കർണാടകയിൽ പോളിങ് 70 ശതമാനം
text_fieldsബംഗളൂരു: നിർണായകമായ കർണാടക നിയമസഭ തെരഞ്ഞെടുപ്പിെൻറ പ്രചാരണത്തിലെ ആവേശക്കാറ്റ് ഏശാതെപോയ വോെട്ടടുപ്പിൽ 70 ശതമാനം പോളിങ്. കഴിഞ്ഞ വർഷം സംസ്ഥാനത്ത് 71.45ഉം ബംഗളൂരുവിൽ 57.63ഉം ശതമാനമായിരുന്നു പോളിങ്. ഇത്തവണയും പതിവുപോലെ ബംഗളൂരു നഗരത്തിൽ വോട്ടിങ് നന്നേ കുറവാണ്. വൈകീട്ട് അഞ്ചുവരെ 48 ശതമാനം പോളിങ്ങാണ് ബംഗളൂരു അർബനിൽ രേഖപ്പെടുത്തിയത്. പൂർണമായും വോട്ടുയന്ത്രങ്ങളും വിവിപാറ്റും ഉപയോഗിച്ചുള്ള ആദ്യ കർണാടക തെരഞ്ഞെടുപ്പ് രാവിലെ ഏഴിന് ആരംഭിച്ച് വൈകീട്ട് ആറിന് അവസാനിച്ചു.
തുടക്കത്തിലേ യന്ത്രങ്ങൾ പണിമുടക്കിയതോടെ മണിക്കൂറുകൾ വൈകിയാണ് പലയിടത്തും വോെട്ടടുപ്പ് ആരംഭിച്ചത്. സംസ്ഥാനത്ത് 164 പോളിങ് യൂനിറ്റും 157 കൺട്രോൾ യൂനിറ്റും 470 വിവിപാറ്റും തകരാറിലായി. ഇവ മാറ്റിസ്ഥാപിച്ച് വോെട്ടടുപ്പ് തുടർന്നു. യന്ത്രം തകരാറിലായ ഹെബ്ബാൾ മണ്ഡലത്തിലെ ലൊട്ടഗല്ലഹള്ളി ബൂത്തിൽ പോളിങ് തിങ്കളാഴ്ചത്തേക്ക് മാറ്റി. 222 നിയമസഭ മണ്ഡലങ്ങളിലായി 57,931 പോളിങ് ബൂത്തുകൾ തെരഞ്ഞെടുപ്പ് കമീഷൻ ഒരുക്കിയിരുന്നു. ഉച്ചക്ക് ഒന്നിന് േപാളിങ്ങിൽ 33.42ഉം വൈകീട്ട് അഞ്ചിന് 64.35ഉം ശതമാനം രേഖപ്പെടുത്തി.

ലിംഗായത്ത് മതപദവി വിവാദമായ പശ്ചാത്തലത്തിൽ മാധ്യമങ്ങളുടെ കാമറക്കണ്ണിലായിരുന്നു സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ ലിംഗായത്ത് മഠാധിപതികൾ വോട്ട് ചെയ്യാനെത്തിയത്. തുമകൂരു സിദ്ധഗംഗ മഠാധിപതി ശിവകുമാര സ്വാമി 111ാം വയസ്സിലും വോട്ട് രേഖപ്പെടുത്തിയത് ശ്രദ്ധേയമായി. ചാമുണ്ഡേശ്വരിയിലെയും ബദാമിയിലെയും സ്ഥാനാർഥിയായ മുഖ്യമന്ത്രി സിദ്ധരാമയ്യയും വരുണയിലെ സ്ഥാനാർഥിയായ മകൻ ഡോ. യതീന്ദ്രയും വരുണയിലെ സിദ്ധരാമനഹുണ്ടിയിൽ വോട്ടുചെയ്തു.

മറ്റു മുഖ്യമന്ത്രി സ്ഥാനാർഥികളായ ജെ.ഡി^എസ് അധ്യക്ഷൻ എച്ച്.ഡി. കുമാരസ്വാമി ഭാര്യ അനിതയോടൊപ്പം രാമനഗരയിലും ബി.ജെ.പി അധ്യക്ഷൻ ബി.എസ്. യെദിയൂരപ്പ ശിക്കാരിപുരയിലും വോട്ട് രേഖപ്പെടുത്തി. മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ബദാമിയിൽ മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാർഥി ബി. ശ്രീരാമുലു ബെല്ലാരിയിലെ വീട്ടിൽ ഗോപൂജ സംഘടിപ്പിച്ചാണ് വോട്ടുചെയ്യാനിറങ്ങിയത്.

ഒന്നര ലക്ഷത്തോളം സുരക്ഷ ഉദ്യോഗസ്ഥരുടെ കനത്ത കാവലിൽ നടന്ന തെരഞ്ഞെടുപ്പിൽ കാര്യമായ അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല. ഹാസനിൽ പോളിങ് ബൂത്തിലേക്കുള്ള യാത്രക്കിടെ രണ്ടു സ്ത്രീകൾ ലോറിയിടിച്ചും ദക്ഷിണ കന്നട ജില്ലയിലെ ബെൽത്തങ്ങാടിയിൽ ബൂത്തിൽ വരിനിൽക്കുന്നതിനിടെ വയോധികൻ കുഴഞ്ഞുവീണും മരിച്ചു. മൈസൂരുവിൽ കഴിഞ്ഞദിവസം അക്രമത്തിനിരയായ സ്വതന്ത്ര സ്ഥാനാർഥി ആശുപത്രിക്കിടക്കയിൽനിന്ന് ആംബുലൻസിൽ വോട്ടുചെയ്യാനെത്തിയതും യാദ്ഗിറിൽ രാവിലെ അമ്മ മരിച്ച വീട്ടിൽനിന്ന് മകൻ വോട്ടുചെയ്യാനെത്തിയതും കൗതുകമായി.

കലബുറഗിയിൽ 43 ഡിഗ്രി ചൂടിൽ നടന്ന വോെട്ടടുപ്പിനിടെ വൈകീട്ട് മിന്നലോടെ കനത്തമഴയുമെത്തി. കലബുറഗിയിലെ തർകാസ്പൂർ, കിറ്റൂരിലെ ഹുനസിക്കട്ടി ഗ്രാമങ്ങൾ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു. 224ൽ 222 നിയമസഭ സീറ്റിലേക്കുള്ള വോെട്ടടുപ്പാണ് ശനിയാഴ്ച നടന്നത്. കേവല ഭൂരിപക്ഷമായ 113 സീറ്റ് നേടി ആര് ഭരണത്തിലേറുമെന്ന് അറിയാൻ ചൊവ്വാഴ്ച ഫലം പുറത്തുവരുന്നതുവരെ കാത്തിരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
