സുവർണകാലത്തിന് കേരളവും ബംഗാളും ബാക്കി
text_fieldsന്യൂഡൽഹി: ത്രിപുരയിലെ കമ്യൂണിസ്റ്റ് സർക്കാറിനെ തൂത്തുവാരി നേടിയ വിജയം കൊണ്ട് കേരളത്തിലും ബംഗാളിലും പ്രവർത്തകരുടെ മനോവീര്യമുയർത്തി നേട്ടം കൊയ്യാമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി. ത്രിപുരഫലമറിഞ്ഞ ശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ തന്നെയാണിക്കാര്യം വ്യക്തമാക്കിയത്. അവിടങ്ങളിൽ കൂടി ബി.ജെ.പി സർക്കാർ വരുന്നതോടുകൂടി മാത്രമേ ബി.ജെ.പിയുടെ സുവർണ കാലഘട്ടമാകൂ എന്ന് അമിത് ഷാ പറഞ്ഞു.
കമ്യൂണിസ്റ്റുകൾക്കെതിരായ ത്രിപുരയിലെ വിജയം കേരളത്തിലെയും ബംഗാളിലെയും പ്രവർത്തകർക്ക് കൂടി ആവേശം പകരുന്നതാണെന്ന് പറഞ്ഞ അമിത് ഷാ, ഇതിെൻറ തുടർച്ച ഇൗ സംസ്ഥാനങ്ങളിലുണ്ടാകുമെന്ന് ആവർത്തിക്കുകയും ചെയ്തു. ഇൗ മൂന്ന് സംസ്ഥാനങ്ങളിലെയും ബി.ജെ.പിപ്രകടനത്തോടെ കേവലമൊരു ഹിന്ദി ബെൽറ്റ് പാർട്ടിയായി ബി.ജെ.പിയെ പറയുന്നത് അവസാനിച്ചിരിക്കുന്നു. മേഘാലയയിലും ബി.ജെ.പി ഭരണത്തിലുണ്ടാകുന്നതോടെ 21 സംസ്ഥാനങ്ങൾ പാർട്ടിയുടെ ൈകയിലാകും. കർണാടകയിൽ ജയം ആവർത്തിക്കാൻ പോകുകയാണ് -അമിത്ഷാ പറഞ്ഞു. അസമിൽ നടത്തിയ കടന്നുകയറ്റത്തോടെയാണ് ബി.ജെ.പി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വേരുറപ്പിക്കുന്നത്.
കോൺഗ്രസിൽ നിന്ന് ബി.ജെ.പിയിലെത്തിയ അസം നേതാവ് ഹേമന്ത ബിശ്വ ശർമയാണ് മറ്റു സംസ്ഥാനങ്ങൾ ഒാരോന്നായി ബി.ജെ.പിക്ക് കീഴിലാക്കാൻ പ്രധാനമായും പ്രവർത്തിച്ചത്. കേരളത്തിൽ നിന്ന് അൽഫോൻസ് കണ്ണന്താനത്തെ കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തുേമ്പാൾ ഹിന്ദുത്വയുമായി ബി.ജെ.പി മേഖലയിൽ പിടിമുറുക്കുന്നതിനെ ആശങ്കയോടെ കണ്ടിരുന്ന ക്രിസ്ത്യൻവിഭാഗങ്ങളെ സ്വാധീനിക്കുന്ന ദൗത്യമാണ് പ്രധാനമായും ഏൽപിച്ചത്. ഫലമറിഞ്ഞശേഷം ബി.ജെ.പി ആസ്ഥാനത്ത് നടത്തിയ വാർത്തസമ്മേളനത്തിൽ അമിത് ഷാ അൽഫോൻസ് കണ്ണന്താനത്തെ പേരെടുത്ത് പ്രശംസിച്ചു.
ക്രിസ്ത്യൻ ഭൂരിപക്ഷ സംസ്ഥാനങ്ങളായ നാഗാലാൻഡിലും മേഘാലയയിലും പശുവിെൻറ പേരിൽ നടത്തിയ കൊലകളിൽ തങ്ങൾക്കുള്ള ആശങ്ക സംസ്ഥാനത്തെ ബി.ജെ.പി നേതാക്കൾ വ്യക്തമാക്കിയിരുന്നു. ഗോവധനിരോധനം നാഗാലാൻഡിൽ നടപ്പില്ലെന്ന് നാഗാലാൻഡ് ബി.ജെ.പി ഉപാധ്യക്ഷൻ തന്നെ പരസ്യമായി വ്യക്തമാക്കി. മേഘാലയയിലാകെട്ട സ്ഥാപിതതാൽപര്യക്കാർ ഗോവധവുമായി ബന്ധപ്പെട്ട് ഉൗഹാപോഹങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിക്കും പ്രസ്താവനയിറക്കേണ്ടി വന്നു. അതിനെല്ലാം ശേഷമാണ് അൽഫോൻസ് കണ്ണന്താനത്തെ ഇൗ സംസ്ഥാനങ്ങളിലേക്ക് അയച്ചത്. മേഘാലയയിൽ സൗജന്യ ജറൂസലം യാത്ര പോലും വാഗ്ദാനം ചെയ്തു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കാലങ്ങളായി പണിയെടുക്കുന്ന ആർ.എസ്.എസിനെ പരസ്യമായി അഭിനന്ദിക്കാൻ പോലും തയാറാകാത്ത സൂക്ഷ്മത അമിത് ഷാ കാണിക്കുന്നതും ആ മേഖലയിലെ ക്രിസ്ത്യൻതാൽപര്യങ്ങളുമായി അവ ഏറ്റുമുട്ടുമെന്നത് കൊണ്ടാണ്.
ആർ.എസ്.എസും ഇൗവിജയത്തിന് അഭിനന്ദനം അർഹിക്കുന്നില്ലേ എന്ന ചോദ്യത്തിന് വോട്ടർമാർക്കാണ് ബി.ജെ.പി നന്ദി പറയുന്നതെന്നായിരുന്നു അമിത് ഷായുടെ മറുപടി. ത്രിപുരയിൽ കുടിയേറിയവർക്കെതിരെ പൊരുതുന്ന, പ്രത്യേക സംസ്ഥാനം ആവശ്യപ്പെടുന്ന തീവ്രവാദഗ്രൂപ്പിനെയും കുടിയേറ്റക്കാരായ തീവ്ര ഹിന്ദുബംഗാളികളെയും ഒരേപോലെ കൂടെ നിർത്തിയാണ് ബി.ജെ.പി വിജയം നേടിയത്. ബംഗാളി മുസ്ലിം കുടിയേറ്റക്കാർക്കെതിരായ ബി.ജെ.പി നിലപാടിൽ മാത്രമാണ് െഎ.പി.എഫ്.ടിയും ബംഗാളിഹിന്ദുക്കളും യോജിക്കുന്നത്. വർഷങ്ങൾ നീണ്ട അക്രമങ്ങൾക്കൊടുവിൽ സി.പി.എം ശാന്തമാക്കിയ ത്രിപുരയുടെ സമാധാനം ഇൗ രണ്ട് വിരുദ്ധശക്തികളെയും എങ്ങനെ ബി.ജെ.പി കൊണ്ടുപോകുമെന്നതിനെ മാത്രം ആശ്രയിച്ചിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
