സോളാറിന് പിന്നാലെ കോൺഗ്രസിൽ കലാപത്തിന് കളമൊരുക്കി പട്ടിക വിവാദവും
text_fieldsതിരുവനന്തപുരം: സോളാർ കമീഷൻ റിപ്പോർട്ടിനൊപ്പം കെ.പി.സി.സി പുനഃസംഘടന പട്ടികയെ ചൊല്ലിയും കോൺഗ്രസിൽ കലാപത്തിന് കളമൊരുങ്ങുന്നു. ചില മാറ്റങ്ങളോടെ അന്തിമപട്ടിക പുറത്തിറങ്ങാനിരിക്കെയാണ് പ്രതിഷേധം. പുനഃസംഘടന പട്ടികയിൽ അസംതൃപ്തനായ രാജ്മോഹൻ ഉണ്ണിത്താൻ വാർത്തസമ്മേളനം നടത്തി ചിലകാര്യങ്ങൾ വെളിപ്പെടുത്തുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.
ഇത് േകാൺഗ്രസിൽ വിഷയം രൂക്ഷമാക്കുമെന്ന സൂചനയാണ് നൽകുന്നത്. പട്ടികയിൽ ഇടം ലഭിക്കാത്ത ചില യുവനേതാക്കളും തങ്ങളുടെ അസംതൃപ്തി ഹൈകമാൻഡിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. അർഹമായ പ്രാതിനിധ്യം പാർട്ടിയിൽ ലഭിക്കുന്നില്ലെന്നതാണ് അവരുടെ പരാതി. അതിനിടെ സോളാർ വിഷയത്തിൽ ചില നേതാക്കളുടെ നടപടികളെ പരോക്ഷമായി വിമർശിച്ച് മുൻ കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരനും രംഗത്തെത്തി. മാരേത്താൺ ചർച്ചകൾക്കൊടുവിൽ കേന്ദ്ര തെരഞ്ഞെടുപ്പ് ബോർഡിന് നൽകിയ പട്ടിക ഗ്രൂപ്പ് വീതംവെപ്പാണെന്ന വ്യാപക പരാതി ഉയർന്നിരുന്നു. നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ച് ചർച്ചനടത്തി പട്ടികയിൽ ചില മാറ്റങ്ങൾ വരുത്താൻ കഴിഞ്ഞദിവസം ധാരണയായിരുന്നു. മാറ്റംവരുത്തിയ പട്ടിക തെരഞ്ഞെടുപ്പ് ബോർഡ് ഹൈകമാൻഡിന് കൈമാറി. എന്നാൽ, പ്രശ്നങ്ങൾ തീരുന്നില്ല എന്നാണ് കാര്യങ്ങൾ വ്യക്തമാക്കുന്നത്.
പരസ്യമായി പലതും പറയേണ്ടിവരുമെന്നാണ് രാജ്മോഹൻ ഉണ്ണിത്താെൻറ മുന്നറിയിപ്പ്. ആദ്യ പട്ടികയിൽ ഉണ്ണിത്താെൻറ പേരുണ്ടായിരുന്നില്ല. പിന്നീട് ചേർത്തത് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പ്രതിനിധിയായി. ഇതിലാണ് അമർഷം.
സോളാർ ആരോപണം നേരിടുന്നവർ മാറിനിൽക്കണമെന്നതടക്കമുള്ള പല ആവശ്യങ്ങളും ഉണ്ണിത്താൻ പരസ്യമായി ഉന്നയിക്കാനൊരുങ്ങുന്നുവെന്നാണ് വിവരം. ഹൈകമാൻഡ് പട്ടിക അംഗീകരിച്ചാൽ പല ജില്ലകളിലും നേതൃത്വത്തിനെതിരെ പ്രതിഷേധം ഉയരുമെന്നും സൂചനയുണ്ട്. പഴയ പരസ്യ വിഴുപ്പലക്കലിെൻറ നാളുകളിലേക്ക് കോൺഗ്രസ് നീങ്ങാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. അതൃപ്തിയുള്ളവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
