സമ്മേളനചർച്ചയിൽ കീഴാറ്റൂർ കത്തിക്കയറിയത് നേതൃത്വത്തെ പ്രതിരോധത്തിലാക്കി
text_fieldsകണ്ണൂർ: കീഴാറ്റൂരിലെ വയൽക്കിളികളുടെ സമരത്തോട് സി.പി.എമ്മും സർക്കാറും രാജിയായതിന് പിന്നിൽ പാർട്ടി സമ്മേളനത്തിലെ വ്യാപക വിമർശനം. പാർട്ടി ഗ്രാമമായ കീഴാറ്റൂരിൽ പാർട്ടി അംഗങ്ങളും കുടുംബാംഗങ്ങളും നയിക്കുന്ന ജനകീയപ്രതിരോധത്തെ തള്ളിപ്പറഞ്ഞ സി.പി.എം നേതൃത്വത്തിെൻറ നിലപാടിനെതിരെ കടുത്തവിമർശനമാണ് ബ്രാഞ്ച് സമ്മേളനങ്ങളിൽ ഉയർന്നത്. പാർട്ടി നേതൃത്വത്തിെൻറ ഇത്തരം തെറ്റായനിലപാടുകൾ പാർട്ടിഗ്രാമങ്ങളിൽപോലും ശത്രുക്കൾക്ക് നുഴഞ്ഞുകയറാൻ അവസരം നൽകുകയാണെന്ന് അണികൾ തുറന്നടിച്ചു.
കണ്ണൂർ ജില്ലക്ക് പുറത്തുള്ള ബ്രാഞ്ചുകളിലെ ചർച്ചകളിൽപോലും കീഴാറ്റൂർ വിഷയമായി. പാർട്ടിയെ തകർക്കാൻ പാർട്ടിതന്നെ ആയുധം നൽകുകയാണെന്ന് അണികൾ ചൂണ്ടിക്കാട്ടി. ലോക്കൽ, ഏരിയ സമ്മേളനങ്ങൾ അടുത്ത ആഴ്ചകളിൽ നടക്കാനിരിക്കെ, വിമർശനം ആവർത്തിക്കാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് സമരക്കാരുടെ ആവശ്യം ഏറക്കുറെ അംഗീകരിച്ച് ഒത്തുതീർപ്പിന് പാർട്ടി നേതൃത്വം തയാറായത്. പാർട്ടി സമ്മേളനത്തിലെ വിമർശനത്തിനൊപ്പം കീഴാറ്റൂരിൽ സി.പി.െഎയും ബി.ജെ.പിയും നടത്തിയ ഇടപെടലുകളും സി.പി.എമ്മിനെ നിലപാട് മയെപ്പടുത്താൻ നിർബന്ധിതരാക്കി.
വയൽക്കിളികളുടെ നിരാഹാരസമരത്തിന് തുടക്കമിട്ട സുരേഷ് കീഴാറ്റൂർ സി.പി.എമ്മിെൻറ മുൻ ബ്രാഞ്ച് െസക്രട്ടറിയാണ്. ‘വയൽക്കിളികൾ’ കൂട്ടായ്മയിൽ ഭൂരിപക്ഷവും പാർട്ടിക്കാരുമാണ്. പാർട്ടി കുടുംബങ്ങളിൽ ഏറെ പേരും സമരത്തിനൊപ്പം നിന്നതോെട കീഴാറ്റൂർ സൗത്ത് ബ്രാഞ്ച് സമ്മേളനം മാറ്റിവെക്കേണ്ടിവന്നു. കീഴാറ്റൂർ നോർത്ത് ലോക്കലിൽ ജനറൽ ബോഡി വിളിച്ചുവെങ്കിലും വേണ്ടത്ര പങ്കാളിത്തമുണ്ടായില്ല. നേതൃത്വത്തെ ധിക്കരിച്ച് സമരത്തിനൊപ്പംനിന്നവരെ ഇടതുവിരുദ്ധരും വികസനവിരോധികളുമെന്ന് സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജൻ പരസ്യമായി കുറ്റപ്പെടുത്തിയതിന് പിന്നാലെയുള്ള നിലപാടുമാറ്റം കൗതുകകരമാണ്.
ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ കഴിഞ്ഞദിവസം സമരപ്പന്തൽ സന്ദർശിച്ചിരുന്നു. അമിത് ഷായുടെ ജനരക്ഷായാത്രയുമായി ബന്ധപ്പെട്ട് ബി.ജെ.പിയുടെ കേന്ദ്രമന്ത്രിമാർ അടുത്തയാഴ്ച കണ്ണൂരിലെത്തുേമ്പാൾ മുതലെടുപ്പിന് ശ്രമിച്ചേക്കുമെന്ന ആശങ്ക സി.പി.എമ്മിനുണ്ടായിരുന്നു. ദേശീയപാത അതോറിറ്റി കേന്ദ്രസർക്കാറിന് കീഴിലായതിനാൽ അെലയിൻമെൻറ് മാറ്റുന്നതിനും മറ്റുമുള്ള ഇടപെടലിന് ബി.ജെ.പിക്ക് സാധ്യതകളുമുണ്ട്. 250ഒാളം ഏക്കർവരുന്ന നെൽവയൽ നികത്തി റോഡുണ്ടാക്കുന്നതിനെ നെൽവയൽ സംരക്ഷിക്കുമെന്ന എൽ.ഡി.എഫ് പ്രകടനപത്രികയിലെ ഉറപ്പ് ഉയർത്തിക്കാട്ടി സി.പി.െഎ എതിർത്ത് സി.പി.എമ്മിനെ രാഷ്ട്രീയമായും പ്രതിരോധത്തിലാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
