Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.പി.സി.സി അധ്യക്ഷൻ എപ്പോൾ? ചർച്ച വീണ്ടും സജീവം, കൊടിക്കുന്നിലിനായി കൂടുതൽ നേതാക്കൾ

text_fields
bookmark_border
https://www.madhyamam.com/tags/kodikkunnil-suresh
cancel
camera_alt

കൊടിക്കുന്നിൽ സുരേഷ്

കൊല്ലം: സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിലെത്തി നൂറുദിനം പിന്നിട്ടിട്ടും കെ.പി.സി.സിക്ക് മുഴുവൻസമയ നേതൃത്വം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നതിനിടെ അപ്രതീക്ഷിത നീക്കവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ രാഹുൽ ഗാന്ധിയെ കണ്ടത് ചർച്ച വീണ്ടും സജീവമാക്കി. കേരളത്തിലെ കോൺഗ്രസിന് മാത്രം എന്തുകൊണ്ടാണ് ഈ കാത്തിരിപ്പ് എന്ന​ ചോദ്യം പ്രവർത്തകരിൽ നിന്നും പൊതുസമൂഹത്തിൽനിന്നും ഉയരുന്നതിനിടെയാണ്​ സതീശന്‍റെ പുതിയനീക്കം​.

മന്ത്രികൂടിയായ നിലവി​ലെ കെ.പി.സി.സി പ്രസിഡന്‍റ്​ സണ്ണി ജോസഫ്​ തന്നെ പദവിയിൽ തുടരട്ടെ എന്ന നിലപാടിൽ കാര്യങ്ങൾ മുന്നോട്ട്​ പോകുന്നതിനിടെയാണ്​ മുഖ്യമന്ത്രിയുടെ ഇടപെടൽ​​. കൊടിക്കുന്നിൽ സുരേഷ്​ പ്രസിഡൻറ്​ ആകണമെന്ന നിലപാടിലാണ്​ ​അദ്ദേഹമെന്നാണ്​ സൂചന. മുൻ കെ.പി.സി.സി അധ്യക്ഷൻ വി.എം. സുധീരനും കൊടിക്കുന്നിലിനെ പരസ്യമായി പിന്തുണച്ചു കഴിഞ്ഞു. മുതിർന്ന നേതാക്കളായ എ.കെ. ആന്‍റണി, കെ. മുരളീധരൻ, ശശി തരൂർ, യു.ഡി.എഫ്​ കൺവീനർ അടൂർ പ്രകാശ്​, എം.കെ. രാഘവൻ എം.പി എന്നിവരുടെ പിന്തുണയും അവസാനമായപ്പോൾ കൊടിക്കുന്നിൽ സുരേഷിനാണ്​.

കോൺഗ്രസ് ദേശീയ നേതൃത്വം മറ്റു സംസ്ഥാനങ്ങളിൽ സംഘടനാ നേതൃത്വത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കുന്നതിൽ ഇത്രയും കാലതാമസം കാണിച്ചിട്ടില്ലെന്നാണ്​ ചൂണ്ടിക്കാട്ടപ്പെടുന്നത്​. കർണാടകയിൽ ജൂൺ മൂന്നിന് ബി.കെ. ഹരിപ്രസാദിനെ കെ.പി.സി.സി പ്രസിഡന്റായി നിയമിച്ചിരുന്നു. തമിഴ്നാട്ടിൽ കെ. സെൽവപ്പെരുന്തകൈയെ മാറ്റി ലോക്സഭയിൽ കോൺഗ്രസ് വിപ്പായ മാണിക്കം ടാഗോറിനെ ജൂൺ 27 നും തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനാക്കി.

ഗോവയിൽ മേയ് 29 നാണ് ഗിരീഷ് ചോഡങ്കറെ പി.സി.സി അധ്യക്ഷനായത്. അസമിൽ ലോക്സഭാംഗവും പ്രതിപക്ഷ ഉപനേതാവുമായ ഗൗരവ് ഗോഗോയിയെ 2025 മേയ് 26 ന് പി.സി.സി അധ്യക്ഷനാക്കി. 2025 സെപ്റ്റംബർ 29 ന് ഹരിയാനയിലും റാവു നരേന്ദ്ര സിങ്ങിനെ പി.സി.സി അധ്യക്ഷപദവി നൽകി.

ഇത്തരത്തിൽ തീരുമാനമെടുത്തപ്പോഴൊന്നും ഇരട്ടപ്പദവി അടക്കം ബാധകമല്ലായിരുന്നു. എം. പി എന്നനിലയിലുള്ള ഇരട്ടപ്പദവിയാണ്​ കൊടിക്കുന്നിലിന്‍റെ കാര്യത്തിൽ തടസ്സമെന്നതിന്,​ അദ്ദേഹം തന്നെ ഇനി പാർലമെന്‍റിലേക്ക്​ മത്സരിക്കില്ലന്ന പ്രഖ്യാപനത്തോടെ മറുപടി കൊടുത്തു.

അതേസമയം, കെ.പി.സി.സി അധ്യക്ഷപദവി സ്ഥാനം വൈകിപ്പിക്കുന്നതിന്​ പിന്നിലെ ലക്ഷ്യം ബോർഡ്​-കോർപറേഷൻ സ്ഥാനങ്ങളിൽ പിടിമുറുക്കാൻ കേരളത്തിൽ നിന്നുള്ള ദേശീയനേതാവിന്‍റെ താൽപര്യമാണന്ന സൂചനയും പറത്തുവന്നു. ബോർഡ്​ കോർപറേഷൻ പദവികൾക്കായി കാത്തിരിക്കുന്ന നേതാക്കളും കെ.പി.സി.സിക്ക്​ ഉടൻ തന്നെ അധ്യക്ഷനെ നിയമിക്കണമെന്ന്​ ആവശ്യമുന്നയിച്ചു കഴിഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story