വിവാദങ്ങൾക്കിടെ കെ.എസ്.യുവിന്റെ പോരാട്ടവീര്യം ഉയർത്തിക്കാട്ടി കെ.സി. വേണുഗോപാൽ
text_fieldsകെ.സി. വേണുഗോപാൽ ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രം
തിരുവനന്തപുരം: മുഖ്യമന്ത്രിയും കെ.എസ്.യുവുമായി നിലനിൽക്കുന്ന തർക്കത്തിനിടെ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പ്രസ്ഥാനത്തെ വാർത്തെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് കെ.എസ്.യുവിന്റെ പോരാട്ടവീര്യമാണെന്ന് പ്രകീർത്തിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഞങ്ങളെയെല്ലാം ഒന്നിപ്പിച്ചത് കെ.എസ്.യു ആണെന്നും അദ്ദേഹം പരാമർശിച്ചു. കെ.എസ്.യുവിൽ സഹപ്രവർത്തകനായിരുന്ന പ്രഫുല്ലചന്ദ്രനെ അനുസ്മരിച്ച് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ഈ പ്രശംസ.
കെ.സി. വേണുഗോപാലിന്റെ ഫേസ്ബുക്ക് കുറിപ്പ്:
ഏറെ സങ്കടമുള്ള ഒരു ദിവസമായിരുന്നു ഇന്ന്. കെ.എസ്.യു, യൂത്ത് കോൺഗ്രസ് കാലഘട്ടങ്ങളിൽ ഒപ്പം പ്രവർത്തിച്ച രണ്ട് സഹപ്രവർത്തകരുടെ വേർപാട് മനസ്സിലുണ്ടാക്കിയ മുറിവ് ചെറുതല്ല. അതിൽ ഒരാൾ പ്രിയപ്പെട്ട പ്രഫുലചന്ദ്രനാണ്.
മൂന്നരപ്പതിറ്റാണ്ട് കാലം മുൻപുള്ള ചോരമണം നിറഞ്ഞ ഓർമകളാണ് ആ മരണവിവരം കേട്ടതോടെ തിരയടിച്ചെത്തിയത്. 1989ൽ നടന്ന പാഠപുസ്തക സമരം കെ.എസ്.യു എന്ന വിദ്യാർഥി സംഘടനയുടെ വളർച്ചയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത ഏടായിരുന്നു. അന്ന് സെക്രട്ടറിയേറ്റ് മാർച്ചിനിടെ അറസ്റ്റ് ചെയ്ത ഞാനടക്കമുള്ള പ്രവർത്തകരെ നന്ദാവനം എ.ആർ ക്യാമ്പിലെ അതിക്രൂര മർദനത്തിന് പൊലീസ് വിധേയമാക്കുമ്പോൾ, ഒപ്പം പ്രഫുലചന്ദ്രനുമുണ്ടായിരുന്നു.
ആദ്യകാലം എസ്.എഫ്.ഐക്കൊപ്പമായിരുന്നെങ്കിലും പിന്നീട് കെ.എസ്.യുവിനൊപ്പം അണിചേരുകയായിരുന്നു പ്രഫുലചന്ദ്രൻ. നിസ്വാർഥമായ സജീവ പ്രവർത്തനം കൊണ്ട് ഞങ്ങളുടെയൊക്കെ പ്രിയപ്പെട്ടവനായി പ്രഫുലചന്ദ്രൻ മാറിയിരുന്നു. കെ.എസ്.യുവിന് ശേഷം യൂത്ത് കോൺഗ്രസിൽ പ്രവർത്തിക്കാതെ സേവാദളിൽ ചേർന്ന പ്രഫുലചന്ദ്രൻ, പടിപടിയായി ഉയർന്ന് സംസ്ഥാന ഓർഗനൈസർ പദവിയിൽ വരെയെത്തി. അതിനുശേഷം അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് വൈസ് പ്രസിഡന്റ് സ്ഥാനം വരെയെത്തി. അവസാനകാലം വരെയും തിരുവനന്തപുരം പെരിങ്ങമല പ്രദേശത്തെ പാർട്ടിയുടെ പ്രധാന മുഖങ്ങളിൽ ഒന്നായി തുടർന്നു.
ഇന്ന് പ്രഫുലചന്ദ്രന്റെ ചേതനയറ്റ ശരീരത്തിന് മുന്നിൽ നിന്നപ്പോൾ, നന്ദാവനത്തെ അതിക്രൂരമായ ലാത്തിച്ചാർജിന്റെ ഓർമകളാണ് മനസ്സിലേക്ക് ഓടിയെത്തിയത്. എനിക്കും മുമ്പേ ആദ്യത്തെ ലാത്തിയടി വീണത് പ്രഫുലന്റെ ശരീരത്താണ്. അതിക്രൂരമായ മർദനമേറ്റ് ഞങ്ങളെല്ലാം ചോരയിൽകുളിച്ച് നിൽക്കുമ്പോഴും സ്വന്തം വേദന വകവെക്കാതെ മറ്റുള്ളവരെ ആശുപത്രിയിലെത്തിക്കാൻ പൊലീസിനോട് അലമുറയിടുന്ന പ്രഫുലനെ മറക്കാൻ അക്കാലത്തെ ഞങ്ങളുടെ കെ.എസ്.യു തലമുറക്ക് കഴിയില്ല. പിന്നെയും ഒട്ടേറെ വിദ്യാർഥി, യുവജന സമരമുഖങ്ങളിൽ അതിലും ഏറെ വീറോടെ കണ്ടിട്ടുണ്ട്. മനസ്സിനും ശരീരത്തിനുമേറ്റത് ഒരുകാലത്തിനും മറക്കാൻ കഴിയാത്ത മുറിവുകളാണെന്ന് പ്രഫുലചന്ദ്രനുമായുള്ള അവസാന കൂടിക്കാഴ്ച പോലും എന്നോട് പറയുന്നുണ്ട്.
കെ.എസ്‍.യുവാണ് എന്നെയും പ്രഫുലചന്ദ്രനെയും ഒന്നിപ്പിച്ചത്, ഞങ്ങളെയെല്ലാം ഒന്നിച്ചുചേർത്തത്. ഇന്ന് ഇക്കാണുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പ്രസ്ഥാനത്തെ വാർത്തെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചതും കെ.എസ്.യുവിന്റെ പോരാട്ടവീര്യം തന്നെ. പ്രഫുലചന്ദ്രന്റെ ഓർമകൾക്ക് മുന്നിൽ, ഒരു പഴയ കെ.എസ്.യു സഹപ്രവർത്തകന്റെ വികാരവായ്പോടെ ഹൃദയാഞ്ജലികൾ അർപ്പിക്കുന്നു.
കെ.എസ്.യുവിലും യൂത്ത് കോൺഗ്രസിലും സഹപ്രവർത്തകനായിരുന്ന മാരായമുട്ടം സുരേഷും വിദ്യാർഥി യുവജന സമരമുഖങ്ങളിൽ നെഞ്ചുവിരിച്ചുനിന്ന് പ്രസ്ഥാനത്തെയും പ്രവർത്തകരെയും സംരക്ഷിച്ച നേതാവാണ്. സെക്രട്ടറിയേറ്റിന് മുന്നിലും തലസ്ഥാനത്തെ നഗരവീഥികളിലും നിരവധി സമരമുഖങ്ങളിൽ ഞങ്ങൾ ഒന്നിച്ചായിരുന്നു. കെ.എസ്.യുവിലും യൂത്ത് കോൺഗ്രസിലും ജില്ല സെക്രട്ടറിയായ സുരേഷ് പിന്നീട് ഡി.സി.സി ജനറൽ സെക്രട്ടറിയുമായി. ഒരു പ്രതിസന്ധിയിലും പതറാത്ത പോരാളിയായിരുന്നു സുരേഷ്. സഹപ്രവർത്തകരോടും പ്രസ്ഥാനത്തോടും അചഞ്ചലമായ കൂറും പ്രതിബദ്ധതയും മരണം വരെയും പുലർത്തിയ സുരേഷിന്റെ വേർപാട് ഞങ്ങൾക്കെല്ലാം വലിയ നഷ്ടമാണ്. ആദരാഞ്ജലികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

