ബഹിഷ്കരണമില്ല; മഹാദായിക്കാർ വോട്ടുചെയ്യും
text_fieldsബദാമിയിൽനിന്ന് നവൽഗുണ്ടിലേക്കുള്ള പാതക്കിരുവശവും കണ്ണെത്താദൂരത്തോളം കൃഷിനിലങ്ങളാണ്. വിത്ത് മണ്ണിനടുത്തുകൂടി പോയാൽ പോലും പൊട്ടിമുളക്കുമെന്ന് തോന്നിപ്പിക്കുന്ന വളക്കൂറുള്ള കറുത്തമണ്ണ്. എന്നാൽ ഇപ്പോഴവിടെ കൊടും വരൾച്ചയാണ്.
അപൂർവം ചിലയിടങ്ങളിൽ കുഴൽക്കിണർ വെള്ളം ഉപയോഗിച്ച് തുള്ളിനനയിലൂടെ കൃഷി നിലനിർത്തുന്നുണ്ട്. ബാക്കിയിടങ്ങളെല്ലാം തരിശാണ്. ആവശ്യത്തിന് മഴയില്ലാതെ കൃഷി മുരടിച്ചിട്ട് കഴിഞ്ഞ മൂന്നുവർഷമായി. ബാഗൽകോട്ട്, ബെളഗാവി, ധാർവാഡ്, ഗദക് എന്നീ ജില്ലകളിൽ കൃഷിയെ മാത്രം ആശ്രയിച്ചുകഴിയുന്ന നിരവധി ഗ്രാമങ്ങളുണ്ട്. മഹാദായി നദിയിൽനിന്ന് കലസ-ബണ്ഡൂരി കനാൽ വഴി വെള്ളം മാലപ്രഭ നദിയിലെത്തിച്ച് മേഖലയിലെ കുടിവെള്ള, ജലസേചന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാണ് മഹാദായി സമരക്കാരുടെ ആവശ്യം. നവൽഗുണ്ടിന് പുറമെ നർഗുണ്ടിലും ഹുബ്ബള്ളിയിലും ധാർവാഡിലും സമരം അരങ്ങേറുന്നു. നവൽഗുണ്ട് മണ്ഡലത്തിൽ സമരക്കാർ മത്സരിക്കാൻ തീരുമാനിക്കുകയും നാടകീയ സംഭവങ്ങൾക്കൊടുവിൽ പത്രിക പിൻവലിക്കുകയും സമരക്കാർക്കിടയിൽ ഭിന്നത രൂപപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് അവിടത്തെ കർഷകരെ കാണാനിറങ്ങിയത്.
മാലപ്രഭ -മഹാദായി-കലസ ബണ്ഡൂരി കർഷക പോരാട്ട കോഒാഡിേനഷൻ സമിതിയാണ് നവൽഗുണ്ടിൽ 1020 ദിവസമായി സമരം നയിക്കുന്നത്. ഹുബ്ബള്ളിയിലെയും ധാർവാഡിലെയും കർഷകർ കോഒാഡിനേഷൻ സമിതിയുടെ ഭാഗമാണ്. ഗദക് ജില്ലയിലെ നർഗുണ്ടിലെ സമരക്കാർ കോഒാഡിനേഷൻ കമ്മിറ്റിയിലില്ല. ജെ.ഡി.എസ് ഭരിക്കുന്ന മണ്ഡലമാണ് നവൽഗുണ്ട്. ജെ.ഡി.എസ് നേതാവായിരുന്ന ലോക്നാഥ് ഹെബ്സൂർ പാർട്ടി അംഗത്വം രാജിവെച്ച് മഹാദായി സമരത്തിന് നേതൃത്വം നൽകുന്നു.
കോൺഗ്രസിനെയോ ബി.ജെ.പിയെയോ ജെ.ഡി.എസിനെയോ വിശ്വാസമില്ലാത്ത സമരക്കാർ ഇത്തവണ തങ്ങളുടെ പ്രതിനിധിയായി നവൽഗുണ്ടിൽ ലോക്നാഥ് ഹെബ്സൂറിനെ സ്ഥാനാർഥിയാക്കി നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. എന്നാ ൽ, ഇത് ഫലത്തിൽ ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്ന് തോന്നിയതോടെ ലോക്നാഥ് പത്രിക പിൻവലിച്ചു. സമരക്കാരിൽ ഒരു വിഭാഗം ഇതിൽ പ്രതിഷേധത്തിലാണ്. നവൽഗുണ്ടിലെ സമരപ്പന്തലിൽ ഇപ്പോൾ ലോക്നാഥില്ല. വീട്ടിൽവെച്ചാണ് അദ്ദേഹത്തെ കണ്ടത്. വോട്ടുബഹിഷ്കരണം എന്ന ആദ്യ തീരുമാനത്തിൽനിന്ന് സമരക്കാർ നിലപാട് തിരുത്തിയിട്ടുണ്ട്. ബി.ജെ.പിക്ക് േവാട്ടുചെയ്യേണ്ടെന്നാണ് തീരുമാനം.
നോട്ടയോടും താൽപര്യമില്ല. പിന്തുണ കോൺഗ്രസിനോ ജെ.ഡി.എസിനോ എന്നത് അവസാനനിമിഷം തീരുമാനിക്കുമെന്ന് ലോക്നാഥ് പറഞ്ഞു. കൃഷിനിലങ്ങളിൽ മഴവെള്ള സംഭരണികൾ സ്ഥാപിക്കാൻ സിദ്ധരാമയ്യ സർക്കാർ അരലക്ഷം രൂപ വീതം കർഷകർക്ക് അനുവദിച്ചിട്ടുണ്ട്. ഇൗ ഫണ്ട് ഉപയോഗിച്ച് നിർമിച്ച ജലസംഭരണികൾ പലയിടത്തും കണ്ടു.നിയമസഭ തെരഞ്ഞെടുപ്പിൽ ഉത്തര കർണാടക മേഖലയിൽ മഹാദായി നദീ ജലത്തർക്കം പ്രധാന പ്രചാരണ വിഷയമാണ്. കലസ-ബണ്ഡൂരി കനാൽ പദ്ധതിക്ക് ബി.ജെ.പി ഭരിക്കുന്ന ഗോവ നിലവിൽ എതിരാണ്. പ്രശ്നം പരിഹരിക്കുന്നതിന് പകരം വിഷയം രാഷ്ട്രീയ ആയുധമാക്കുകയാണ് കോൺഗ്രസും ബി.ജെ.പിയും.
കർണാടകയിൽ ബി.ജെ.പി അധികാരത്തിലെത്തിയാൽ മഹാദായി ജലം കനാലിലെത്തുമെന്ന മോദിയുടെ വാഗ്ദാനം വെറും രാഷ്ട്രീയ ഗിമ്മിക്കാണെന്ന് സമരക്കാർ പറയുന്നു. കഴിഞ്ഞമാസം സമരക്കാർ കൂട്ടമായി ഡൽഹിയിലെത്തി രാഷ്ട്രപതിക്ക് നിവേദനം നൽകിയിരുന്നു. മഹാദായി നദീജല തർക്കവുമായി ബന്ധപ്പെട്ട് നാലുമാസത്തിനുള്ളിൽ ട്രൈബ്യൂണലിെൻറ വിധി വരും. അതുവരെ സമാധാന സമരവുമായി കാത്തിരിക്കാനാണ് കർഷകരുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
