ഇതിഹാസതുല്യമായ പടയോട്ടമായിരുന്നു ഭാരത് ജോഡോ യാത്രയെന്ന് കെ.സി വേണുഗോപാല്‍
text_fieldsകൊച്ചി: രാജ്യത്തെ ഒന്നിപ്പിക്കാന്‍ വെറുപ്പിനെതിരായ ഇതിഹാസതുല്യമായ പടയോട്ടമായിരുന്നു ഭാരത് ജോഡോ യാത്രയെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. അതിന്റെ സന്ദേശം എല്ലാ വീടുകളിലും എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹാത് സേ ഹാത് ജോഡോ അഭിയാന്‍ നടത്തുന്നത്. മോദി സര്‍ക്കാരിനും കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാരിനും എതിരായ കുറ്റപത്രം വീടുകളില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി കേരളത്തില്‍ സംഘടിപ്പിക്കുന്നത്.
ബ്ലോക്ക് അടിസ്ഥാനത്തില്‍ പദയാത്രകളും ഭവന സന്ദര്‍ശനവും നടത്തും. മൂന്ന് മാസക്കാലത്തോളം രാജ്യത്താകെ ഹാത് സേ ഹാത് ജോഡോ അഭിയാന്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. കോണ്‍ഗ്രസിനെ പിന്തുണക്കുന്നവരും വിശാല രാഷ്ട്രീയ താല്‍പര്യത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് അനിവാര്യമാണെന്ന് കരുതുന്നവരും ഉള്‍പ്പെടെ എല്ലാവരും ഭാരത് ജോഡോ യാത്രയില്‍ അണിനിരന്നു.
കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് മോദി ഭരണകൂടം ഭീഷണിപ്പെടുത്തിയിട്ടും രാഷ്ട്രീയ വ്യത്യാസമില്ലാതെ നിരവധി പേരാണ് യാത്രയില്‍ അണി ചേര്‍ന്നത്. യാത്ര സമാപിച്ച ജമ്മു കാശ്മീരില്‍ പത്ത് പാര്‍ട്ടികളുടെ പ്രതിനിധികള്‍ പങ്കെടുത്തു. യാത്ര അവസാനിച്ചതിന് പിന്നാലെ അദാനി വിഷയത്തില്‍ എല്ലാ പ്രതിപക്ഷ കക്ഷികളും ഒറ്റക്കെട്ടായാണ് ജെ.പി.സി അന്വേഷണം ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പോരാട്ടം നടത്തുന്നത്. രാഷ്ട്രീയ സാഹചര്യം മാറി വരുന്നതിന് ജോഡോ യാത്ര കാരണമായെന്ന് നിസംശയം പറയാം.
കേരളത്തിലെ സി.പി.എമ്മിന് കോണ്‍ഗ്രസ് വിരുദ്ധവികാരം മാത്രമെയുള്ളൂ. ഇന്ത്യയില്‍ ബി.ജെ.പി ഉയര്‍ത്തുന്ന വര്‍ഗീയ ഫാസിസത്തെ ഇല്ലാതാക്കുകയെന്നതാണ് കോണ്‍ഗ്രസ് ലക്ഷ്യം. ഒന്‍പതു വര്‍ഷമായി എല്ലാ കേന്ദ്ര ഏജന്‍സികളെയും ഉപയോഗിച്ച് രാജ്യത്തിന്റെ ജനാധിപത്യവും പൈതൃകവും ബി.ജെ.പി കശാപ്പ് ചെയ്യുകയാണ്. അതിനെതിരെ എല്ലാ രാഷ്ട്രീയ പാര്‍ട്ടിയുടെയും പോരാട്ടമാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്.
ബി.ജെ.പിയാണ് കോണ്‍ഗ്രസിന്റെ മുഖ്യ ശത്രു. ആ പോരാട്ടത്തിന്റെ ഭാഗമായാണ് ത്രിപുരയില്‍ സി.പി.എമ്മുമായി ധാരണയുണ്ടാക്കിയത്. ത്രിപുരയില്‍ സി.പി.എമ്മില്‍ നിന്നും ഏറ്റവും കൂടുതല്‍ അക്രമം നേരിട്ട പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എന്നിട്ടും ബി.ജെ.പിയുടെ ഫാസിസത്തെ തകര്‍ക്കുകയെന്ന ആത്യന്തിക ലക്ഷ്യത്തിന് വേണ്ടിയാണ് അവരുമായി യോജിച്ചത്. ത്രിപുരയില്‍ ബി.ജെ.പി ദയനീയമായി പരാജയപ്പെടും.
കേരളത്തിലെ സി.പി.എമ്മിന് ബി.ജെ.പിയല്ല കോണ്‍ഗ്രസാണ് ശത്രു. പക്ഷെ മറ്റിടങ്ങളില്‍ അങ്ങനെയല്ല. ഇങ്ങനെയൊരു രാഷ്ട്രീയം എന്തിന് വേണ്ടിയെന്ന് അവരുടെ അണികളില്‍ പലരും ചിന്തിച്ച് തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിലെ രാഷ്ട്രീയത്തിലും വ്യത്യാസമുണ്ടായിട്ടുണ്ട്. പണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള പോരാട്ടമായിരുന്നു. ഇപ്പോള്‍ അതല്ല നടക്കുന്നത്.
ജനാധിപത്യ പാര്‍ട്ടിയാകുമ്പോള്‍ പുനസംഘടന സംബന്ധിച്ച് ചര്‍ച്ചകളൊക്കെ വേണ്ടി വരും. സി.പി.എമ്മിനെ പോലെ തീരുമാനം എടുത്ത് താഴേത്തട്ടിലേക്ക് അടിച്ചേല്‍പ്പിച്ച് നടപ്പാക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. ഒന്നോ രണ്ടോ ദിവസമെടുത്താലും പുനസംഘടന ഭംഗിയായി നടക്കും.
.....................
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

