‘‘പൊതുരംഗത്തുറച്ചു നിൽക്കുന്ന സ്ത്രീകളോടൊപ്പം നിൽക്കാൻ മുഴുവൻ ജനാധിപത്യവാദികൾക്കും ബാധ്യതയുണ്ട്’’
text_fieldsകോഴിക്കോട്: മന്ത്രി മേഴ്സിക്കുട്ടിയമ്മക്കുനേരെയുള്ള സൈബർ ആക്രമണത്തിനുപിന്നാലെ പ്രതികരണവുമായി ആർ.എം.പി നേതാവ് കെ.കെ രമ. രമ്യഹരിദാസ്, മേഴ്സിക്കുട്ടിയമ്മ, ശ്രീജ നെയ്യാറ്റിൻകര എന്നിവർക്കുനേരെയുള്ള സ്ത്രീവിരുദ്ധ പരാമർശങ്ങളും അധിക്ഷേപങ്ങളും കെ.കെ രമ ചൂണ്ടിക്കാട്ടി.
കോവിഡ് കാലത്തെ രാഷ്ട്രീയ സംവാദ മണ്ഡലത്തിലും സ്ത്രീവിരുദ്ധമായ, ആണത്ത രാഷ്ട്രീയത്തിെൻറ അക്രമ മനോഭാവങ്ങൾ അഴിഞ്ഞാടുകയാണ്. കുണ്ടറ അണ്ടിയാപ്പീസ് എന്ന പരാമർശം പരിഹാസമായി കരുതുന്നവർ സ്ത്രീവിരുദ്ധത മാത്രമല്ല, തൊഴിലാളി വർഗ വിരുദ്ധതയുടെ ജീർണ മനോഭാവം കൂടി പേറുന്നവരാണെന്നും കെ.കെ രമ അഭിപ്രായപ്പെട്ടു.
കെ.കെ രമയുടെ ഫേസ്ബുക്ക് പോസ്റ്റിെൻറ പൂർണരൂപം:
കോവിഡ് കാലത്തെ രാഷ്ട്രീയ സംവാദ മണ്ഡലത്തിലും സ്ത്രീവിരുദ്ധമായ, ആണത്ത രാഷ്ട്രീയത്തിെൻറ അക്രമ മനോഭാവങ്ങൾ അഴിഞ്ഞാടുകയാണ്. കഴിഞ്ഞ ദിവസം ആലത്തൂർ മണ്ഡലത്തിലെ എം പി രമ്യ ഹരിദാസിന്റെ ഒരു ടെലിവിഷൻ ചർച്ച എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചായിരുന്നു അപവാദ പ്രചരണം. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിെൻറ മത്സര രംഗത്തു വന്നതു മുതൽ ഒരു സ്ത്രീ എന്ന നിലയിലും കലാകാരി എന്ന നിലയിലും വലിയ പരിഹാസത്തിനാണവർ പാത്രമായത്. സാധാരണ പ്രവർത്തകരോ മുഖമില്ലാത്ത ഫേക്ക് ഫേസ്ബുക്ക് അക്കൗണ്ടുകളോ അല്ല, ഇടതുമുന്നണിയുടെ കൺവീനർ തന്നെ അവരെ അധിക്ഷേപിച്ചത് കേരളം കണ്ടു. ഇടതുപക്ഷത്തിെൻറ കോട്ടയായ ആലത്തൂരിൽ അവർ നേടിയ വിജയം സി.പി.എം കാരെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. അതിെൻറ കൂടി ഫലമാണ് വീഡിയോ ക്ലിപ്പ് എഡിറ്റ് ചെയ്തുള്ള ഈ പ്രചാരണം.
ഇന്നലെ ഫിഷറീസ് പരമ്പരാഗത വ്യവസായം, മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മയാണ് വ്യാപകമായ സൈബർ ആക്രമണത്തിന് വിധേയായത്. കശുവണ്ടി വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മന്ത്രിയെ ദുഃസൂചനകൾ വച്ച് അധിക്ഷേപിക്കുകയായിരുന്നു. പതിറ്റാണ്ടുകളുടെ സമര- സംഘടനാ പ്രവർത്തന പാരമ്പര്യമുള്ള പൊതു പ്രവർത്തകയാണവർ. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളും വിയോജിപ്പുകളും പ്രകടിപ്പിക്കേണ്ടത് വ്യക്തി അധിക്ഷേപം നടത്തിയിട്ടല്ല. 'കുണ്ടറ അണ്ടിയാപ്പീസ്' എന്ന പരാമർശം പരിഹാസമായി കരുതുന്നവർ സ്ത്രീവിരുദ്ധത മാത്രമല്ല, തൊഴിലാളി വർഗ വിരുദ്ധതയുടെ ജീർണ മനോഭാവം കൂടി പേറുന്നവരാണ്.
എക്കാലത്തും ഉറച്ച സംഘപരിവാർ വിരുദ്ധ നിലപാട് സ്വീകരിച്ച പൊതുപ്രവർത്തകയാണ് ശ്രീജ നെയ്യാറ്റിൻകര. സംഘി പ്രൊഫൈലുകളിൽ നിന്നുള്ള സംഘടിതാക്രമണത്തിന് അവർ പലപ്പോഴും വിധേയയായിട്ടുണ്ട്.
രാഷ്ട്രീയമായി വ്യത്യസ്ത ചേരികളിൽ നിൽക്കുമ്പോഴും ജീവിതാനുഭവങ്ങളുടെ കനൽവഴികൾ താണ്ടിയാണ് പൊതുരംഗത്തെ ഓരോ സ്ത്രീകളും നിൽക്കുന്നത്. ഇത്തരം ആക്രമണങ്ങൾ കൊണ്ട് അവരെ തളർത്താമെന്നത് വെറും വ്യാമോഹം മാത്രമാണ്.
എന്നാൽ അവർ നേരിടുന്ന അപവാദ ആക്രമണങ്ങൾ നമ്മുടെ രാഷ്ട്രീയ രംഗം എത്രമേൽ പുരുഷാധിപത്യത്തിന്റെയും ദളിത് വിരുദ്ധ ജാതിബോധത്തിന്റെയും തൊഴിലാളി വിരുദ്ധ ഉപരി വർഗ്ഗ താൽപര്യത്തിെൻറയും മണ്ഡലമാണെന്ന് ഒരിക്കൽ കൂടി വെളിവാക്കുന്നു. സൈബറാക്രമണങ്ങളെയും അപവാദ പ്രചരണങ്ങളെയും നിരന്തരം പൊരുതിത്തോൽപ്പിച്ച് പൊതുരംഗത്തുറച്ചു നിൽക്കുന്ന സ്ത്രീകളോടൊപ്പം നിൽക്കാൻ മുഴുവൻ ജനാധിപത്യവാദികൾക്കും ബാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
