വിധി നിർണയിക്കാൻ മലയാളി വോട്ടും
text_fieldsബംഗളൂരു: നഗരത്തിൽ 15 ലക്ഷത്തോളം മലയാളികളുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. 1950കളിലും 60കളിലും കൃഷിയും കച്ചവടവും വ്യവസായവും ഫാക്ടറി തൊഴിലുമൊക്കെയായി തുടങ്ങിയതാണ് മലയാളികളുടെ കുടിയേറ്റം. ബംഗളൂരു ഇന്ത്യയുടെ െഎ.ടി ഹബ്ബായി മാറിയതോടെ മലയാളികളുടെ വരവ് പല മടങ്ങായി വർധിച്ചെങ്കിലും കൂടുതലും ‘ഫ്ലോട്ടിങ് കമ്യൂണിറ്റി’യായി മാറി. വേരുകൾ കേരളത്തിലുറപ്പിച്ച് ഉപജീവനത്തിന് മാത്രം ബംഗളൂരുവിനെ ആശ്രയിച്ച് കഴിയുന്നവരിൽ അധികവും െഎ.ടി പോലെയുള്ള അസ്ഥിര തൊഴിൽ മേഖലയാണുള്ളത്.
പൊതുവെ തെരഞ്ഞെടുപ്പിനോട് വലിയ മടി കാണിക്കുന്നവരാണ് ബംഗളൂരുവിലെ നഗര ജനത. ഇത്തവണ വോെട്ടടുപ്പ് ദിവസമായ മേയ് 12 വാരാന്ത്യ ഒഴിവുദിനമായതിനാൽ പോളിങ് ശതമാനം നന്നേ കുറയുമെന്നാണ് രാഷ്ട്രീയപാർട്ടികളുടെ ആശങ്ക. 2013ൽ സംസ്ഥാനത്ത് 71.77 ശതമാനം വോട്ട് രേഖപ്പെടുത്തിയപ്പോൾ ബംഗളൂരു നൽകിയത് 52.8 ശതമാനം. മേയ് 12ന് നഗരത്തിലെ മാളുകളും മൾട്ടിപ്ലക്സുകളും അടച്ചിടാൻ നിർദേശം നൽകാനൊരുങ്ങുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ.
കുടിയേറ്റ വോട്ടുകൾ വിധി നിർണയിക്കുന്നതാണ് ബംഗളൂരു അർബൻ, റൂറൽ ജില്ലകളിലെ മിക്ക മണ്ഡലങ്ങളും. ഇതിൽ ദാസറഹള്ളി, ബൊമ്മനഹള്ളി, കെ.ആർ. പുരം, ബി.ടി.എം ലേഒൗട്ട് എന്നിവയാണ് പരമ്പരാഗതമായി മലയാളി സ്വാധീനമുള്ള നിയമസഭ മണ്ഡലങ്ങൾ. 25000 മുതൽ 30000 വരെ മലയാളി വോട്ടുണ്ടെന്ന് കണക്കാക്കുന്ന ഇൗ നാല് മണ്ഡലങ്ങളിലും നിർണായക ശക്തിയാണ് മലയാളികൾ. ഫാക്ടറികളും അസംഘടിത തൊഴിലാളികളും കൂടുതലുള്ള മണ്ഡലമായ ദാസറഹള്ളിയിൽ ബി.ജെ.പിയുടെ എസ്. മുനിരാജുവാണ് സിറ്റിങ് എം.എൽ.എ. 2008ലും 2013ലും വിജയിച്ച മുനിരാജു ഹാട്രിക് ജയം തേടുകയാണ്. 8.91 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണമുള്ള സംസ്ഥാനത്തെ ഏറ്റവും ചെറിയ നിയമസഭ മണ്ഡലം കൂടിയാണിത്.
ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡിയുടെ മണ്ഡലമായ ബി.ടി.എം ലേഒൗട്ടിൽ 2011 ലെ സെൻസസ് പ്രകാരം 3,18678 ആണ് ജനസംഖ്യ. വോട്ടർമാർ 2,63,853. മണ്ഡലത്തിലെ, മടിവാള, ഇൗജിപുര, കോറമംഗല എന്നിവയും മലയാളികൾ ഏറെയുള്ള സ്ഥലങ്ങളാണ്. മുമ്പ് ഗ്രാമീണ മേഖലയായിരുന്ന കൃഷ്ണരാജപുരം എന്ന കെ.ആർ. പുരത്ത് ഫാക്ടറികളുടെ വരവോടെയാണ് നഗരവെളിച്ചം വീശിത്തുടങ്ങിയത്. റെഡ്ഡി-യാദവ സമുദായങ്ങൾക്ക് ഭൂരിപക്ഷമുള്ള മണ്ഡലത്തിൽ മലയാളികളുടെ സാന്നിധ്യവും ചെറുതല്ല. െസൻസസ് പ്രകാരം രാമമൂർത്തി നഗറാണ് മണ്ഡലത്തിലെ മലയാളികൾ ഏറെയുള്ള മേഖല.
കോൺഗ്രസിെൻറ ബി.എ. ബസവരാജ് ആണ് സിറ്റിങ് എം.എൽ.എ. ബൊമ്മനഹള്ളിയാണ് മലയാളികൾ കൂടുതലുള്ള മറ്റൊരു നിയമസഭ മണ്ഡലം. ബി.ജെ.പിയുടെ സതീഷ് റെഡ്ഡിയാണ് സിറ്റിങ് എം.എൽ.എ. ചെറുകിട കച്ചവടക്കാരും ഒാഫിസ് ജീവനക്കാരും തൊഴിലാളികളുമായ മലയാളികൾ ഏറെയുള്ള മണ്ഡലം കൂടിയാണിത്. ആനേക്കൽ, രാജരാജേശ്വരി നഗർ, സർവജ്ഞ നഗർ, ശാന്തിനഗർ, മഹാദേവപുര, ബൈട്രായനപുര, ഹെബ്ബാൾ, ബാംഗ്ലൂർ സൗത്ത്, പുലികേശി നഗർ, സി.വി. രാമൻ നഗർ, ജയനഗർ, മഹാദേവ, യശ്വന്ത്പുര തുടങ്ങിയ മണ്ഡലങ്ങളിൽ ആയിരം മുതൽ 15000 വരെ മലയാളി വോട്ടർമാരുണ്ടെന്നാണ് ഏകദേശ കണക്ക്. മലയാളികൾ മന്ത്രിമാരും എം.എൽ.എമാരുമൊക്കെയായ കന്നട നാട്ടിൽ ബംഗളൂരുവിൽനിന്ന് കേരളവേരുള്ള കെ.ജെ. ജോർജും എൻ.എ. ഹാരിസും നിയമസഭയിലെത്തിയിരുന്നു. ബംഗളൂരു നഗര വികസന മന്ത്രികൂടിയായ കെ.ജെ. ജോർജ് സിറ്റിങ് സീറ്റായ സർവജ്ഞ നഗറിൽത്തന്നെ മത്സരിക്കും. മകൻ ഉൾപ്പെട്ട മർദന കേസിെൻ പേരിൽ എൻ.എ. ഹാരിസിന് സീറ്റ് ലഭിക്കുമോയെന്നത് സംശയകരമായിരുന്നു. എന്നാൽ, സീറ്റ് നൽകുന്നതിന് കോൺഗ്രസ് കേന്ദ്ര നേതൃത്വം പച്ചക്കൊടി കാണിച്ചതായാണ് അവസാന വിവരം.
വോട്ടർ പട്ടികയിൽ പേര് ചേർക്കാനും വീടുകയറിയുള്ള പ്രചാരണത്തിലും മലയാളി സംഘടനകൾ സജീവമായതിനാൽ വോട്ടിലും ആ വർധനവുണ്ടാകും. യാത്രാപ്രശ്നങ്ങൾക്കുപുറമെ മലയാളികൾക്കു േനരെ നടക്കുന്ന കവർച്ചയും അക്രമവും വർധിക്കുകയെന്നല്ലാതെ പരിഹാരമൊന്നുമില്ല. വോട്ടുശക്തിയായി നിന്നാലേ ഇവക്ക് പരിഹാരം കാണാനാകൂ എന്നതാണ് സ്ഥിതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
