കർണാടക രാഷ്ട്രീയമെന്ന കറൻസി കമ്മട്ടം
text_fieldsകർണാടകയിൽ രാഷ്ട്രീയ അസ്ഥിരത തുടരുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന്, പണത്തിനും ജാതിക്കും മീതെ ഒന്ന ും പറക്കാത്ത ഒരു രാഷ്ട്രീയ വ്യവസ്ഥിതിയുടെ അനിവാര്യതയാണത് എന്നതാണുത്തരം. പണമെറിഞ്ഞ് നേടുന്ന പദവിയായി നിയ മസഭാംഗത്വവും ലോക്സഭാംഗത്വവും മാറുേമ്പാൾ നേതാക്കൾക്ക് ലവലേശം ലജ്ജയില്ലാതെ ഇരുട്ടിവെളുക്കുംമുെമ്പ പാർ ട്ടികളിൽ നിന്ന് പാർട്ടികളിലേക്ക് കൂടുമാറാനാകുന്നു. മുഖ്യധാരാ പാർട്ടികളായ ബി.ജെ.പിയും കോൺഗ്രസും ജെ.ഡി-എസും ഇക്കാര്യത്തിൽ കർണാടകയിൽ ഒരുപോലെയാണ്. രാഷ്ട്രീയത്തിൽ കോടികൾ മറിയുന്ന കർണാടകയിലെ ആദായനികുതി വകുപ്പിെ ൻറ ഇടപെടലാണ് പുതിയ ചർച്ച.
ജെ.ഡി-എസ് നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും വീടുകളിൽ കഴിഞ്ഞ ദ ിവസം നടത്തിയ റെയ്ഡിെൻറ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. മാണ്ഡ്യയിൽനിന്നുള്ള ജെ.ഡി-എസ് മന്ത്രിയായ സി.എസ്. പുട്ടരാജുവാണ് ആദായ നികുതി വകുപ്പിെൻറ ടാർഗറ്റ്. ഇൗ തെരഞ്ഞെടുപ്പിൽ ശ്രദ്ധേയ പോരാട്ടം നടക്കുന്ന മാണ്ഡ്യയിൽ ജെ.ഡി-എസിെൻറ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് പുട്ടരാജുവാണ്. സഖ്യത്തിനെതിരെ സ്ഥാനാർഥിയെ നിർത്താതെ, സ്വതന്ത്രസ്ഥാനാർഥിയായ സുമലതയെ ബി.ജെ.പി പിന്തുണക്കുന്നതും മാണ്ഡ്യയിലാണ്. ഇൗ മൂന്നു വസ്തുതകൾ ചേർത്തുവെച്ചാൽ കഴിഞ്ഞദിവസം ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിെൻറ അണിയറ നാടകം തിരിച്ചറിയാനാവും. അഴിമതിപ്പണം കണ്ടെത്തുന്നതിൽ ആദായനികുതി വകുപ്പ് കാണിക്കുന്ന ഇൗ ജാഗ്രത, ഗുരുതര അഴിമതി ആരോപണത്തിൽ കർണാടകയിലെ ബി.ജെ.പി മുങ്ങിനിൽക്കുേമ്പാൾപോലും കാണിക്കാത്തതാണ് സംശയങ്ങൾക്കിടയാക്കുന്നത്. കഴിഞ്ഞവർഷം നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ്, ജെ.ഡി.എസ് നേതാക്കൾക്കെതിരെയും ഗുജറാത്തിലെ രാജ്യസഭ തെരഞ്ഞെടുപ്പ് സമയത്ത് ‘ഒാപറേഷൻ താമര’യിൽനിന്ന് കോൺഗ്രസ് എം.എൽ.എമാരെ മാറ്റിപ്പാർപ്പിക്കാൻ നേതൃത്വം നൽകിയ കോൺഗ്രസ് മന്ത്രി ഡി.കെ. ശിവകുമാറിനെതിരെയും നടന്ന റെയ്ഡുകളും ഇതോടൊപ്പം ഒാർക്കാം.
അടുത്തിടെ പുറത്തുവന്ന ഒാഡിയോ വിവാദത്തിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദിയൂരപ്പ ജെ.ഡി-എസ് എം.എൽ.എക്ക് വേണ്ടി 25 കോടി ( ഒപ്പം നിൽക്കാൻ സ്പീക്കർക്ക് 150 കോടി വേറെയും) വാഗ്ദാനം ചെയ്യുന്നത് വെളിപ്പെട്ടിട്ടും കോൺഗ്രസും ജെ.ഡി-എസും ചേർന്ന് ഭരിക്കുന്ന കർണാടക സർക്കാറിെൻറ അന്വേഷണം നിയമസഭയിലെ ആവേശപ്രസംഗത്തിൽ ഒതുങ്ങി. പാർട്ടി ഭേനദമന്യെ മിക്ക രാഷ്ട്രീയക്കാരും ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ കോടികളുടെ അഴിമതിക്കഥകളിൽ പരസ്പര ബന്ധിതമാണ് എന്നതാണ് വസ്തുത.
2004 മുതലാണ് കർണാടക ‘ഇടപാടുകളുടെ രാഷ്ട്രീയ’ത്തിലേക്ക് ചുവടുവെക്കുന്നതെന്നു പറയാം. കർണാടകയിൽ കൂട്ടുകക്ഷി മന്ത്രിസഭ പിറന്നത് ആ തെരഞ്ഞെടുപ്പിലാണ്. കോൺഗ്രസും ജെ.ഡി-എസും ചേർന്നായിരുന്നു ഭരണം. 2006ൽ ജെ.ഡി-എസും ബി.ജെ.പിയും ചേർന്നു ഭരിച്ചു. ഒരു സർക്കാറിനും ഭരണം പൂർത്തിയാക്കാനായില്ല. 2008 ൽ ബെള്ളാരിയിലെ ഖനി ഭീമന്മാരായ റെഡ്ഡി സഹോദരന്മാർ ഒഴുക്കിയ കോടികളുടെ കരുത്തിൽ എം.എൽ.എമാരെ വാരിപ്പിടിച്ച് ബി.ജെ.പി ദക്ഷിണേന്ത്യയിൽ ഒറ്റക്ക് അധികാരത്തിലേറി. ശതകോടികളുടെ അഴിമതിയിൽ മുങ്ങിക്കുളിച്ച ബി.ജെ.പി മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയും മന്ത്രി ജനാർദനറെഡ്ഡിയുമെല്ലാം ചേർന്ന് ബെള്ളാരി റിപ്പബ്ലിക് സൃഷ്ടിച്ചു. ആ ഭരണകാലത്ത് അനധികൃത ഖനനം കൊണ്ട് ബെള്ളാരിയിൽനിന്ന് വിധാൻസൗധയിലേക്ക് ഒഴുകിയത് കോടികളാണ്. ഒടുവിൽ മുഖ്യമന്ത്രി യെദിയൂരപ്പയും ജനാർദനറെഡ്ഡിയും അഴിമതിക്കേസിൽ ജയിലിലായി. അഞ്ചു വർഷത്തിനിടെ ബി.ജെ.പിയുടെ മൂന്ന് മുഖ്യമന്ത്രിമാർ കർണാടക മാറിമാറി ഭരിച്ചു. പണമെറിഞ്ഞ് എം.എൽ.എമാരെ വരുതിയിലാക്കി അധികാരത്തിൽ തിരിച്ചെത്താനുള്ള ബി.ജെ.പിയുടെ ‘ഒാപറേഷൻ താമര’ ഇപ്പോഴും തുടരുകയാണ്.
ബെള്ളാരിയിലെ ഖനന അഴിമതി ബി.െജ.പിയുടെ മാത്രം കുത്തകയാണെന്ന് തെറ്റിദ്ധരിക്കേണ്ട. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബെള്ളാരി ജില്ലയിൽനിന്ന് മത്സരിച്ച കോൺഗ്രസിെൻറയും ജെ.ഡി-എസിെൻറയും സ്ഥാനാർഥികൾ അഴിമതിക്കേസ് നേരിടുന്നവരായിരുന്നു. നേതാക്കൾക്ക് ബെള്ളാരിയിൽ ഖനി വ്യവസായമാണെങ്കിൽ ബെളഗാവിയിലും കലബുറഗിയിലും പഞ്ചസാര വ്യവസായമാണ്. ബംഗളൂരുവിലും ൈമസൂരുവിലും റിയൽ എസ്റ്റേറ്റ് ഇടപാടുകളാണ്. വൻകിട വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബിസിനസ് വേറെ. ഇങ്ങനെ തുടങ്ങി കച്ചവടവും രാഷ്ട്രീയവും ഒത്തുപോകുന്നതാണ് കർണാടകയിലെ മിക്ക നേതാക്കളുടെയും പ്രൊഫൈൽ ചിത്രം.
രാജ്യത്തുതന്നെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഏറ്റവും കൂടുതൽ പണമൊഴുകുന്ന സംസ്ഥാനങ്ങളിലൊന്നാണ് കർണാടക. വൻകിട ബിസിനസുകാർ കോടികൾ ഒഴുക്കാൻ മടികാണിക്കില്ല. ജയിച്ചാൽ പ്രത്യുപകാരം തിരിച്ചുമുണ്ടാകും. ഒരു വശത്ത്, ജനങ്ങൾക്ക് ആവശ്യമില്ലാതിരുന്നിട്ടും പല പദ്ധതികളും വികസനത്തിെൻറ പേരിൽ പൊട്ടിമുളക്കുന്നതും മറുവശത്ത് കർണാടകയുടെ നെട്ടല്ലായ കാർഷിക മേഖല നടുവൊടിയുന്നതും ഇതിെൻറയൊക്കെ അനുരണനമാണ്. ബി.ജെ.പി തിരിച്ചുവരവിനായും കോൺഗ്രസ് നിലനിൽപ്പിനായും പോരാടിയ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കർണാടകയിലെ രാഷ്ട്രീയ പാർട്ടികൾ പ്രചാരണത്തിനായി ചെലവഴിച്ചത് 10,500 കോടി രൂപയാണെന്ന് സെൻറർ ഫോർ മീഡിയ സ്റ്റഡീസ് നടത്തിയ സർവേയിൽ പറയുന്നു. 2013ൽ ചെലവഴിച്ചതിെൻറ ഇരട്ടിയായിരുന്നു ഇത്. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 25000 കോടിയിലേറെ രൂപയാണ് എല്ലാ പാർട്ടികളുടെയും പ്രചാരണ ചെലവ്. ഇൗ ചെലവിെൻറ സിംഹഭാഗവും ബി.ജെ.പി, കോൺഗ്രസ്, ജെ.ഡി-എസ് എന്നിവ തന്നെയാണ് വഹിച്ചത്. സ്ഥാനാർഥികളുടെ ചെലവ് പകുതിയോളം വർധിച്ചത് കണക്കിലെടുത്താൽ ഇൗ ലോക്സഭ തെരഞ്ഞെടുപ്പിൽ കർണാടകയിൽ 50,000 കോടിക്കുമുകളിൽ പണമിറങ്ങാൻ സാധ്യതയുണ്ടെന്നും സർവെ ചൂണ്ടിക്കാട്ടിയിരുന്നു.
സ്ഥാനാർഥികൾ മിക്കവരും കോടിപതികളാണ്. പ്രചാരണത്തിനും വോട്ടുപിടിക്കാനും വേണ്ടത് കോടികളാണ്. പണം നൽകി വോട്ടുപിടിക്കുന്നത് പുതുമയൊന്നുമല്ല. ഒാേരാ തെരഞ്ഞെടുപ്പിലും അതിെൻറ രീതി മാറുകയാണെന്നും ഇതുകാരണം പലതും പിടിക്കപ്പെടാതെ പോകുന്നുണ്ടെന്നും സമ്മതിച്ചത് കർണാടകയിലെ മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസർ സഞ്ജീവ് കുമാറാണ്. കഴിഞ്ഞ വർഷം നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് തെരഞ്ഞെടുപ്പ് കമ്മീഷെൻറ വലയിൽ കുടുങ്ങിയത് 150ഒാളം കോടിയാണ്. ഇൗ ലോക്സഭ തെരഞ്ഞെടുപ്പിൽ കഴിഞ്ഞ മൂന്നാഴ്ചക്കിടെ മാത്രം പിടിച്ചെടുത്തത് 32 കോടി. പിടിക്കപ്പെടാത്തത് അതിലുമെത്രയോ ഏറെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
