ്
നഗരസഭയുടെതന്നെ ഭാഗമായ കോളജ്കുന്നിലായിരുന്നു ഉച്ച കഴിഞ്ഞ് ആദ്യ സ്വീകരണം. തടപ്പറമ്പും അമ്പലപ്പടിയും പിലാക്കലും സന്ദർശിച്ച് നെല്ലിക്കുത്തിലേക്ക്. ചൂട് കുറയുന്നതിനനുസരിച്ച് ആളും ആരവവും കൂടിവന്നു. നഗരസഭ പിന്നിട്ടതോടെ സമയം നാലുമണിയോടടുത്തു. ഫൈസലിനെ കാണാനും വോട്ടുറപ്പ് നൽകാനും നിരവധി പേർ. അന്തിച്ചോപ്പിനെ സാക്ഷിയാക്കി നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ.

COMMENTS