ഇൻഡ്യ മുന്നണി: സി.പി.എം പറഞ്ഞത് ഏകോപനസമിതി അംഗമാകാൻ ബുദ്ധിമുട്ടാണെന്നു മാത്രം -കെ.സി. വേണുഗോപാൽ
text_fieldsന്യൂഡൽഹി: ബി.ജെ.പി സർക്കാറിനെ താഴെയിറക്കുക എന്ന വിശാല ആശയത്തോട് യോജിക്കാവുന്ന പാർട്ടികളുടെ മുന്നണിയാണ് ഇൻഡ്യയെന്നും സഖ്യത്തിൽ ഏകാധിപത്യ മനോഭാവമില്ലെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
ഏകോപനസമിതിയിൽ അംഗമാകാൻ ബുദ്ധിമുട്ടാണെന്നു മാത്രമാണ് സി.പി.എം പറഞ്ഞത്. പാർട്ടി നിലപാടെടുക്കാൻ അവർക്ക് സ്വാതന്ത്ര്യമുണ്ട്. അതൊന്നും ഇൻഡ്യ മുന്നണിയുടെ മുന്നോട്ടുപോക്കിനെ ബാധിക്കുന്ന പ്രശ്നമല്ല. മുന്നണിയിൽ ഭിന്നതയില്ല. വ്യത്യസ്തമായി ചിന്തിക്കുന്ന പാർട്ടികൾ, സംസ്ഥാനങ്ങളിൽ പോരടിക്കുന്ന പാർട്ടികൾ എന്നിവരെല്ലാം ചേരുന്നതാണ് ഈ മുന്നണി. ഇത് രൂപവത്കരിച്ചതുകൊണ്ട് എല്ലാ പാർട്ടികളും അവരുടെ ആശയങ്ങൾ മടക്കിവെച്ച് ഒറ്റ മുന്നണിക്കീഴിൽ വരണമെന്ന് ആരും പറഞ്ഞിട്ടില്ല. അങ്ങനെ നടക്കുകയുമില്ലെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
ഏകോപനസമിതിയിലേക്ക് അംഗത്തെ അയക്കേണ്ടതില്ലെന്ന സി.പി.എം പോളിറ്റ്ബ്യൂറോ തീരുമാനം സംബന്ധിച്ച ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തീരുമാനങ്ങൾ എടുക്കാൻ മുന്നണിയിൽ നേതാക്കൾ ഉണ്ടാകുമ്പോൾ അതിനുള്ളിൽ മറ്റൊരു സംഘടനാസംവിധാനം വേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സമിതിയിലേക്ക് ആളെ അയക്കേണ്ടതില്ലെന്ന പോളിറ്റ് ബ്യൂറോ തീരുമാനം. എന്നാൽ, മുന്നണി വിപുലീകരിക്കുന്നതിനും ജനങ്ങളിലെ വലിയൊരുവിഭാഗത്തെ ആകര്‍ഷിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ നടത്തുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുമെന്നും സി.പി.എം വ്യക്തമാക്കിയിരുന്നു.