കർണാടക: കൂട്ടിയും കിഴിച്ചും കോൺഗ്രസും ബി.ജെ.പിയും
text_fieldsബംഗളൂരു: അടുത്തവർഷത്തെ ലോക്സഭ തെരഞ്ഞെടുപ്പിെൻറ ഡ്രസ് റിഹേഴ്സലെന്ന് വിശേഷിപ്പിക്കപ്പെടുന്ന കർണാടക നിയമസഭ വോെട്ടടുപ്പ് കഴിഞ്ഞതോടെ കൂട്ടിയും കിഴിച്ചും അധികാര പ്രതീക്ഷയുമായി കോൺഗ്രസും ബി.ജെ.പിയും ജെ.ഡി.എസും. കോൺഗ്രസിനും ബി.ജെ.പിക്കും മുൻതൂക്കവും തൂക്കുസഭക്ക് സാധ്യതയും പ്രവചിക്കുന്ന എക്സിറ്റ് പോളുകൾ പുറത്തുവന്നതോടെ എല്ലാവരുടെയും നോട്ടം ചൊവ്വാഴ്ചത്തെ വോെട്ടണ്ണലിലേക്കാണ്. 224 നിയമസഭ മണ്ഡലങ്ങളിൽ 222 എണ്ണത്തിലാണ് ശനിയാഴ്ച തെരഞ്ഞെടുപ്പ് നടന്നത്. രണ്ട് സീറ്റിലെ വോെട്ടടുപ്പ് മാറ്റിവെച്ചിരുന്നു. അധികാരം പിടിക്കാൻ കേവല ഭൂരിപക്ഷമായ 113 സീറ്റ് വേണം. 2013ൽ 122 സീറ്റ് നേടി കോൺഗ്രസ് ഒറ്റക്ക് ഭരണം പിടിച്ചപ്പോൾ ബി.ജെ.പിയും ജെ.ഡി.എസും 40 സീറ്റ് വീതമാണ് പങ്കിട്ടത്.
എക്സിറ്റ് പോളുകളുടെ ബലത്തിൽ ബി.ജെ.പി അമിത ആത്മവിശ്വാസത്തിലാണ്. 125 മുതൽ 136 സീറ്റ് വരെ പാർട്ടി നേടുമെന്നാണ് സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദിയൂരപ്പയുടെ അവകാശവാദം. കോൺഗ്രസ് 76ഉം ജെ.ഡി.എസ് 24ഉം സീറ്റിനപ്പുറം കടക്കില്ലെന്ന് പറഞ്ഞ അദ്ദേഹം, സത്യപ്രതിജ്ഞ തീയതി തീരുമാനിക്കാൻ ചൊവ്വാഴ്ച വൈകീട്ട് ഡൽഹിയിലേക്ക് പോകുമെന്നും പ്രഖ്യാപിച്ചു. അതേസമയം, എക്സിറ്റ് പോൾ പ്രവചനങ്ങൾ രണ്ടു ദിവസത്തേക്കുള്ള വെറും വിനോദമാണെന്നായിരുന്നു മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മറുപടി. മുഖ്യമന്ത്രി സ്ഥാനത്ത് അദ്ദേഹം കാലാവധി തികച്ച ദിവസം കൂടിയായിരുന്നു ഞായറാഴ്ച.
വോെട്ടടുപ്പിനുമുമ്പ് പുറത്തുവന്ന സർവേകളും ശനിയാഴ്ച വൈകീട്ടത്തെ എക്സിറ്റ് പോളും നൽകുന്ന സൂചന പ്രകാരം ഇത്തവണ സീറ്റുകൾ കുറഞ്ഞാലും ജെ.ഡി.എസ് വിലപേശൽ ശക്തിയാവും. തൂക്കുമന്ത്രിസഭക്കുള്ള സാധ്യത മുന്നിൽക്കണ്ടാണ് ജെ.ഡി.എസിനായി വാതിൽതുറന്നിട്ട് ‘ദലിത് മുഖ്യമന്ത്രി’ ചർച്ച കോൺഗ്രസ് ഞായറാഴ്ച ഉയർത്തിയത്. കോൺഗ്രസിനോട് അടുക്കാൻ ജെ.ഡി-എസിന് മുന്നിലെ തടസ്സം സിദ്ധരാമയ്യ മാത്രമാണ്. മുഖ്യമന്ത്രി പദത്തിൽനിന്ന് സിദ്ധരാമയ്യയെ മാറ്റിനിർത്തിയുള്ള നീക്കുപോക്കിന് ജനതാദൾ തലവൻ ദേവഗൗഡ തയാറായേക്കും. ദലിതരായ മല്ലികാർജുന ഖാർഗെ, കെ.പി.സി.സി അധ്യക്ഷൻ ജി. പരമേശ്വര, മുതിർന്ന നേതാവ് കെ.എച്ച്. മുനിയപ്പ തുടങ്ങിയവരെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹം ഉയർത്തിക്കാട്ടുന്നത്. മുഖ്യമന്ത്രിയെ ഹൈക്കമാൻറ് തീരുമാനിക്കുമെന്ന് തെരഞ്ഞെടുപ്പിന് ശേഷം മല്ലികാർജുന ഖാർഗെയും പരമേശ്വരയും പറഞ്ഞിരുന്നു. ദലിത് മുഖ്യമന്ത്രിക്കുവേണ്ടി സ്ഥാനമൊഴിയാൻ താൻ തയാറാണെന്ന് ഞായറാഴ്ച സിദ്ധരാമയ്യയും വ്യക്തമാക്കി.
2006ൽ ബി.ജെ.പിയുമായി കൂട്ടുണ്ടാക്കിയത് ജെ.ഡി-എസിന് പറ്റിയ തെറ്റായിരുന്നെന്നും അത് ആവർത്തിച്ചാൽ മകൻ കുമാരസ്വാമിയെ കുടുംബത്തിൽനിന്ന് ബഹിഷ്കരിക്കുമെന്നും ഇൗയിടെ ദേവഗൗഡ പറഞ്ഞിരുന്നു. തൂക്കുമന്ത്രിസഭ വന്നാൽ ആരെ പിന്തുണക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ഫലം വരെട്ടയെന്നാണ് നിലപാട്. പാർട്ടി സംസ്ഥാന അധ്യക്ഷനും മുഖ്യമന്ത്രി സ്ഥാനാർഥിയുമായ എച്ച്.ഡി. കുമാരസ്വാമിയാവെട്ട ഞായറാഴ്ച സിംഗപ്പൂർ യാത്രയിലാണ്.
നിയമസഭ തെരഞ്ഞെടുപ്പിൽ ബി.എസ്.പിയുമായി സഖ്യമുണ്ടാക്കിയ ദേവഗൗഡക്ക് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റെഡ്ഡിയുടെയും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെയും പിന്തുണയുമുണ്ടായിരുന്നു. കർണാടകയിൽ തൂക്കുസഭ വന്നാൽ ഇവരുടെയൊക്കെ എതിർപ്പ് മറികടന്ന് ജെ.ഡി-എസ് ബി.ജെ.പിക്കൊപ്പം നിൽക്കുമോ അതോ ദേശീയതലത്തിൽ ബി.ജെ.പിക്കെതിരെ രൂപപ്പെട്ടുവരുന്ന മതേതര സഖ്യത്തെ ശക്തിപ്പെടുത്താൻ കോൺഗ്രസിനൊപ്പം ചേരുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
